റിയാദ്: സൗദി അറേബ്യയിലെ ട്രെയിൻ സർവിസുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും റെയിൽ വഴി നടത്തുന്ന ചരക്കുനീക്കത്തിലും വലിയ വർധനവ് രേഖപ്പെടുത്തി. 2026-ലെ രണ്ടാം പാദത്തിൽ (ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ) മാത്രം 3.8 കോടിയിലധികം ആളുകൾ രാജ്യത്തെ വിവിധ ട്രെയിനുകളിൽ യാത്ര ചെയ്തതായി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഇതിനുപുറമേ, വികസന ആവശ്യങ്ങൾക്കായുള്ള 37 ലക്ഷം ടൺ ധാതുക്കളും മറ്റ് സാധന സാമഗ്രികളും 47,000 വലിയ ചരക്ക് കണ്ടെയ്‌നറുകളും ഇക്കാലയളവിൽ ട്രെയിനുകൾ വഴി സുരക്ഷിതമായി എത്തിച്ചു. സൗദിയിലെ പ്രധാന നഗരങ്ങൾക്കുള്ളിൽ ഓടുന്ന ട്രെയിനുകളിൽ ആകെ 3.6 കോടി ആളുകളാണ് യാത്ര ചെയ്തത്. ഇതിൽ സിംഹഭാഗവും റിയാദ് മെട്രോയിലാണ് രേഖപ്പെടുത്തിയത്. 2.97 കോടി യാത്രക്കാരാണ് റിയാദ് മെട്രോയെ ആശ്രയിച്ചത്.
കൂടാതെ, കിങ് അബ്ദുൽഅസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ ഓടുന്ന ഓട്ടോമേറ്റഡ് ട്രെയിൻ സർവീസ് 39 ലക്ഷം ആളുകളും, മക്കയിലെ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന മശാഇർ ട്രെയിൻ വഴി 19 ലക്ഷം പേരും യാത്ര ചെയ്തു. റിയാദിലെ അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ വനിതാ സർവകലാശാലാ കാമ്പസിനുള്ളിലെ ട്രെയിനിൽ 6,35,000 പേരും യാത്ര ചെയ്തു.
രാജ്യത്തെ പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ദീർഘദൂര ട്രെയിൻ സർവിസുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. മക്ക, മദീന, ജിദ്ദ, കിങ് അബ്ദുൽഅസീസ് വിമാനത്താവളം, കിങ് അബ്ദുള്ള എക്കണോമിക് സിറ്റി എന്നിവയെ ബന്ധിപ്പിക്കുന്ന ഹറമൈൻ ഹൈസ്പീഡ് അതിവേഗ ട്രെയിനിൽ 16 ലക്ഷം ആളുകൾ യാത്ര ചെയ്തു.
തലസ്ഥാനമായ റിയാദിനെ ഹുഫൂഫ്, അബ്ഖൈഖ് വഴി ദമ്മാമുമായി ബന്ധിപ്പിക്കുന്ന ഈസ്റ്റ് ട്രെയിൻ ലൈനിൽ 3,89,000 യാത്രക്കാരും, റിയാദിൽനിന്ന് തുടങ്ങി മജ്മഅ, ഖസീം, ഹാഇൽ, അൽ ജൗഫ്, അൽ ഖുറയ്യാത്ത് വരെ നീളുന്ന നോർത്ത് ട്രെയിൻ റൂട്ടിൽ 2,46,000 പേരും സഞ്ചരിച്ചു.ചരക്കു ഗതാഗത രംഗത്തും റെയിൽവേ മികച്ച നേട്ടമുണ്ടാക്കി.
സൗദി റെയിൽവേയുടെ ‘സാർ നോർത്ത്’ ശൃംഖല വഴി 33 ലക്ഷം ടൺ ചരക്കുകളും, ‘സാർ ഈസ്റ്റ്’ വഴി 3,96,000 ടൺ ചരക്കുകളും നീക്കം ചെയ്തു. ഇതിനൊപ്പം 47,000 കണ്ടെയ്‌നറുകളും കൈമാറ്റം ചെയ്തു. രാജ്യത്തെ തുറമുഖങ്ങളും വ്യാവസായിക മേഖലകളും തമ്മിലുള്ള ബന്ധം ഉറപ്പാക്കാനും സപ്ലൈ ചെയിൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കാനും റെയിൽവേ വഴിയുള്ള ചരക്കുനീക്കം വലിയ സഹായമാകുന്നുണ്ടെന്ന് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.