ജി.സി.സിയിൽ നിന്ന് പ്രവാസികളയച്ചത് 161 ബില്യൺ ഡോളർ; 13.6 ശതമാനത്തിന്റെ വർധന

മസ്‌കത്ത്: ജി.സി.സി രാജ്യങ്ങളിൽനിന്ന് വിദേശത്തേക്ക് അയച്ച പണത്തിൽ റെക്കോഡ് വർധന. 2025ൽ 161 ബില്യൺ ഡോളറാണ് പ്രവാസി തൊഴിലാളികൾ ജി.സി.സി രാജ്യങ്ങളിൽനിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചത്. ഇതോടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പണമയക്കുന്ന മേഖലയായി ജി.സി.സി മാറി. 2024നെ അപേക്ഷിച്ച് 13.6 ശതമാനത്തിന്റെ വർധനയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്.

ഏകദേശം 19 ബില്യൺ ഡോളറിന്റെ വർധനവാണിത്. ഗൾഫ് സഹകരണ കൗൺസിലിന്റെ സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. ജി.സി.സി രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 6.6 ശതമാനമാണ് 2025ൽ വിദേശത്തേക്ക് അയച്ച പണം. 2024ൽ ഇത് ആറു ശതമാനമായിരുന്നു. 2023ൽ 5.7 ശതമാനവും 2022ൽ 5.6 ശതമാനവുമായിരുന്നു.

ആഗോളതലത്തിൽ പണമയക്കുന്ന പ്രധാന രാജ്യങ്ങളിൽ അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. 107 ബില്യൺ ഡോളറാണ് അമേരിക്കയിൽനിന്ന് 2025ൽ വിദേശത്തേക്ക് അയച്ചത്. സ്വിറ്റ്‌സർലൻഡിൽനിന്ന് 43 ബില്യൺ ഡോളറും ജർമനിയിൽനിന്ന് 27 ബില്യൺ ഡോളറും ഫ്രാൻസിൽനിന്ന് 21 ബില്യൺ ഡോളറും അയച്ചു.

ജി.സി.സി രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വർധനയും സാമ്പത്തിക പ്രവർത്തനങ്ങളുടെ വികാസവും പണമയക്കൽ ഉയരാൻ കാരണമായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രവാസികൾ അയക്കുന്ന പണം അവരുടെ മാതൃരാജ്യങ്ങളിലെ കുടുംബങ്ങളുടെ വരുമാനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നിർണായകമാണന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Expats remitted $161 billion from the GCC; a 13.6% increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.