തലക്ക് മുകളില്‍ മിസൈല്‍ പായുമ്പോഴും അവര്‍ ചോദിക്കുന്നു; നാട്ടിലേക്ക് പോയിട്ടെന്ത് കാര്യം?

നജ്റാന്‍: പച്ചപ്പിന്‍െറ നജ്റാന്‍ താഴ്വാരം വെടിയൊച്ചകളുടെ ഭൂമികയായതോടെ ജീവിതോപാധികള്‍ ഉപേക്ഷിച്ച് നാടണഞ്ഞ ഇന്ത്യക്കാരുടെ കണക്ക്  ആരുടെ കൈയിലുമില്ല. സൗദിയും യമനും അതിര്‍ത്തി പങ്കിടുന്ന  നജ്റാന്‍ നഗരത്തില്‍ യുദ്ധം വകവെക്കാതെ ജീവന്‍ പണയം വെച്ച് ഉപജീവനം തേടുന്ന മലയാളികള്‍  ഇപ്പോഴുമുണ്ട്. തലക്കു മുകളിലൂടെ ഷെല്ലുകളും മിസൈലുകളും പായുമ്പോഴും അവരുടെ ചോദ്യമിതാണ്. നാട്ടിലേക്ക് തിരിച്ചു പോയിട്ടെന്തുകാര്യം? താമസ, കച്ചവടകേന്ദ്രങ്ങളില്‍ ഏത് നിമിഷവും യമന്‍ അതിര്‍ത്തിയില്‍ നിന്ന് ഹൂതികള്‍ തൊടുത്തു വിടുന്ന ഷെല്ലുകളും മിസൈലുകളും വീഴുമെന്ന് പ്രതീക്ഷിക്കുമ്പോഴും നജ്റാന്‍ പട്ടണത്തില്‍ നിസ്സഹായതയോടെ ജീവിക്കുന്ന പ്രവാസികളെ കാണാം. പണിയില്ലാത്ത അവസ്ഥയില്‍  കടവരാന്തകളിലും മാര്‍ക്കറ്റ് പരിസരങ്ങളിലുമിരുന്ന് നേരം കളയുന്ന വിദേശികള്‍. അവരില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും ബംഗ്ളാദേശികളുമുണ്ട്. വല്ലാത്തൊരു നിസ്സഹായത അവരുടെ മുഖത്ത് നിഴലിക്കുന്നു. മുമ്പില്‍ മരണമുണ്ട്. എന്നാല്‍ ഇവിടെ നിന്ന് രക്ഷപ്പെട്ട് എങ്ങോട്ടാണ് പോവാനുള്ളത ് എന്നാണ് അവരുടെ ചോദ്യം. യമനിലെ ആഭ്യന്തരസംഘര്‍ഷത്തിന് നേതൃത്വം നല്‍കുന്ന ഹൂതി വിമതര്‍ അതിര്‍ത്തി മല കടന്ന് ആക്രമണം തുടരുകയാണ്.  അവരെ നേരിടാന്‍ സൗദി പട്ടാളം താഴ്്വാരത്തു കുടെ റോന്തു ചുറ്റുന്നു. റോഡരികില്‍ കിലോമീറ്ററുകളിടവിട്ട് പട്ടാള ക്യാമ്പുകള്‍. ചെക്പോസ്റ്റുകളില്‍ കര്‍ശന പരിശോധനകള്‍. എല്ലാവരുടെയും ചലനങ്ങളെ നിരീക്ഷിക്കാന്‍ വേഷം മാറി നടക്കുന്ന രഹസ്യപൊലീസ്.  പട്ടണത്തിലെയും പരിസരങ്ങളിലെയും സ്കൂളുകളെല്ലാം മിലിട്ടറിക്യാമ്പുകളായി മാറിയിരിക്കുന്നു.

