സൗദി ഡകർ റാലിയിൽ പങ്കെടുത്ത മത്സരാർഥിയുടെ മോട്ടോർ സൈക്കിൾ തകർന്നപ്പോൾ സഹായിക്കുന്ന സൗദി യുവാവ്
യാംബു: സൗദി ഡകർ റാലിയിൽ പങ്കെടുത്ത മത്സരാർഥിയുടെ മോട്ടോർ സൈക്കിൾ തകർന്നപ്പോൾ സഹായഹസ്തവുമായി ഓടിയെത്തിയ സൗദി യുവാക്കളുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. സൗദി മോട്ടോർ സൈക്കിൾ ഫെഡറേഷെൻറ സഹകരണത്തോടെ സൗദി സ്പോർട്സ് മന്ത്രാലയം സംഘടിപ്പിക്കുന്ന ഡകർ റാലി 2021ൽ പങ്കെടുക്കുന്ന റൈഡറാണ് മോട്ടോർ സൈക്കിൾ തകർന്ന് സഞ്ചാരവഴിയിൽ കുടുങ്ങിയത്.
ബീഷയിൽനിന്ന് വാദി അൽദവാസിറിലേക്ക് പോകുന്നതിനിടയിലായിരുന്നു വാഹനത്തിന് കേടുപാടുണ്ടായത്. വളരെ അകലെനിന്ന് കണ്ട ഒരുകൂട്ടം സൗദി യുവാക്കൾ കുതിച്ചെത്തുകയും എല്ലാ സഹായവും നൽകുകയും ചെയ്തു. 'നിങ്ങൾ സന്തോഷിക്കുക, സുരക്ഷയും സമാധാനവുമുള്ള സൗദിയിലാണ് താങ്കൾ ഇപ്പോൾ ഉള്ളത്'എന്ന യുവാക്കളുടെ ഉറച്ച വാക്കുകളടങ്ങുന്ന ദൃശ്യങ്ങളാണ് അറബ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. വാഹനം തകരാറിലായപ്പോൾ ഓടിയെത്തി വേണ്ടതെല്ലാം ചെയ്യാൻ ആവേശം കാണിച്ച സൗദി യുവാക്കളെ വിദേശിയായ മത്സരാർഥി അഭിനന്ദിക്കുന്നതും യുവാക്കൾ പിക്കപ്പ് വാഹനം കൊണ്ടുവന്ന് മോട്ടോർ സൈക്കിൾ അതിൽ കയറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. വിനോദസഞ്ചാരികളോടും മത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്ന വിദേശികളോടും സൗദി യുവാക്കൾ കാണിക്കുന്ന ബഹുമാനവും ആതിഥ്യമര്യാദകളും ഇതിനകം ശ്രദ്ധേയമായതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ലോകമെമ്പാടുമുള്ള 500ലധികം മത്സരാർഥികൾ മാറ്റുരക്കുന്ന ഡകർ റാലി ഏറ്റവും വെല്ലുവിളി നിറഞ്ഞതും കൂടുതൽ അപകട സാധ്യതയുമുള്ള ഒരു മത്സരംകൂടിയാണ്. രണ്ടാം തവണയാണ് സൗദി ഈ മത്സരത്തിന് ആതിഥേയത്വം നൽകുന്നത്. ജിദ്ദയിൽ കഴിഞ്ഞ ഞായറാഴ്ച തുടക്കംകുറിച്ച മത്സരം 13 ദിവസം നീണ്ടു നിൽക്കും. സാഹസികത നിറഞ്ഞ ഈ റാലി 10 പട്ടണങ്ങളിലൂടെ കടന്നുപോകും. 7600 കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കുന്ന റാലിയെ വർധിച്ച ആവേശത്തോടെയാണ് സൗദി യുവാക്കളും സ്പോർട്സ് പ്രേമികളും വരവേൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.