സൗദി ഓർക്കസ്ട്ര
റിയാദ്: ആസ്ട്രേലിയയിലെ സിഡ്നിയിൽ സംഗീത കച്ചേരി സംഘടിപ്പിക്കാൻ സൗദി ഒർക്കസ്ട്ര ഒരുങ്ങുന്നു. മെയ് 12ന് സിഡ്നി ഓപ്പറ ഹൗസിലാണ് സൗദി ഓർക്കസ്ട്രയുടെ മാസ്റ്റർപീസ് ഗാനങ്ങൾ കോർത്തിണക്കിയ കച്ചേരി അരങ്ങേറുന്നത്.
അന്താരാഷ്ട്ര തലത്തിൽ സൗദി ഗാനങ്ങളെ വ്യാപകമായി അവതരിപ്പിക്കുകയും ലോകജനതക്ക് സൗദി സംഗീതത്തിന്റെ ആസ്വാദ്യത അനുഭവവേദ്യമാക്കുകയും സ്വത്വം പ്രതിഫലിപ്പിക്കുന്ന ആധികാരികതയും ഈണങ്ങളും ആഘോഷിക്കുകയും ചെയ്യുന്നതിനുള്ള മ്യൂസിക് കമീഷന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്.
സൗദി സംഗീതചരിത്രത്തിലെ സാംസ്കാരിക പൈതൃകത്തിന്റെയും കലാപരമായ വൈവിധ്യത്തിന്റെയും സൗന്ദര്യം ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്ന സംഗീത സൃഷ്ടികളുമായി സൗദി നാഷനൽ ഓർക്കസ്ട്രയും ഗായകസംഘം പങ്കെടുക്കും. കൂടാതെ ആസ്ട്രേലിയൻ സംഗീത ശകലങ്ങൾ അവതരിപ്പിക്കാൻ കച്ചേരിയിൽ ആസ്ട്രേലിയൻ മെട്രോപൊളിറ്റൻ ഓർക്കസ്ട്രയുടെ പങ്കാളിത്തം ഉണ്ടായിരിക്കും.
ജനറൽ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് പെർഫോമിങ് ആർട്സിന്റെ പങ്കാളിത്തത്തിന് പുറമെ സൗദി, ആസ്ട്രേലിയൻ സംസ്കാരങ്ങൾ സംയോജിപ്പിച്ചുള്ള സംയുക്ത സംഗീത പ്രകടനവും അവതരിപ്പിക്കും.
മ്യൂസിക് കമീഷൻ സംഘടിപ്പിക്കുന്ന സൗദി നാഷനൽ ഓർക്കസ്ട്രയുടെ ലോക പര്യടന പരമ്പരയിലെ ഏഴാമത്തെ സ്റ്റോപ്പാണ് സിഡ്നി. പര്യടനത്തിന് തുടക്കം കുറിച്ച് ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ തിയറ്റർ ഡു ചാറ്റ്ലെറ്റിലാണ് ആദ്യ സംഗീതക്കച്ചേരി അരങ്ങേറിയത്.
പിന്നീട് മെക്സിക്കോ സിറ്റി, ന്യൂയോർക്ക്, ലണ്ടൻ, ജപ്പാൻ, റിയാദ് കിങ് ഫഹദ് കർചറൽ സെൻറർ തിയറ്റർ എന്നിവിടങ്ങളിൽ സൗദി ഓർക്കസ്ട്രയുടെ കച്ചേരി അരങ്ങേറി.
ഇൗ ഷോകൾക്ക് പ്രാദേശികവും അന്തർദേശീയവുമായ വ്യാപകമായ അംഗീകാരം ലഭിച്ചു. ഇത് ആഗോള സംഗീതരംഗത്ത് സൗദി സംഗീതത്തിന്റെ വർധിച്ചുവരുന്ന നിലയെ പ്രതിഫലിപ്പിക്കുന്നു. ‘സൗദി ഓർക്കസ്ട്ര മാസ്റ്റർപീസ്’ കച്ചേരികൾ അസാധാരണമായ ഒരു സംഗീതാനുഭവം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു.
സൗദിയുടെ കലാപരവും സാംസ്കാരികവുമായ വൈവിധ്യത്തെ ഉയർത്തിക്കാട്ടുന്ന യോജിച്ച സംഗീത പ്രകടനത്തിലൂടെ സൗദി സംഗീത പൈതൃകത്തിന്റെ ആധികാരികതയിലൂടെയും മെലഡികളുടെ സൗന്ദര്യത്തിലൂടെയും പ്രേക്ഷകർക്ക് സമ്പന്നമായ ഒരു ആസ്വദനം നൽകുകയും ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.