അന്ന് മത്സരാർത്ഥി, ഇന്ന് വിധി കർത്താവ്; ഫിറോസ് ബാബു വീണ്ടും കലോത്സവ വേദിയിൽ

ദമ്മാം: 43 വർഷങ്ങൾക്കു മുമ്പുള്ള ഒരു തണുത്ത മഴക്കാലം. കണ്ണൂർ പൊലീസ് ഗ്രൗണ്ടിലെ തിങ്ങിനിറഞ്ഞ സദസ്സിനു മുന്നിൽ വിറയ്ക്കുന്ന നെഞ്ചോടെ നിന്ന ആ പതിനഞ്ചുകാരൻ പയ്യൻ ചരിത്രം കുറിക്കുമെന്ന് അന്ന് ആരും കരുതിയിരുന്നില്ല.

തെക്കൻ കേരളത്തിലെ സംഗീത അക്കാദമികളിൽനിന്ന് വായ്പാട്ട് അഭ്യസിച്ചെത്തിയ അതികായൻമാരെ സാക്ഷിയാക്കി, മലപ്പുറത്തി​െൻറ മണ്ണിൽനിന്ന് ഒരു വിപ്ലവം പിറക്കുകയായിരുന്നു. ഇന്ന് തൃശൂരിൽ 65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്​ അരങ്ങുണർന്നിരിക്കു​േമ്പാൾ, അന്ന് ചരിത്രം കുറിച്ച അതേ ഫിറോസ് ബാബു വിധികർത്താവി​െൻറ കസേരയിലിരിക്കുകയാണ്​​. ഹ്രസ്വസന്ദർശനത്തിന്​ ദമ്മാമിലെത്തിയ അദ്ദേഹം കലോത്സവ ദൗത്യത്തിനായി നാട്ടിലേക്ക്​ മടങ്ങും മുമ്പ്​ ‘ഗൾഫ്​ മാധ്യമ’വുമായി സംസാരിച്ചതി​െൻറ പ്രസക്തഭാഗങ്ങൾ.

മലപ്പുറത്തി​െൻറ വിപ്ലവം

സ്കൂൾ കലോത്സവങ്ങളുടെ ചരിത്രത്തിൽ വടക്കൻ കേരളത്തിന്, പ്രത്യേകിച്ച് മലപ്പുറത്തിന് ലളിതഗാന മത്സരങ്ങളിൽ അന്ന് വലിയ മേൽവിലാസമൊന്നുമുണ്ടായിരുന്നില്ല. തെക്കൻ കേരളത്തിൽനിന്നുള്ളവർ അടക്കിവാണിരുന്ന ആ വേദിയിലേക്കാണ് തിരൂർ പൂക്കയിൽ ‘സ്വരം’ വീട്ടിൽ ഫിറോസ് ബാബു നടന്നുകയറിയത്. താനൂർ ദേവദാർ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഫിറോസ്, മൂന്ന് അധ്യാപകർക്കൊപ്പമാണ് അന്ന് കണ്ണൂരിലെത്തിയത്.

മത്സരത്തി​െൻറ തലേദിവസം കണ്ണൂരിലെത്തിയ ഉമ്മയും സഹോദരിമാരും പകർന്നുനൽകിയ ആത്മവിശ്വാസമായിരുന്നു ഫിറോസി​െൻറ കരുത്ത്. ‘അകലെയൊരാമ്പൽപ്പൂ... അവളൊരു സുന്ദരിപ്പൂ.. കവിളോ നനഞ്ഞിരിപ്പൂ, കരളോ തളർന്നു നിൽപ്പൂ’ എന്ന ഗാനം ഫിറോസ് പാടിനിർത്തിയപ്പോൾ പൊലീസ് ഗ്രൗണ്ട് നിശ്ശബ്​ദമായി. പിന്നാലെ വന്നത് നിലയ്ക്കാത്ത കരഘോഷം. ലളിതഗാനത്തിൽ മലപ്പുറം ജില്ലയ്ക്ക് ആദ്യമായി ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.

