ഖത്തീഫില്‍ തീവ്രവാദി സെല്‍ തകര്‍ത്തു: കുടുംബത്തിലെ ആറുപേര്‍ പിടിയില്‍

ദമ്മാം: ദമ്മാമിലെ ഖത്തീഫില്‍ തീവ്രവാദ കേസുകളില്‍ ബന്ധമുള്ള ഒരേ കുടുംബത്തിലെ ആറുപേരെ സുരക്ഷസേന അറസ്റ്റ് ചെയ്തു. ഖത്തീഫിലെ അവാമിയ്യയിലാണ് പൊലീസ് ഓപറേഷനിലൂടെ ആഭ്യന്തര മന്ത്രാലയം തിരയുന്ന കൊടുംകുറ്റവാളികളെ പിടികൂടിയത്. ചൊവ്വാഴ്ച പിടിയിലായ ഹുസൈന്‍ അല്‍ഫറജിന്‍െറ അറസ്റ്റോടെയാണ് ഇവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. 
അവാമിയ്യയിലെ അല്‍മസൂറ സ്ട്രീറ്റിലെ കുടുംബ വീട്ടില്‍ നിന്നാണ് പ്രതികളിലെ അധിക പേരെയും പിടികൂടിയത്. അവാമിയ്യ കേന്ദ്രീകരിച്ചാണ് ഇവര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. സ്വദേശി പൗരന്‍മാരായ ഹുസൈന്‍ മുഹമ്മദ് അലി അല്‍ഫറജ്, മുഹമ്മദ് അലി അബ്ദുറഹീം അല്‍ഫറജ്, അബ്ദുറഹീം അബ്ദുറഹീം അല്‍ഫറജ്, അലി ബിന്‍ അഹമദ് അല്‍ഫറജ്, ഹുസെന്‍ മുദുന്‍ അല്‍ഫറജ് എന്നിവരടങ്ങിയ തീവ്രവാദ സെല്ലാണ് തകര്‍ത്തത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട മാജിദ് അബ്ദുറഹീം അല്‍ഫറജ്, സല്‍മാന്‍ അലി സല്‍മാന്‍ അല്‍ഫറജ് എന്നീ പ്രതികള്‍ക്കായുള്ള തെരച്ചിലിലാണ് സുരക്ഷാ സേന. സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കല്‍, ആക്രമിച്ച് കവര്‍ച്ച നടത്തല്‍, പൊതു സ്വത്ത് നശിപ്പിക്കല്‍, അക്രമം അഴിച്ചുവിടല്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ വിവിധ തരത്തിലുള്ള ക്രിമിനല്‍ കേസുകളില്‍ പോലീസ് തിരയുന്ന പ്രതികളാണിവര്‍. 
സാധാരണക്കാര്‍ക്ക് നേരെ നടന്ന വെടിവെപ്പ് കേസില്‍ പോലീസ് തിരയുന്ന പ്രതിയാണ് ഹുസൈന്‍. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട 23 കൊടുംകുറ്റവാളികളുടെ പട്ടികയിലെ ഒരാളാണ് മുഹമ്മദ്. ചൊവ്വാഴ്ച പിടിയിലായ ഹുസൈന്‍ അല്‍ഫറജിന്‍െറ പിതാവാണ് ഇദ്ദേഹം. നിരവധി കേസുകളില്‍ പ്രതിയായ അബ്ദുറഹീം അബ്ദുറഹീം അല്‍ഫറജ് സുരക്ഷാ സേനയുമായി നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടതായാണ് വിവരം.  
നൂറുവര്‍ഷത്തോളം പഴക്കമുള്ള അവാമിയ്യയിലെ പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളുള്ള പ്രദേശമാണ് അവാമിയ്യയിലെ അല്‍മസുറ സ്ട്രീറ്റ്. ഈ പഴയ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരുന്നത്. പൊളിഞ്ഞുവീഴാറായ ഈ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് കിഴക്കന്‍ പ്രവിശ്യ നഗരസഭ.  

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.