റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിെൻറ റഷ്യന്‍ പര്യടനം വ്യാഴാഴ്ച ആരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പര്യടനം ബുധനാഴ്ച തുടങ്ങുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും വ്യാഴാഴ്ച ആരംഭിക്കുന്ന സന്ദര്‍ശനത്തിെൻറ വിവരങ്ങള്‍ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. പര്യടന വേളയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകള്‍ ഒപ്പുവെച്ചേക്കും. സൗദിയില്‍ രണ്ട് ആണവ നിലയങ്ങള്‍ നിര്‍മിക്കാനുള്ള ധാരണ ഇതില്‍ സുപ്രധാനമാണ്.
സമാധാന ആവശ്യത്തിന് ആണവോര്‍ജം എന്ന പദ്ധതിയുടെ ഭാഗമായാണ് റഷ്യയുമായി സഹകരിച്ച് ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ സൗദി ഒരുങ്ങുന്നത്. അന്താരാഷ്ട്ര ആണവോർജ ഏജന്‍സിയുടെ വിയന്നയില്‍ ചേര്‍ന്ന 61ാമത് സമ്മേളനത്തോടനുബന്ധിച്ച് റഷ്യ, ജപ്പാന്‍, തെക്കന്‍ കൊറിയ എന്നിവയുമായി സഹകരിച്ച് ആണവ നിലയം സ്ഥാപിക്കുന്നതിെൻറ സാധ്യത സൗദി അധികൃതര്‍ ചര്‍ച്ച ചെയ്തിരുന്നു.
ടൂറിസം ഉൾപെടെ മേഖലയില്‍ റഷ്യയുമായി സഹകരണം ശക്തമാക്കാന്‍ ചൊവ്വാഴ്ച സല്‍മാന്‍ രാജാവിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം അനുമതി നല്‍കിയ സാഹചര്യത്തില്‍ ഈ രംഗത്തെ ധാരണാപത്രങ്ങളും സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കും. രാജ്യത്തെ ഭീമന്‍ എണ്ണ കമ്പനിയായ സൗദി അരാംകോയും റഷ്യന്‍ എണ്ണക്കമ്പനികളുമായുള്ള സഹകരണമാണ് രാജാവിെൻറ സാന്നിധ്യത്തില്‍ ഒപ്പുവെക്കാനുള്ള മറ്റു ധാരണപത്രം. ഒപെകിന് പുറമെ രാജ്യങ്ങളുമായി സഹകരിച്ച് എണ്ണ ഉല്‍പാദന നിയന്ത്രണം പ്രായോഗികമാക്കുന്നതില്‍ റഷ്യയില്‍ നിന്ന് സൗദിക്ക് ലഭിച്ച പിന്തുണ ഈ രംഗത്തെ സഹകരണം ഊഷ്മളമാക്കാന്‍ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.