റിയാദ്: സൗദി അറേബ്യയുടെ സമഗ്ര വികസന പദ്ധതിയായ ‘വിഷൻ 2030’ ഒമ്പതാം വർഷത്തിലേക്ക് കടന്നു. ഇതിനകം വിവിധ മേഖലകളിലും തലങ്ങളിലും ലക്ഷ്യങ്ങൾ കൈവരിച്ചെന്ന് റിപ്പോർട്ട്. 2024-ലെ വിഷൻ സൂചകങ്ങളിലും നേട്ടങ്ങളിലും കൈവരിച്ച പുരോഗതി അവലോകനം ചെയ്യുന്ന ‘സൗദി വിഷൻ 2030’ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ട് നേട്ടങ്ങൾ കൈവരിച്ച പരിപാടികൾക്കൊപ്പം ദേശീയ പദ്ധതികളെ അഭിസംബോധന ചെയ്യുന്നുണ്ട്.
കഴിഞ്ഞ ഒമ്പത് വർഷത്തെ വിഷൻ പ്രവർത്തനങ്ങളുടെ കണക്കുകൾ, സാങ്കേതിക ഡാറ്റ, വിജയഗാഥകൾ എന്നിവയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എല്ലാ മേഖലകളിലും സർവതലങ്ങളിലും വിഷൻ പരിപാടികളും സംരംഭങ്ങളും വാർഷിക റിപ്പോർട്ട് അവലോകനം ചെയ്തിട്ടുണ്ട്. മിക്ക ലക്ഷ്യങ്ങളിലും വ്യക്തമായ പുരോഗതിക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. നാല് സൂചകങ്ങൾ കൂടി കൃത്യമായ ലക്ഷ്യം കൈവരിച്ച സാഹചര്യത്തിലാണ് അവലോകനം. കഴിഞ്ഞവർഷം 29 സൂചകങ്ങൾ ലക്ഷ്യം മറികടന്നു. 13 സൂചകങ്ങൾ ഭാഗികമായും ലക്ഷ്യം കൈവരിച്ചു. മൂന്ന് സൂചകങ്ങൾ ആവശ്യമായ നിലയിലും താഴെയാണ്. വിഷന്റെ 85 ശതമാനം പരിപാടികളും പൂർത്തിയായി അല്ലെങ്കിൽ ശരിയായ ദിശയിൽ പോകുന്നു.
വിഷൻ സൂചകങ്ങളിൽ 93 ശതമാനവും ഇടക്കാല ലക്ഷ്യങ്ങൾ നേടിയെടുത്തു അല്ലെങ്കിൽ അതിനെ മറികടന്നു അല്ലെങ്കിൽ 2024ൽ അത് കൈവരിക്കുന്നതിന് അടുത്തെത്തി എന്നിവയും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. 2016-ൽ വിഷൻ ആരംഭിച്ചപ്പോൾ തൊഴിലില്ലായ്മ 12 ശതമാനത്തിൽ നിന്ന് 2024-ന്റെ നാലാം പാദത്തിൽ ഏഴ് ആയി കുറഞ്ഞു. 2030-ലെ ലക്ഷ്യത്തേക്കാൾ 11.6 കോടി വിനോദസഞ്ചാരികളെ രാജ്യത്തിന് ലഭിച്ചു.
വിദേശ കമ്പനികളുടെ മേഖല ആസ്ഥാനങ്ങൾ സൗദിയിലേക്ക് കൊണ്ടുവരണം എന്ന ലക്ഷ്യത്തെ നിക്ഷേപ മന്ത്രാലയം മറികടന്നു. ഇതുവരെ 571 കമ്പനികൾ 2024 മധ്യപൂർവേഷ്യൻ മേഖല ആസ്ഥാനങ്ങൾ സൗദിയിലേക്ക് മാറ്റി. ഡിജിറ്റൽ ഗവൺമെന്റ് വികസനത്തിൽ രാജ്യം ആഗോളതലത്തിൽ ആറാം സ്ഥാനത്തെത്തി ഉയർന്ന സ്ഥാനങ്ങൾ കൈവരിച്ചു. 2030-ൽ സന്നദ്ധപ്രവർത്തകരുടെ എണ്ണം 12.3 ലക്ഷം എത്തിക്കണമെന്ന ലക്ഷ്യം 2024-ൽ തന്നെ മറികടന്നു. രാജ്യത്ത് സ്വന്തമായി ഭവനമുള്ളവരുടെ എണ്ണം 65.4 ശതമാനമായി. വിഷൻ ലക്ഷ്യത്തിന്റെ അടുത്തെത്തി ഇത്.
വിഷൻ 2030 ലക്ഷ്യങ്ങൾ സമ്പദ്വ്യവസ്ഥയെ വികസിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള ശക്തമായ പാത തുടരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ജി.ഡി.പി 2016-ലെ 2.6 ലക്ഷം കോടി റിയാലിൽനിന്ന് 2024-ൽ 1.3 ശതമാനം വർധിച്ച് 3.5 ലക്ഷം കോടി റിയാലായി ഉയർന്നു. എണ്ണയിതര ജി.ഡി.പിയും കഴിഞ്ഞ വർഷം 3.9 ശതമാനം ഉയർന്ന് 1.8 ലക്ഷം കോടി റിയാലിലെത്തി. ഇത് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 51 ശതമാനം വരും. ഇത് സൗദി സമ്പദ്വ്യവസ്ഥയിലെ ഏറ്റവും ഉയർന്ന സംഭാവനയാണ്. എണ്ണയിതര പ്രവർത്തനങ്ങളിൽ 4.3 ശതമാനം വളർച്ചക്ക് കാരണമായി. 2024-ലും എണ്ണയിതര വരുമാനം വർധിച്ചു. എണ്ണയിതര കയറ്റുമതിയിൽ കഴിഞ്ഞ വർഷം വളർച്ച രേഖപ്പെടുത്തി.
