സൗദി-ഒമാൻ സംയുക്ത വ്യാപാര പ്രദർശനം റിയാദിൽ നാളെ സമാപിക്കും

റിയാദ്: സൗദി അറേബ്യയും ഒമാനും സംയുക്തമായി റിയാദിൽ സംഘടിപ്പിക്കുന്ന വ്യാപാര പ്രദർശനം ശനിയാഴ്​ച സമാപിക്കും. ഇരു രാജ്യങ്ങളിലെയും സംരംഭക സാധ്യതകൾ പങ്കുവെക്കലും ഉത്പന്നങ്ങൾ പരിചയപ്പെടുത്തലുമാണ് മേള ലക്ഷ്യം വെക്കുന്നത്. സൗദി വാണിജ്യ മന്ത്രാലയവും ഒമാൻ വാണിജ്യമന്ത്രാലയവും ചേർന്നാണ്​ ചതുർദിന മേള ഒരുക്കിയിരിക്കുന്നത്​. ബുധനാഴ്ച ആരംഭിച്ച മേളയിൽ ഉച്ചക്ക്​ 12 മുതൽ രാത്രി 11 വരെയാണ് സന്ദർശന സമയം. റിയാദ്​ എക്സിറ്റ്‌ ഒമ്പതിലെ ഗ്രനഡ സ്‌ക്വയറിലെ ദി അറീന അവന്യൂവിലാണ് പ്രദർശനം.

 സാംസ്‌കാരിക വിനിമയവും സൗഹൃദം പുതുക്കലും ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയുമാണ്​ മേളയിൽ നടക്കുന്നത്​. ഒമാൻ ഹൽവ, സൗദി ഗഹ്‌വ, സുഗന്ധ വസ്തുക്കൾ, വസ്ത്രങ്ങൾ, വിവിധയിനം തേനുകൾ, ഹോസ്​പിറ്റാലിറ്റി സ്​റ്റാളുകൾ, ഇവൻറ്​ കമ്പനികൾ തുടങ്ങി ഇരു രാജ്യങ്ങളും വ്യാപാര സാധ്യതകൾ തുറന്ന് വെച്ചിട്ടുണ്ട്. നിക്ഷേപ-വ്യവസായ സാധ്യതകൾ വെളിപ്പെടുത്തുന്നതിനും സൗദിയും ഒമാനും തമ്മിലുള്ള ദീർഘകാല സാമ്പത്തിക പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമായി സെമിനാറുകളും മേള നഗരിയിൽ നടക്കുന്നുണ്ട്.

 സൗദി-ഒമാൻ ഇൻവെസ്​റ്റുമെൻറ്​ ഫോറം നിക്ഷേപ-വ്യവസായ മേഖലകളിൽ രണ്ട് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ദീർഘകാല സാമ്പത്തിക പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ മാർഗങ്ങളും ചർച്ച ചെയ്യും. ‘പങ്കാളിത്തവും സംയോജനവും’ എന്ന പ്രമേയത്തിൽ നടക്കുന്ന നാല് ദിവസത്തെ ഫോറം പ്രധാന മേഖലകളിൽ സുസ്ഥിര പങ്കാളിത്തം കെട്ടിപ്പടുക്കലും ഇരുകക്ഷികളും തമ്മിലുള്ള പരസ്പര താൽപ്പര്യങ്ങൾ വർദ്ധിപ്പിക്കലും ലക്ഷ്യമിടുന്നുണ്ട്. സൗദി നിക്ഷേപ മന്ത്രാലയവും ഒമാൻ പ്രതിനിധി സംഘവും തമ്മിൽ ബയോ കെമിക്കൽസ്, ഊർജം, ഖനനം, സാമ്പത്തിക നിക്ഷേപം, ലോജിസ്​റ്റിക്‌സ്, സമുദ്ര ഗതാഗതം, വിവരസാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ 13 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.

 സൗദി അറേബ്യയും ഒമാനും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിന് അടിവരയിടുന്നതാണ്. ഇരു രാജ്യങ്ങളിലെയും പ്രമുഖ പ്രഭാഷകരും പൊതു-സ്വകാര്യ മേഖലകളിലെ പ്രതിനിധികളും പ്രമുഖ കമ്പനികളിൽ നിന്നുള്ള ഉദ്യോഗസ്ഥരും മേധാവികളും പങ്കെടുക്കുന്നുണ്ട്. സ്വകാര്യ മേഖലയുടെ പ്രതിനിധികൾക്ക് സഹകരണവും പങ്കാളിത്തവും ചർച്ച ചെയ്യാനും നിക്ഷേപ സാധ്യതകൾ അവലോകനം ചെയ്യാനും കഴിയുന്ന യോഗങ്ങൾ അജണ്ടയിൽ ഉൾപ്പെടും. ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലയുടെ പ്രതിനിധികൾ തമ്മിൽ ‘ബിസിനസ് ടു ബിസിനസ് മീറ്റിങ്ങു’കൾ നടക്കും.

Tags:    
News Summary - Saudi-Omani Industries expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.