റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ചയും ശക്തമായ മഴ പെയ്തു. റിയാദ് നഗരത്തിൽ ശനിയാഴ്ച പകൽ മഴയില്ലായിരുന്നെങ്കിലും ശീതകാറ്റ് വീശി. തലേന്ന് രാത്രി പെയ്ത കനത്ത മഴ റിയാദ് നഗരത്തിലുൾപ്പെടെ ദുരിതം വിതച്ചു. മക്കയിൽ വെള്ളത്തിൽ മുങ്ങി ഒരു കുട്ടി മരിച്ചതായി റിപ്പോർട്ടുണ്ട്. റിയാദിൽ വെള്ളക്കെട്ടിൽ പെട്ട വാഹനത്തിൽ കുടുങ്ങിയ 93 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി.
ശൈത്യകാലത്തിന് മന്നോടിയായി പെയ്യുന്ന മഴയുടെ തോത് ഞായറാഴ്ചയോടെ കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം. ചൊവ്വാഴ്ച വീണ്ടും മേഘാവൃതമായേക്കും.മക്ക പ്രവിശ്യയിലെ അദമിന് സമീപം അൽജാഇസയിലെ ഗസ്വാൻ താഴ്വരയിലുണ്ടായ വെള്ളക്കെട്ടിൽ വീണാണ് 14 വയസുകാരൻ മരിച്ചത്. ബന്ധുക്കളായ രണ്ട് കുട്ടികളാണ് വെള്ളത്തിൽ വീണത്. ഒരാളെ ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.
റിയാദ് നഗരത്തിലെ പ്രധാന ഹൈവേകളിലടക്കമുള്ള അടിപ്പാതകളിൽ വെള്ളം നിറഞ്ഞത് മൂലം വാഹനങ്ങൾ മുങ്ങിപ്പോയിരുന്നു. ഇത്തരത്തിൽ 71 വാഹനങ്ങൾ സിവിൽ ഡിഫൻസ് പുറത്തെത്തിച്ചു. രക്ഷതേടി 34 സന്ദേശങ്ങൾ ലഭിച്ചതായും സിവിൽ ഡിഫൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
തെക്കൻ സൗദിയിലെ അൽലൈത്തിൽ മഴയിൽ വീടിെൻറ മേൽക്കൂര തകർന്ന് പരിക്കേറ്റ സ്വദേശി യുവതിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽബാഹ പ്രവിശ്യയിലെ അൽഅഖീഖിലുള്ള അഅ്ശബ് താഴ്വരയിലുണ്ടായ മഴവെള്ളപാച്ചിലിൽ ഒലിച്ചുപോയ പിക്കപ്പ് വാനിലുണ്ടായിരുന്ന 11 അംഗ സ്വദേശി കുടുംബത്തെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. അൽശഅ്റയിലെ അശ്ഹത് താഴ്വരയിലും മഖ്വയിലെ അൽഅഹ്സിബ താഴ്വരയിലും ഒഴുക്കിൽപെട്ട വാഹനങ്ങളിൽ കുടുങ്ങിയ രണ്ട് വൃദ്ധരെ രക്ഷപ്പെടുത്തി.
അതിനിടെ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലെ ബാഗേജ് പരിശോധന ഏരിയയിൽ മേൽക്കൂരയിൽ നിന്ന് വെള്ളം ചോർന്നൊലിച്ചത് യാത്രക്കാർക്ക് ദുരിതമായി. എന്നാൽ ഇത് വിമാനത്താവളത്തിെൻറ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയിലുണ്ടായ കനത്തമഴയിൽ കിഴക്കൻ പ്രവിശ്യയിലെ ഖഫ്ജിയിൽ പെട്രോൾ പമ്പിെൻറ മേൽക്കൂര തകർന്നുവീണു. ആർക്കും പരിക്കേറ്റിട്ടില്ല. ഖഫ്ജിയിൽ വെള്ളത്തിൽ മുങ്ങിയ വീട്ടിൽ നിന്ന് നാലംഗ കുടുംബത്തെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. മഴ പെയ്തതിനെ തുടർന്ന് രാജ്യത്തിെൻറ പലഭാഗങ്ങളിലും തണുത്ത കാറ്റ് വീശുന്നുണ്ട്. വൈകാതെ ശൈത്യം കടുക്കുമെന്ന് കരുതുന്നു. മഴ പൂർണമായും ശമിച്ചിട്ടില്ലെന്നും ശക്തമായ മഴയും കാറ്റും വീണ്ടും വരാൻ സാധ്യതയുണ്ടെന്നും എല്ലാവരും കരുതലെടുക്കണമെന്നും സിവിൽ ഡിഫൻസും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.