റിയാദിലെത്തിയ ക്രൈംബ്രാഞ്ച്​ സംഘം ​തലവൻ എസ്​.പി. കെ.കെ. മൊയ്തീൻകുട്ടി സൗദി നാഷനൽ സെൻട്രൽ ബ്യൂറോ സംഘത്തോടൊപ്പം

സൗദി പൊലീസ്​ നന്നായി സഹായിച്ചു -ക്രൈംബാഞ്ച് എസ്​.പി

റിയാദ്​: ​കൊലക്കേസ്​ പ്രതിയെ കൊണ്ടുപോകാനെത്തിയ തങ്ങൾക്ക്​ സൗദി അധികൃതരിൽനിന്നുണ്ടായത്​ നല്ല സഹകരണമാണെന്ന്​ കേരള ക്രൈംബാഞ്ച് സംഘ തലവൻ ​എസ്​.പി കെ.കെ. മൊയ്തീൻകുട്ടി ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. ഇൻറർപോൾ നിർദേശാനുസരണം ജാഗ്രത പാലിച്ച്​ പ്രതിയെ കൃത്യമായി പിടികൂടിയും അതീവ സുരക്ഷയോടെ ജയിലിൽ പാർപ്പിക്കുകയും തങ്ങൾക്ക്​ കൈമാറ്റം ചെയ്യാനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്​ത്​ വലിയ സഹകരണമാണ്​​ സൗദി പൊലീസിൽനിന്നുണ്ടായത്​.

റിയാദ്​ വിമാനത്താവളത്തിൽ എത്തിയപ്പോൾ തങ്ങളെ സ്വീകരിക്കാൻ എത്തിയത് നാഷനൽ സെൻട്രൽ ബ്യൂറോ (എൻ.സി.ബി) ഉന്നതോദ്യോഗസ്ഥൻ​ റാമി സഈദ്​ അൽ സഹ്​റാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ്​. ഒടുവിൽ പ്രതിയെ കൈമാറുന്നതുവരെയുള്ള മുഴുവൻ നിയമനടപടികളും അവർ തന്നെ പൂർത്തിയാക്കി. റിയാദിലെ ഇന്ത്യൻ എംബസിയും തങ്ങളെ നന്നായി സഹായിച്ചു. അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാനെ എംബസിയിലെത്തി കാണുകയും അദ്ദേഹം തങ്ങളെ സഹായിക്കാൻ എംബസി സെക്കൻഡ്​ സെക്രട്ടറി പ്രേം സെൽവാളിനെ ചുമതലപ്പെടുത്തുകയും ചെയ്​തു.

കുറ്റവാളികളെ കൈമാറുന്ന കരാർ ഇരുരാജ്യങ്ങൾക്കുമിടയിൽ 2010-ൽ നിലവിലായ ശേഷം നാട്ടിൽ കുറ്റകൃത്യങ്ങൾ നടത്തി ഗൾഫിലേക്ക്​ മുങ്ങുന്ന പല കുറ്റവാളികളെയും പിടികൂടി നാട്ടിലെത്തിക്കാൻ കഴിയുന്നുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. നാട്ടിൽ കുറ്റകൃത്യങ്ങൾ നടത്തി ഗൾഫിലേക്ക്​ കടന്ന്​ രക്ഷപ്പെടാം എന്ന്​ കരുതുന്നവർക്കെല്ലാമുള്ള മുന്നറിയിപ്പാണ്​ ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.