റിയാദ്: പിറന്ന നാട്ടിലേക്ക് മട--ങ്ങാൻ 33 വർഷത്തിന് ശേഷം അയാളൊരുങ്ങി. വിമാന ടിക്കറ്റ് എത്തും മുമ്പ് മരണം വന്ന് കൂട്ടിക്കൊണ്ടുപോയി. തമിഴ്നാട്ടിലെ തഞ്ചാവൂർ, കുംഭകോണം മേലേകാവേരി സ്വദേശി അബ്ദുറഹ്മാനാണ് (63) വിധിക്ക് വഴങ്ങേണ്ടിവന്നത്. റിയാദിൽ നിന്ന് 200 കിലോമീറ്ററകലെ ദവാദ്മി ജനറൽ ആശുപത്രിയിൽ രണ്ട് മാസമായി ചികിത്സയിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച രാവിലെ 10നാണ് മരിച്ചത്. രക്തം ഛർദ്ദിച്ച ശേഷം പിടഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു. നാട്ടിൽ കയറ്റിവിടാനായി ഡിസ്ചാർജ് വാങ്ങാൻ മലയാളി സാമൂഹിക പ്രവർത്തകൻ ഹുസൈൻ എടരിക്കോട് ആശുപത്രി ഡയറക്ടർ മർസൂഖിെൻറ അടുത്തെത്തി സംസാരിച്ചിരിക്കുേമ്പാഴാണ് രോഗിയുടെ നില വഷളായെന്ന് നഴ്സ് അറിയിച്ചത്. വാർഡിലേക്ക് ഒാടിയെത്തുേമ്പാഴേക്കും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. എക്സിറ്റ് വിസ ശരിയായെങ്കിലും ഭാരിച്ച തുകയുടെ ആശുപത്രി ബില്ല് യാത്രക്ക് തടസ്സമായി നിൽക്കുകയായിരുന്നു. 33 വർഷമായി നാട്ടിൽ പോയിട്ടില്ലെന്നും നിർധനനുമാണെന്ന് അറിഞ്ഞതോടെ സൗദി ആരോഗ്യ മന്ത്രാലയം 40,000ത്തോളം റിയാലിെൻറ ബില്ല് എഴുതിതള്ളാൻ തയാറായി. ഇൗ വിവരം ഞായറാഴ്ച വൈകീട്ടാണെത്തിയത്.
ഇക്കാര്യം പറഞ്ഞ് ആശുപത്രിയിൽ നിന്ന് വിളി വന്നതിനെ തുടർന്ന് ഹുസൈൻ പിറ്റേന്ന് രാവിലെ തന്നെ അവിടെയെത്തി ഡിസ്ചാർജിനും വിമാനടിക്കറ്റിനുമുള്ള ശ്രമങ്ങളാരംഭിക്കുകയും ചെയ്തു. എന്നാൽ വിധി മറ്റൊന്നായി. 30ാം വയസിൽ സൗദിയിലെത്തിയ അബ്ദുറഹ്മാൻ ഇനിയൊരിക്കലും പിറന്ന നാട്ടിലേക്ക് മടങ്ങില്ല. ദവാദ്മിയിൽ തന്നെ ഖബറടക്കാൻ നാട്ടിൽ ആകെയുള്ള ഉറ്റ ബന്ധുക്കളായ ഉമ്മ ഹലീമ ബീവിയും ഏക കൂടപിറപ്പ് ഫാത്തിമയും സമ്മത പത്രം നൽകി കഴിഞ്ഞു. ദവാദ്മിയിലെ ഒരു നിർമാണ കമ്പനിയിലേക്ക് ഹെൽപർ വിസയിലാണ് ഇയാൾ വന്നത്. കെട്ടിട, കുഴൽക്കിണർ നിർമാണ ജോലികൾ ചെയ്തു. ഇതിനിടയിൽ വാഹനമിടിച്ച് രണ്ട് തവണ ആശുപത്രിയിലായി. പല്ല് മുഴുവൻ പോയി. കൃത്രിമ പല്ല് വെയ്ക്കേണ്ടിവന്നു. പിന്നീട് ദവാദ്മിയിൽ തന്നെ കുറച്ച് കൃഷി ഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി നടത്തി. സമ്പാദിച്ചതെല്ലാം കൊണ്ട് പെങ്ങളുടെ കല്യാണം നടത്തി. ഇതിനിടയിലുണ്ടായ അപകടങ്ങൾ കണക്കുകൂട്ടലുകൾ തെറ്റിച്ചു. വലിയ സാമ്പത്തിക ബാക്കിയായി. പച്ചക്കറി കൃഷിയും പച്ച പിടിച്ചില്ല. നാട്ടിൽ പോകാനായില്ല. കാലം കടന്നുപോയി. വിവാഹവും കഴിച്ചില്ല. ഒടുവിലത്തെ അഞ്ചു വർഷം ദവാദ്മിയിലെ ജി.എം.സി സർവീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടയിലാണ് രണ്ട് മാസം മുമ്പ് റോഡിൽ തളർന്നുവീണു ആശുപത്രിയിലായത്.
അസുഖത്തിന് ഒരുവിധം ശമനമായപ്പോഴാണ് നാട്ടിൽ അയക്കാൻ ദവാദ്മി കെ.എം.സി.സി ഭാരവാഹി കൂടിയായ ഹുസൈൻ എടരിക്കോട് സഹായിക്കാനെത്തിയത്. കാലാവധി കഴിഞ്ഞ പാസ്പോർട്ടിന് പകരം ഇന്ത്യൻ എംബസി ഒൗട്ട് പാസ് നൽകി. കമ്പനിയധികൃതർ എക്സിറ്റ് വിസയും നൽകി. ആശുപത്രി ബില്ല് എങ്ങനെയെങ്കിലും അടച്ച് ഡിസ്ചാർജ് വാങ്ങാനുള്ള ശ്രമത്തിനിടെ ആരോഗ്യമന്ത്രാലയത്തിെൻറ കനിവുമുണ്ടായി. ബില്ല് എഴുതിത്തള്ളി. ഡിസ്ചാർജും അനുവദിച്ചു. പക്ഷേ, വിധി അനുവദിച്ചില്ല. ഇതേ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം വ്യാഴാഴ്ച ദവാദ്മിയിൽ ഖബറടക്കും. ഹുസൈനും ശഖ്റ കെ.എം.സി.സി ഭാരവാഹി അമീറുദ്ദീനും ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ്. അതിനിടെ ആശുപത്രിയിൽ കിടന്ന രണ്ട് മാസത്തേതുൾപ്പെടെ നാലു മാസത്തെ ശമ്പളവും അഞ്ചുവർഷത്തെ സർവീസാനുകൂല്യവുമടക്കം അബ്ദുറഹ്മാെൻറ കുടുംബത്തിന് അയച്ചുകൊടുക്കാൻ കമ്പനിയധികൃതർ ഇന്ത്യൻ എംബസിയെ ഏൽപിച്ചിട്ടുണ്ട്. 33 വർഷത്തിന് ശേഷം ആ ഉമ്മയെ തേടി ചെല്ലാനിനി മകെൻറ വിയർപ്പിെൻറ മണമുള്ള ആ പണം മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.