റിയാദിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച വിനോദസഞ്ചാര സംഗമത്തിൽ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ സംസാരിക്കുന്നു
റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി യാത്രാബന്ധം കൂടുതൽ വിപുലീകരിക്കുന്നതിെൻറ ഭാഗമായി, റിയാദിലെ ഇന്ത്യൻ എംബസിയും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവും സംയുക്തമായി ‘ഇന്ത്യ അൺവീൽഡ്: കൾച്ചർ, ഹെറിറ്റേജ് ആൻഡ് ബിയോണ്ട്’ എന്നപേരിൽ വിനോദസഞ്ചാര സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ ടൂറിസം മേഖലയിലെ വളർന്നുവരുന്ന അവസരങ്ങൾ സൗദിയിലെ പ്രമുഖ ട്രാവൽ ഓപറേറ്റർമാർക്കും വ്യവസായ പ്രമുഖർക്കും പരിചയപ്പെടുത്തുന്നതിനുള്ള ഒരു തന്ത്രപ്രധാന വേദിയായി ഈ പരിപാടി മാറി. പുതിയ ബിസിനസ് പങ്കാളിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളും പ്രമുഖ ടൂർ ഓപറേറ്റർമാരും റിയാദിലെ വോക്കോ ഹോട്ടലിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തു.
ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ടൂറിസം കൈമാറ്റം ഇന്ത്യ-സൗദി ബന്ധത്തിലെ കരുത്തുറ്റ മുന്നേറ്റത്തിെൻറ തെളിവാണെന്ന് അഭിപ്രായപ്പെട്ടു. ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ ബന്ധങ്ങളും ജനങ്ങൾ തമ്മിലുള്ള സൗഹൃദവുമാണ് ഈ ആധുനിക പങ്കാളിത്തത്തിെൻറ അടിസ്ഥാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിനോദസഞ്ചാരത്തിലുണ്ടായ നിരന്തരമായ വർധന വലിയ സംതൃപ്തി നൽകുന്ന കാര്യമാണെന്ന് അംബാസഡർ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ വിനോദസഞ്ചാരവും സാഹസികതയും ആത്മീയതയും അനുഭവിക്കാൻ അദ്ദേഹം സൗദി പൗരന്മാരെ ക്ഷണിച്ചു. ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും വിനോദസഞ്ചാര സാധ്യതകൾ ചടങ്ങിൽ പ്രദർശിപ്പിച്ചു. പ്രശസ്ത സെലിബ്രിറ്റി ഷെഫ് സഞ്ജയ് താക്കൂർ ഇന്ത്യൻ ഭക്ഷണ വൈവിധ്യങ്ങളെക്കുറിച്ച് സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര ബന്ധത്തിലൂടെ രൂപപ്പെട്ട സമാനമായ രുചി പാരമ്പര്യങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു.
നിലവിൽ ഇന്ത്യയിലെ എട്ട് നഗരങ്ങളിലേക്ക് സൗദിയിൽനിന്ന് നേരിട്ട് വിമാന സർവിസുകളുണ്ട്. ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. 2025 ഏപ്രിലിൽ രൂപവത്കരിച്ച ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിലിന് കീഴിലുള്ള വിനോദസഞ്ചാര-സാംസ്കാരിക മന്ത്രിതല സമിതി, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ സഹായിക്കുമെന്ന് എംബസി അറിയിച്ചു. സൗദിയിലെ പ്രമുഖ ട്രാവൽ ഓപറേറ്റർമാരും വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.