അൽ ഖർജ് പ്രിൻസ് അബ്ദുൽ അസീസ് യൂനിവേഴ്സി
യാംബു: ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരത്തിൽ സൗദിയിലെ വിവിധ സർവകലാശാലകൾ. 2026ലെ ടൈംസ് ഹയർ എജുക്കേഷൻ വേൾഡ് യൂനിവേഴ്‌സിറ്റി റാങ്കിങ്ങിൽ 250ലധികം വിവിധ ഇനങ്ങളിലെ സ്ഥാനങ്ങൾ സൗദിയിലെ വിവിധ യൂനിവേഴ്സിറ്റികൾക്ക് ലഭിച്ചതായി റിപ്പോർട്ട്. അൽ ഖർജ് നഗരത്തിൽ സ്ഥിതിചെയ്യുന്ന പൊതു സർവകലാശാലയായ പ്രിൻസ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയാണ് രാജ്യത്തെ മികവുറ്റ സ്ഥാനം ലഭിച്ച യൂനിവേഴ്‌സിറ്റി.
ആഗോള റാങ്കിങ്ങിൽ 601-800 ശ്രേണിയിൽ ശ്രേണിയിൽ ഉണ്ടായിരുന്ന സൗദി സർവകലാശാലകൾ ഇപ്പോൾ 401-500 ശ്രേണിയിലായി. അക്കാദമിക്, ഗവേഷണ മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ബൃഹത്തായ ശ്രമങ്ങളെ ആഗോള അംഗീകാരങ്ങൾ എടുത്തുകാണിച്ചു.
കഴിഞ്ഞ ദിവസം കിങ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ആതിഥേയത്വം വഹിച്ച ദ വേൾഡ് അക്കാദമിക് ഉച്ചകോടിയിലാണ് രാജ്യത്തെ യൂനിവേഴ്സിറ്റി രംഗത്തുണ്ടായ പുരോഗതി പ്രഖ്യാപിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യോഗ്യതയുള്ള ഫാക്കൽറ്റികളെ ആകർഷിക്കുന്നതിലും ഗവേഷണ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും ഗുണനിലവാരം അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ നടപ്പിലാക്കുന്നതിലും സർവകലാശാല ശ്രദ്ധ കേന്ദ്രീകരിച്ചതാണ് പുരോഗതിക്ക് വഴിവെച്ചതെന്ന് വിലയിരുത്തുന്നു.
ആഗോള സൂചകങ്ങളിൽ സർവകലാശാലകളുടെ സ്ഥാനങ്ങളുടെ പുരോഗതി രാജ്യത്തിന്റെ വിഷൻ 2030 ന്റെയും മനുഷ്യശേഷി വികസന പരിപാടിയുടെയും പുരോഗതിയെ അടിവരയിടുന്നു. സൗദി സർവകലാശാലകളിൽ മുൻ നിരയിലുള്ള കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി വിദ്യാഭ്യാസ ത്തിനും ഗവേഷണത്തിനുമുള്ള മഹത്തായ ഒരു സ്ഥാപനമായി ആഗോളതലത്തിൽ തന്നെ ഇതിനകം അടയാളപ്പെടുത്തിക്കഴിഞ്ഞു.
ഉന്നത വിദ്യാഭ്യാസവും ആഗോള മത്സരക്ഷമതയും വർദ്ധിപ്പിക്കുക എന്ന വിഷൻ 2030 ന്റെ ലക്ഷ്യത്തിന് അനുസൃതമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നിവയോടുള്ള സർവകലാശാലയുടെ പ്രതിബദ്ധതയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.