അന്താരാഷ്ട്ര സയൻസ് ആൻഡ് എൻജിനീയറിങ് മേളയിൽ അവാർഡുകളുടെ തിളക്കത്തിൽ സൗദി അറേബ്യൻ ടീം
റിയാദ്: അമേരിക്കയിലെ ഒഹായോയിലെ കൊളംബസിൽ നടന്ന റെജനെറോൺ ഇൻറർനാഷനൽ സയൻസ് ആൻഡ് എൻജിനീയറിങ് എക്സ്ബിഷനിൽ (ഐ.എസ്.ഇ.എഫ് 2025) 23 അവാർഡുകൾ നേടി സൗദി അറേബ്യ. അവാർഡുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. കിങ് അബ്ദുൽ അസീസ് ആൻഡ് ഹിസ് കമ്പാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്നെസ് ആൻഡ് ക്രിയേറ്റിവിറ്റി (മൗഹിബ)യാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഐ.എസ്.ഇ.എഫ് 2025 എക്സിബിഷനിൽ നേടിയ പ്രധാന അവാർഡുകളുടെ എണ്ണത്തിലാണ് അമേരിക്കക്കുശേഷം ആഗോളതലത്തിൽ സൗദി രണ്ടാം സ്ഥാനത്തെത്തിയത്. 40 പുരുഷ-വനിതാ വിദ്യാർഥികൾ ഉൾപ്പെടുന്ന സൗദി ടീം 23 അന്താരാഷ്ട്ര അവാർഡുകൾ നേടി. 14 പ്രധാന അവാർഡുകളും ഒമ്പത് പ്രത്യേക സമ്മാനങ്ങളും ഇതിലുൾപ്പെടും.ലോകമെമ്പാടുമുള്ള 70 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 1700 ൽ അധികം പുരുഷ-വനിതാ വിദ്യാർഥികൾ പങ്കെടുത്ത പ്രദർശനത്തിലാണ് ഇത്രയും നേട്ടങ്ങൾ കരസ്ഥമാക്കിയത്.
ഐ.എസ്.ഇഎഫ് 2025 എക്സിബിഷനിൽ സൗദി 23 അന്താരാഷ്ട്ര അവാർഡുകൾ നേടിയതായി ‘മൗഹിബ’ ആക്ടിങ് സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അൽ ശരീഫ് പറഞ്ഞു. ശാസ്ത്ര, നവീകരണ മേഖലകളിൽ സമ്പന്നമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് സംഭാവന ചെയ്യുന്ന ഇത് രാജ്യത്തെ ജനങ്ങളുടെ കഴിവുകളെയും ഭരണകൂട പിന്തുണയുമാണ് പ്രതിഫലിപ്പിക്കുന്നത്.‘മൗഹിബ’യും വിദ്യാഭ്യാസ മന്ത്രാലയവും അവരുടെ പങ്കാളികളും തമ്മിലുള്ള സംയോജിത ശ്രമങ്ങളുടെ പരിസമാപ്തിയാണ് ഈ നേട്ടമെന്നും അൽശരീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.