റിയാദ്: സൗദി റെയിൽവേ കമ്പനിയായ ‘സാറി’ന് 2024ലുണ്ടായത് റെക്കോഡ് നേട്ടം. രാജ്യത്തെ വിവിധ റെയിൽവേ ശൃംഖലകളിലൂടെ യാത്ര ചെയ്തവരുടെ എണ്ണം 1.3 കോടിയിലധികമായി. 2023നെ അപേക്ഷിച്ച് 22 ശതമാനം വർധനയാണുണ്ടായത്. ചരക്കുഗതാഗതം 2.8 കോടി ടണ്ണായി. ഈ രംഗത്ത് 15 ശതമാനം വളർച്ചാനിരക്ക് കൈവരിച്ചു. ഈ നേട്ടം സൗദി റെയിൽവേക്ക് അഭിമാനമാണ്. സൗദിയുടെ റോഡുകളിൽനിന്ന് 20 ലക്ഷത്തിലധികം ട്രക്ക് ട്രിപ്പുകൾ നീക്കം ചെയ്യാൻ ഇതിലുടെ സാധിച്ചു.
ഗതാഗതത്തിനും ലോജിസ്റ്റിക്സിനുമുള്ള ദേശീയതന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് 11.3 കോടി ലിറ്റർ ഇന്ധനം ലാഭിക്കുന്നതിനും കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനും റോഡുകളുടെ ഗുണനിലവാരം നിലനിർത്തുന്നതിനും പരിസ്ഥിതി സുസ്ഥിരത വർധിപ്പിക്കുന്നതിനും ഇത് സഹായകമായി. 1445ലെ ഹജ്ജ് സീസണിൽ മശാഇർ ട്രെയിൻ 20 ലക്ഷത്തിലധികം തീർഥാടകരെ എത്തിച്ചു.
ഇതും കരഗതാഗതത്തിലെ സമ്മർദം കുറയ്ക്കുന്നതിനും തീർഥാടകരുടെ അനുഭവം സമ്പന്നമാക്കുന്നതിനും സഹായിച്ചു. ഈ വർഷം പ്രവർത്തനക്ഷമമായ പാസഞ്ചർ ട്രെയിൻ ട്രിപ്പുകളുടെ എണ്ണത്തിൽ 35,000ലധികം ട്രിപ്പുകളുടെ ഗണ്യമായ വർധനയുണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 19 ശതനമാനം വർധിച്ചു. സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത മാർഗമെന്ന നിലയിൽ ട്രെയിൻസേവനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകതയുടെ വെളിച്ചത്തിലാണ് ഈ നേട്ടങ്ങൾ സൗദി കൈവരിച്ചത്. റെയിൽവേ മേഖലയിൽ പ്രവർത്തന കാര്യക്ഷമതയുടെയും സുരക്ഷയുടെയും ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നതിനുള്ള പ്രതിബദ്ധത സ്ഥിരീകരിച്ചുകൊണ്ട് സൗദി റെയിൽവേ ആറ് അന്താരാഷ്ട്ര അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റുകൾ ഇതിനകം നേടിയിട്ടുണ്ട്.
ഭരണ നേതൃത്വത്തിന്റെയും ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രിയുടെയും തുടർച്ചയായ നടപടികളും റെയിൽവേ മേഖലക്ക് ലഭിക്കുന്ന വലിയ പിന്തുണയുമാണ് ഈ നേട്ടങ്ങൾക്ക് കാരണമെന്ന് സൗദി റെയിൽവേ സി.ഇ.ഒ ഡോ. ബശാർ അൽമാലിക് പറഞ്ഞു. ഇത് ഗതാഗതസേവനങ്ങളിൽ ഗുണപരമായ കുതിച്ചുചാട്ടം കൈവരിക്കുന്നതിനും സൗദിയിലെ ഗതാഗതത്തിനുള്ള വിശ്വസനീയമായ ഓപ്ഷനായി ട്രെയിനുകളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും സഹായിച്ചു. ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയതന്ത്രത്തെ പിന്തുണക്കുന്നതിൽ സൗദി വഹിച്ച മികച്ച പങ്കിന്റെ ചട്ടക്കൂടിലാണ് ഈ നേട്ടങ്ങൾ വരുന്നതെന്നും അൽമാലിക് പറഞ്ഞു.
2035 വരെയുള്ള ഒരു സ്ട്രാറ്റജി അനുസരിച്ചാണ് കമ്പനി പ്രവർത്തിക്കുന്നത്. ശേഷി വർധിപ്പിക്കുന്നതിനായി 10 പുതിയ പാസഞ്ചർ ട്രെയിനുകൾ വാങ്ങുന്നതിനുള്ള കരാർ ഒപ്പിട്ടുകൊണ്ട് കമ്പനി അതിന്റെ വിപുലീകരണ പദ്ധതികൾ തുടരുന്നു. സമുദ്ര ഗതാഗതം റെയിൽവേ ഗതാഗതവുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രത്യേക കരാറുകളിൽ ഒപ്പിട്ടു. ദമ്മാമിലെ രണ്ടാം വ്യവസായിക നഗരത്തിലെ ലോജിസ്റ്റിക് സോണിനെ അൽ ശർഖ് റെയിൽവേയുമായി ബന്ധിപ്പിക്കുന്നതിനുള്ള ധാരണാപത്രവും ഒപ്പുവെച്ചതായും അൽമാലിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.