ജിദ്ദ: സൗദിയിൽ ടൂറിസം വിസ അനുവദിക്കുന്ന ആദ്യഘട്ടത്തിലെ രാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. 65 രാജ്യങ്ങളുടെ ഇൗ പട്ടികയിൽ ഇന്ത്യ ഇല്ല. ഷെങ്ഗൻ മേഖലയിലെ (യൂറോപ്) രാജ്യങ്ങൾക്കാണ് പ്രഥമ പരിഗണന. വരും ആഴ്ചകളിൽ ഇവിടെ നിന്നുള്ള സഞ്ചാരികൾ എത്തുമെന്നാണ് റിപ്പോർട്ട്. അമേരിക്ക, ജപ്പാൻ, ചൈന, സിംഗപ്പൂർ, മലേഷ്യ, ബ്രൂണൈ, ആസ്ട്രേലിയ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്.
സംഘങ്ങൾക്കാണ് വിസ ലഭിക്കുക. ചുരുങ്ങിയത് നാലുപേർ ഉള്ള സംഘമായിരിക്കണം. ഇലക്ട്രോണിക് സംവിധാനത്തിലൂടെയായിരിക്കും വിസാ നടപടികൾ. വിസ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയും വേണ്ട നിബന്ധനകളും കഴിഞ്ഞദിവസം ടൂറിസം അതോറിറ്റി പ്രസിദ്ധീകരിച്ചു.
വിസ നമ്പർ ലഭിച്ചാൽ അംഗീകൃത കമ്പനികൾ വഴിയാണ് പാസ്പോർട്ട് സംബന്ധമായ നടപടികൾ പൂർത്തിയാക്കേണ്ടത്. വിദേശ രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റുകളെ കൊണ്ടുവരാനും രാജ്യത്ത് നിന്ന് മടങ്ങുന്നതുവരെ വേണ്ട സേവനങ്ങൾക്കും ലൈസൻസ് ലഭിച്ച വകുപ്പിന് കീഴിലായിരിക്കണം ടൂറിസ്റ്റുകളുടെ വരവ്. 30 വയസിന് മുകളിലുള്ള വനിതകൾക്ക് പുരുഷബന്ധുവിനെ (മഹ്റം) കൂടാതെ എത്താം. അതിന് താഴെയുള്ളവർക്ക്മഹ്റം വേണ്ടിവരും.
അമുസ്ലിങ്ങൾക്ക് പ്രവേശനം നിരോധിച്ച മക്കയും മദീനയും ടൂറിസം യാത്രയിൽ ഉൾപ്പെടില്ല. ടൂറിസം വിസ നൽകപ്പെടുന്ന രാജ്യങ്ങളിലുള്ളവർ മറ്റ് ഏതെങ്കിലും രാജ്യത്ത് താമസിക്കുന്നവരാണെങ്കിൽ ടൂറിസം വകുപ്പിെൻറ അംഗീകാരമുള്ള ഏജൻസികൾ മുഖേന വിസ നടപടികൾ പൂർത്തിയാക്കി വരാവുന്നതാണ്. സൗദിയിലേക്ക് വരാനാഗ്രഹിക്കുന്ന ടൂറിസ്റ്റുകൾക്ക് സൗദിയിലെ അംഗീകൃത ടൂറിസം ഏജൻസികളുടെ വിവരങ്ങൾ ടൂറിസം വകുപ്പ് വെബ് സൈറ്റിൽ നിന്ന് ലഭിക്കും. സൗദി എയർലൈൻസ് വഴിയോ, വിദേശത്തെ അംഗീകൃത ഏജൻസികൾ വഴിയോ ടൂറിസ്റ്റുകൾ വിസകൾ ലഭിക്കുമെന്നും നിർദേശത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.