റിയാദ്: ഒന്നര വർഷമായി ഇഖാമ പുതുക്കാതെ കഴിയുന്നതിനിടെ പിടിയിലായ ഇന്ത്യൻ കുടുംബത്തെ നാടുകടത്തി. പശ്ചിമ ആന്ധ് രയിലെ ഗോദാവരി സ്വദേശി കോപ്പാട്ടി റാം (52), ഭാര്യ ലക്ഷ്മി എന്നിവരാണ് എംബസിയുടെയും മലയാളി സാമൂഹിക പ്രവർത്തക െൻറയും ശ്രമഫലമായി നടപടികൾ എളുപ്പത്തിലാക്കി നാടണഞ്ഞത്. പൊലീസ് പിടിയിലായി റാം രണ്ടാഴ്ച തർഹീലിലായിരുന്നു. ഇൗ സമയം ഒറ്റപ്പെട്ട ലക്ഷ്മി ഒരു കുടുംബ സുഹൃത്തിെൻറ ഫ്ലാറ്റിൽ അഭയം പ്രാപിക്കുകയായിരുന്നു. നാട്ടിലേക്ക് മടങ്ങുന്ന സമയത്തും ഇരുവർക്കും തമ്മിൽ കാണാൻ കഴിഞ്ഞില്ല. റാം നാടുകടത്തൽ കേന്ദ്രം വഴിയും ലക്ഷ്മി സാമൂഹിക പ്രവർത്തകരുടെ സഹായത്തിലും വെവ്വേറെ വിമാനങ്ങളിലാണ് പോയത്. വർഷങ്ങളായി കുടുംബവുമായി റിയാദിൽ കഴിഞ്ഞ റാം വിവിധ തരം കരാർ ജോലികളാണ് ചെയ്തിരുന്നത്. സ്പോൺസറുമായി നേരിട്ട് ബന്ധമില്ലാതിരുന്നതാണ് വിനയായത്.
നാട്ടുകാരനായ ഒരു സുഹൃത്ത് വഴിയാണ് സ്പോൺസറുമായുള്ള ഇടപാടുകളെല്ലാം നടത്തിയിരുന്നത്. ഒന്നര വർഷം മുമ്പ് ഇഖാമ പുതുക്കാൻ സുഹൃത്ത് വഴി സ്പോൺസറെ ബന്ധപ്പെടുകയും അദ്ദേഹം ആവശ്യപ്പെട്ട പണം സുഹൃത്തിനെ ഏൽപിക്കുകയും ചെയ്തു. 24,000ത്തോളം റിയാൽ ഇങ്ങനെ നൽകി. ഇഖാമ പുതുക്കിക്കിട്ടുമെന്ന് കരുതി കാത്തിരുന്നു. മാസങ്ങൾ പലത് കഴിഞ്ഞിട്ടും ഒരു നീക്കവും കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സുഹൃത്ത് മുങ്ങിയത് അറിഞ്ഞത്.
പണം സ്‌പോൺസറുടെ അടുത്തെത്താതിരുന്നതിനാൽ ഇഖാമ പുതുക്കിയില്ല. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ അറ്റൻഡർ തസ്തികയിൽ ജോലി ചെയ്തിരുന്ന ലക്ഷ്മിക്കും ഇതോടെ ജോലിക്ക് പോകാൻ കഴിയാതായി. റാം പൊലീസിെൻറ കണ്ണിൽപ്പെടാതെ ചില്ലറ ജോലികൾ ചെയ്തുവരികയായിരുന്നു. ഇതിനിടയിൽ കാർ നന്നാക്കാൻ വേണ്ടി ബത്ഹക്ക് സമീപം ഒാൾഡ് സനാഇയയിലെ വർക്ക്ഷോപ്പിൽ പോയപ്പോഴാണ് പൊലീസ് പരിശോധനയിൽ അകപ്പെട്ടത്. ഇഖാമയില്ലാത്തതിനാൽ നിരവധി ആളുകളോടൊപ്പം പിടിയിലായി. ഭർത്താവ് ജയിലിലായതോടെ ഒറ്റപ്പെട്ട ലക്ഷ്മി വാടക കൊടുക്കാത്തതിെൻറ പേരിൽ ഫ്ലാറ്റിൽ നിന്നും പുറത്തായി. ഒടുവിൽ ഒരു കുടുംബ സുഹൃത്തിെൻറ ഫ്ലാറ്റിൽ അഭയം തേടുകയായിരുന്നു.
ഭർത്താവ് ജയിലിലും ഭാര്യ പുറത്തുമായി രണ്ടാഴ്‌ച്ച നീണ്ടുനിന്ന അനിശ്ചിതത്തിനൊടുവിലാണ് നവോദയ റിയാദ് ജീവകാരുണ്യ കൺവീനർ ബാബുജിയുടെ ഇടപെടൽ തുണയായത്. സ്പോൺസറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ എക്സിറ്റിന് ശ്രമം നടത്തിയപ്പോൾ റാമിെൻറ പേരിൽ കാറുള്ളത് തടസ്സമായി. ഒരു സുഹൃത്തിെൻറ പേരിലേക്ക് കാറിെൻറ രജിസ്ട്രേഷൻ മാറ്റുകയും ഭാര്യക്ക് ഫൈനൽ എക്സിറ്റ് അടിക്കുകയും ചെയ്തതോടെ തടസ്സങ്ങളെല്ലാം മാറി റാമിനും എക്സിറ്റ് കിട്ടി. സ്പോൺസറുമായി നേരിട്ട് ബന്ധമില്ലാത്തതും മൂന്ന് മാസം കഴിഞ്ഞിട്ടും ഇഖാമ പുതുക്കിയില്ലെങ്കിൽ സ്‌പോൺസറുടെ അനുമതിയില്ലാതെ സ്‌പോൺസർഷിപ്പ് മാറാമെന്ന് അറിയാത്തതുമാണ് കുഴപ്പത്തിൽ ചാടിച്ചതെന്ന് ബാബുജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.