മറക്കാനാവാത്ത ആ വേദന

വിജയിച്ചിട്ടും അന്ന് വേണ്ടത്ര ആഘോഷിക്കപ്പെടാതെ പോയതി​െൻറ നോവ് ഇന്നും ഫിറോസ് ബാബുവി​െൻറ ഉള്ളിലുണ്ട്. ‘ലളിതഗാനത്തിൽ മലപ്പുറത്തിന് സമ്മാനമോ?’ എന്ന് കൂടെവന്ന അധ്യാപകർ പോലും അതിശയപ്പെട്ട കാലമായിരുന്നു അത്. പിറ്റേന്നത്തെ പത്രങ്ങളിൽ ഫോട്ടോ പോലുമില്ലാതെ ത​െൻറ പേര് മാത്രം അച്ചടിച്ചു വന്നത് കണ്ടപ്പോൾ അധ്യാപിക കൂടിയായ ഉമ്മ വിങ്ങിപ്പൊട്ടിയത് ഫിറോസ് ഓർക്കുന്നു. മുഖ്യമന്ത്രിയിൽനിന്നോ വിദ്യാഭ്യാസ മന്ത്രിയിൽനിന്നോ ഒരു ട്രോഫി ഏറ്റുവാങ്ങാൻ കഴിയാതെ പോയ ആ പതിനഞ്ചുകാര​െൻറ സങ്കടം ഇന്നും മാഞ്ഞിട്ടില്ല.

സംഗീതത്തി​െൻറ അരനൂറ്റാണ്ട്

കലാകാരനായ വാപ്പയുടെയും സംഗീതപ്രേമിയായ ഉമ്മയുടെയും മകനായി വളർന്ന ഫിറോസ്, ബാബുരാജ്, മഹ്ബൂബ്, ഉമ്പായി തുടങ്ങിയ സംഗീത കുലപതികളുടെ പാട്ടുകൾ കേട്ടാണ് വളർന്നത്. പുരോഗമന കലാസംഘം മലപ്പുറം ജില്ലയിൽ സംഘടിപ്പിക്കാൻ ഓടിനടന്ന ഉപ്പക്ക്​ പാട്ടുകാർ ജീവനായിരുന്നു.

ഏഴാം വയസ്സിൽ ഉപ്പയുടെ നേതൃത്വത്തിൽ വിൻസൻറ്​ മാസ്​റ്ററുടെ ശിക്ഷണത്തിൽ ആരംഭിച്ച ‘ബേബീസ് ഓർക്കസ്ട്ര’യിലൂടെ തുടങ്ങിയ യാത്ര ഇന്ന് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഈ കാലത്തിനിടയിൽ 500-ലധികം ഗാനങ്ങളാണ്​ പാടിയത്​. 90-ഓളം കാസറ്റ്​ ആൽബങ്ങൾ. അതിൽ ‘പൂനിലാ പുഞ്ചിരി തൂകി...’, ‘മുത്ത് മെഹബൂബേ...’, ‘ഫുർക്കാനുൽ അളീം...’ എന്നിവ സൂപ്പർ ഹിറ്റുകളാണ്​. യേശുദാസ്, ചിത്ര, ജാനകിയമ്മ, എസ്.പി. ബാലസുബ്രഹ്​മണ്യം, സോനു നിഗം തുടങ്ങിയ മഹാരഥന്മാർക്കൊപ്പം വേദി പങ്കിടാനായത്​ മഹാഭാഗ്യം.

ഒരു കൗതുകം ബാക്കിയാക്കി...

ഇന്ന് മാപ്പിളപ്പാട്ട് ഉൾപ്പെടെയുള്ള മത്സരങ്ങളുടെ വിധികർത്താവായി തൃശൂരിലെത്തുമ്പോൾ ഫിറോസ് ബാബുവി​െൻറ ഉള്ളിൽ ഒരു കൗതുകമുണ്ട്​. 43 വർഷം മുമ്പ് താൻ സ്ഥാപിച്ച ആ റെക്കോർഡ് - ലളിതഗാനത്തിൽ മലപ്പുറത്തിന് വേണ്ടി നേടിയ ആ ചരിത്ര വിജയം - തകർക്കാൻ പോന്ന ആരെങ്കിലും ഇത്തവണ വേദിയിലെത്തുമോ? റിയാലിറ്റി ഷോ വിധികർത്താവായും ഗാനരചയിതാവായും തബലിസ്​റ്റായും തിളങ്ങുന്ന ഫിറോസ് ബാബുവിന് സ്കൂൾ കലോത്സവം ഇന്നും വെറുമൊരു മത്സരമല്ല, മറിച്ച് പെയ്തുതീരാത്ത ഓർമകളുടെ പെരുമഴക്കാലമാണ്. റജീന ബാബുവാണ് ഭാര്യ. സജിൻ ബാബു, റോസ്ന ബാബു, ഷഹന ബാബു എന്നിവർ മക്കളാണ്.

Tags:    
News Summary - firos babu at kalolsavam2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.