റിയാദ്: സൗദി അറേബ്യയുടെ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നടന്ന വൻതോതിലുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചു. എന്നാൽ, ചെങ്കടൽ തീരത്തെ പ്രധാന എണ്ണ നഗരമായ യാംബുവിലെ സാമ്രെഫ് എണ്ണ ശുദ്ധീകരണശാലയിൽ ഒരു ഡ്രോൺ പതിച്ചതായും ഇത് സംബന്ധിച്ച നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തി വരികയാണെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. സൗദി അരാംകോയും എക്സോൺ മൊബീലും സംയുക്തമായി നടത്തുന്ന ഈ റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണം ആഗോള എണ്ണ വിപണിയും അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ മുതൽ ഉച്ചവരെ നീണ്ടുനിന്ന വിവിധ ആക്രമണശ്രമങ്ങളിലായി ആകെ 30 ഭീഷണികളാണ് പ്രതിരോധ സേന ഇല്ലാതാക്കിയത്. ഇതിൽ 27 ഡ്രോണുകളും മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഉൾപ്പെടുന്നു. പുലർച്ചെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന 14 ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളും തകർത്തു. രാവിലെ റിയാദിലും കിഴക്കൻ മേഖലയിലുമായി 13 ഡ്രോണുകൾ കൂടി വെടിവെച്ചിട്ടു. ഉച്ചയോടെ യാംബു നഗരത്തിന് നേരെ വന്ന ഒരു ബാലിസ്റ്റിക് മിസൈൽ കൂടി തകർത്തതോടെയാണ് വ്യാഴാഴ്ചത്തെ മാത്രം പ്രതിരോധ നടപടികളുടെ എണ്ണം 30 ആയത്. ബുധനാഴ്ചയും സമാനമായ രീതിയിൽ ശക്തമായ ആക്രമണശ്രമങ്ങൾ നടന്നിരുന്നു. റിയാദിലെ എംബസി മേഖല ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ ഉൾപ്പെടെ 22 ഡ്രോണുകളും 10 മിസൈലുകളുമാണ് അന്ന് തകർത്തത്. ഇതിൽ അഞ്ച് ഡ്രോണുകൾ ഒരു സുപ്രധാന ഊർജ്ജ പ്ലാൻറിന് തൊട്ടടുത്താണ് എത്തിയതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി വെളിപ്പെടുത്തി.
ആക്രമണ ഭീഷണി നിലനിന്ന സാഹചര്യത്തിൽ നാഷനൽ ഏർളി വാണിങ് പ്ലാറ്റ്ഫോം വഴി കിഴക്കൻ പ്രവിശ്യയിലും യാംബുവിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. സിവിൽ ഡിഫൻസ് നിർദ്ദേശപ്രകാരം ജനങ്ങൾ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ കഴിയുകയും ജനലുകളിൽ നിന്നും ഗ്ലാസ് പ്രതലങ്ങളിൽ നിന്നും മാറി നിൽക്കുകയും ചെയ്തു. പിന്നീട് അപകടസാധ്യത ഒഴിഞ്ഞതായി അറിയിപ്പ് ലഭിച്ച ശേഷമാണ് ജനജീവിതം സാധാരണ നിലയിലായത്.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയുടെ നിലവിലെ രണ്ട് പ്രധാന കവാടങ്ങളിൽ ഒന്നാണ് യാംബു തുറമുഖം. അതുകൊണ്ടുതന്നെ ഇവിടെയുണ്ടായ ഡ്രോൺ ആക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും അനിഷ്ട സംഭവങ്ങൾ നേരിടാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.