വ്യോമയാന മേഖലയിലെ 18 നഗരങ്ങളുമായി രാജ്യത്തെ ബന്ധിപ്പിക്കുന്ന 60 പുതിയ എയർ റൂട്ടുകളുണ്ടായി. 60-ലധികം പുതിയ എയർ റൂട്ടുകളും 18 പുതിയ നഗരങ്ങളും സൃഷ്ടിക്കുന്നതിന് എയർ കണക്റ്റിവിറ്റി പ്രോഗ്രാം സംഭാവന നൽകിയതായി വാർഷിക റിപ്പോർട്ട് സൂചിപ്പിച്ചു. 2023-ഓടെ 10 കോടി വിനോദസഞ്ചാരികളെ എത്തിച്ചുകൊണ്ട് സൗദി ടൂറിസം മേഖലയുടെ അതുല്യമായ നേട്ടം കഴിഞ്ഞ വർഷം രാജ്യം ആഘോഷിച്ചു.
ഇതോടെ ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലൊന്ന് ഏഴു വർഷം മുമ്പേ കൈവരിക്കാൻ കഴിഞ്ഞു. രാജ്യത്തിന് പുറത്തുനിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണം 2024-ൽ 1.692 കോടിയിലധികം എത്തി. 2030-ഓടെ മൂന്ന് കോടി തീർഥാടകരിലെത്തിക്കുകയാണ് വിഷന്റെ പരമമായ ലക്ഷ്യം.
ജിദ്ദ: ‘വിഷൻ 2030’ന്റെ നേട്ടങ്ങൾ സൗദിയെ പരിവർത്തനത്തിന്റെ ആഗോള മാതൃകയാക്കിയതായി സൽമാൻ രാജാവ്. 2024-ലെ വിഷൻ 2030 വാർഷിക റിപ്പോർട്ട് പുറത്തിറക്കവേയാണ് സൗദി ഭരണാധികാരി രാജ്യത്തിന്റെ നേട്ടത്തെ എടുത്തുപറഞ്ഞത്. കഴിഞ്ഞ ഒമ്പത് വർഷത്തെ വിഷന്റെ നേട്ടങ്ങളെ സൽമാൻ രാജാവ് പ്രശംസിച്ചു. ഭാവി തലമുറകൾക്ക് സുസ്ഥിര വികസനം കൈവരിക്കുന്നതിന് നിർമാണത്തിന്റെയും സമൃദ്ധിയുടെയും പ്രയാണം തുടരുന്നു.
സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും
ഒരു ദശാബ്ദത്തിനുള്ളിൽ സൗദി കൈവരിച്ച നേട്ടങ്ങൾക്ക് ദൈവത്തിന് നന്ദി. എല്ലാ തലങ്ങളിലുമുള്ള പരിവർത്തനങ്ങൾക്ക് വിഷൻ ആഗോള മാതൃകയാക്കി. പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കാൻ തങ്ങളുടെ പ്രയത്നങ്ങൾ അർപ്പിച്ച രാജ്യത്തെ പൗരന്മാരിൽ അഭിമാനിക്കുന്നു. ഭാവി തലമുറകൾക്ക് കൂടുതൽ സുസ്ഥിരമായ വികസനം കൈവരിക്കുന്നതിനായി ഒരുമിച്ച് നിർമാണ പ്രക്രിയ തുടരുമെന്നും സൽമാൻ രാജാവ് പറഞ്ഞു. നമ്മുടെ രാജ്യത്തെ പുത്രന്മാരുടെയും പുത്രിമാരുടെയും നേട്ടങ്ങളിൽ അഭിമാനിക്കുന്നുവെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
വെല്ലുവിളികൾ തങ്ങളുടെ അഭിലാഷങ്ങൾക്ക് തടസ്സമാകുന്നില്ലെന്ന് അവർ തെളിയിച്ചു. ഞങ്ങൾ ലക്ഷ്യങ്ങൾ കൈവരിക്കുകയും അവയിൽ ചിലത് മറികടക്കുകയും ചെയ്തു. ഞങ്ങളുടെ ശ്രമങ്ങൾ ഇരട്ടിയാക്കാനും നടപ്പാക്കലിന്റെ വേഗത ത്വരിതപ്പെടുത്താനും എല്ലാ അവസരങ്ങളും മുതലാക്കാനും ആഗോള തലത്തിൽ ഒരു മുൻനിര രാജ്യമെന്ന നിലയിൽ സൗദിയുടെ സ്ഥാനം വർധിപ്പിക്കാനുമുള്ള ദൃഢനിശ്ചയം ഞങ്ങൾ പുതുക്കുന്നു. ‘വിഷൻ 2030’ന്റെ ഒമ്പതാം വർഷത്തിലാണിപ്പോൾ. അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള യാത്ര തുടരും. നടപ്പാക്കലിന്റെ വേഗത ത്വരിതപ്പെടുത്തുകയും രാജ്യത്തിന്റെ ആഗോള നില മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ അവസരങ്ങളിലും നിക്ഷേപിക്കുകയും ചെയ്യുമെന്നും കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.