കച്ചവട കേന്ദ്രങ്ങള്‍ ഉണങ്ങി വരണ്ടു. സ്വദേശി കുടുംബങ്ങള്‍ സൗദിയുടെ മറ്റ് ഭാഗങ്ങളിലേക്ക് കൂട് മാറിയിരിക്കുന്നു. സൗദിയിലെ മറ്റ് നഗരങ്ങളെ തോല്‍പിക്കുന്ന പരോഗതിയലേക്ക് കുതിക്കുന്നതിനിടെയാണ് നജ്റാന് ഈ ഗതികേട് വന്നിരിക്കുന്നത്.  2015-ലാണ് ഹൂതി വിമതരെ തുരത്തി യമനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍  സൗദി സഖ്യസേനയുടെ നേതൃത്വത്തില്‍ സൈനിക നടപടികള്‍ തുടങ്ങിയത്. എന്നാല്‍ യമനിലെ ആഭ്യന്തരസംഘര്‍ഷത്തിന് കനത്ത  വില നല്‍കേണ്ടി വന്നിരിക്കയാണ് നജ്റാന്‍. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട ഈ മനോഹരനഗരം മരുഭൂമിയിലെ പച്ചത്തരുത്താണ്. മിത ശീതോഷ്ണ കാലാവസ്ഥ. കാര്‍ഷികപുരോഗതിയുടെ  ഈറ്റില്ലം. പഴവും പച്ചക്കറികളും വിളഞ്ഞു നില്‍ക്കുന്ന പാടങ്ങള്‍.  ചുറ്റും രാജപാതകള്‍. യമനില്‍ മഴപെയ്താല്‍ പട്ടണത്തിലെ വാദിറോഡിന് സമാന്തരമായി പുഴയൊഴുകും. മലയിറങ്ങിവരുന്ന മഴവെള്ളത്തെ പരിപാലിക്കാന്‍ പട്ടണത്തിന് നടുവിലുടെ കനാല്‍ പണിതിട്ടുണ്ട്. ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും കണ്‍ നിറക്കുന്ന പട്ടണം പക്ഷെ യുദ്ധത്തിന്‍െറ താഴ്വാരമായതോടെ ശോഷിച്ചുപോയിരിക്കുന്നു. മലയാളികളുള്‍പെടെയുള്ളവര്‍ ഇതിനകം ഷെല്‍ പതിച്ച് മരിച്ചു. സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു. പൊട്ടിച്ചിതറുന്ന ഷെല്ലില്‍ നിന്ന് അതിശക്തിയോടെ തെറിക്കുന്ന മൂര്‍ച്ചയുള്ള ഇരുമ്പ് ചീളുകള്‍ താമസകേന്ദ്രങ്ങളുടെ ചുവരുകളില്‍ യുദ്ധത്തിന്‍െറ ആഴത്തിലുള്ള അടയാളങ്ങള്‍ തീര്‍ത്തിരിക്കുന്നു. രാത്രിയാവുമ്പോഴേക്കും ഭയം കൂടിവരികയാണെന്ന്  ഇവിടെ കഴിയുന്ന മലയാളികള്‍ ‘ഗള്‍ഫ്മാധ്യമ’ത്തോട് പറഞ്ഞു. 

‘‘ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയായിക്കാണും. കിടപ്പുമുറി കുലുങ്ങിവിറച്ചു. താമസകേന്ദ്രമായ ജുര്‍ബ പ്രദേശത്തിന് മുകളിലൂടെ ഭീകര ശബ്ദമുയര്‍ത്തി ഷെല്‍ പാഞ്ഞു. ഇരുമ്പ് ഷീറ്റിന്‍െറ മേല്‍കുരയുള്ള തന്‍െറ മുറിക്കുമുകളിലാണ് ഇത് പതിക്കാന്‍ പോവുന്നതെന്ന് തോന്നി. പക്ഷെ ഭയപ്പെടുത്തുന്ന ആ ശബ്ദം സഞ്ചരിച്ച് അല്‍പമകലെയുള്ള മലമുകളില്‍ വീണ് പൊട്ടിയതായി  മനസ്സിലായി’’എറണാകുളം സ്വദേശിയായ നിസാര്‍. പറഞ്ഞു. ‘‘എല്ലാം ഇട്ടെറിഞ്ഞ്  പോവണമെന്നുണ്ട്. സ്വന്തമായി നടത്തുന്ന കട വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പകുതി വിലപോലും കിട്ടാത്ത അവസ്ഥ. യുദ്ധം തീരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നതില്‍ അര്‍ഥമില്ല. ഇനി കിട്ടുന്നത് വാങ്ങി സ്ഥലം വിടണം’’ അദ്ദേഹം പറഞ്ഞു നിര്‍ത്തി. 

എറണാകുളം സ്വദേശി നിസാര്‍
 

യമനില്‍ നിന്ന് പാഞ്ഞു വരുന്ന ഷെല്ലുകള്‍ക്കും മിസൈലുകള്‍ക്കും ഇപ്പോള്‍ ശക്തി കൂടിവരികയാണ്. തുടക്കത്തില്‍ ശക്തി കുറവായിരുന്നു. ഇപ്പോഴുണ്ടാവുന്ന സ്ഫാടനങ്ങള്‍ക്ക് നജ്റാനെ കുലുക്കാന്‍ ശേഷിയുണ്ട്. ഹൂതികള്‍ക്ക് ഇറാന്‍െറ സഹായമുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് ഈ മാറ്റം. യമനില്‍ യുദ്ധം തുടങ്ങിയപ്പോള്‍ തന്നെ ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെട്ട് അവിടെ കുടുങ്ങിയ ഇന്ത്യകാരെ രക്ഷപ്പെടുത്തി നാട്ടിലത്തെിച്ചിരുന്നു. എന്നാല്‍ സൗദി അറേബ്യയുടെ യമന്‍ അതിര്‍ത്തി പട്ടണങ്ങളായ നജ്റാന്‍, ജീസാന്‍ എന്നിവിടങ്ങളില്‍ കഴിയുന്ന പ്രവാസികളെ കുറിച്ച് ആരും അന്വേഷിക്കുന്നില്ല.

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.