സൗദി ദേശീയഗാനത്തിന് പിന്നിലെ കഥ
ഈജിപ്തിലേക്കുള്ള ഒരു ഔദ്യോഗിക സന്ദർശനത്തിനിടയിൽ ഉയർന്നുവന്ന ഒറ്റ ചോദ്യത്തിൽ നിന്നാണ് സൗദി അറേബ്യയുടെ ദേശീയഗാനത്തിെൻറ ചരിത്രം ആരംഭിക്കുന്നത്. സ്വീകരണച്ചടങ്ങിൽ ഈജിപ്ഷ്യൻ ദേശീയഗാനം മുഴങ്ങിയപ്പോൾ, അന്നത്തെ സൗദി ഭരണാധികാരിയായിരുന്ന ഖാലിദ് രാജാവ് കൂടെയുണ്ടായിരുന്ന വാർത്താവിതരണകാര്യ മന്ത്രി ഡോ. മുഹമ്മദ് അബ്ദു യമാനിയോട് ഒരു കാര്യം ആരാഞ്ഞു; സൗദി റോയൽ സല്യൂട്ടിെൻറ സംഗീതത്തിനൊപ്പം ആലപിക്കാൻ എന്തുകൊണ്ടാണ് വരികൾ ഇല്ലാത്തത്?
സൗദിക്കൊരു ദേശീയഗാനം വേണമെന്ന ആശയത്തിന് അവിടെ തുടക്കമായി. തുടർന്ന് രാജ്യത്തിന് അനുയോജ്യമായ വരികൾ തയ്യാറാക്കാൻ മന്ത്രി പ്രമുഖ സൗദി കവികളെ സമീപിച്ചെങ്കിലും, 1982-ൽ ഖാലിദ് രാജാവിെൻറ നിര്യാണത്തെ തുടർന്ന് ആ പദ്ധതി താൽകാലികമായി നിലച്ചു. പിന്നീട് ഫഹദ് രാജാവ് അധികാരത്തിലെത്തിയപ്പോഴാണ് പദ്ധതിക്ക് വീണ്ടും ജീവൻ വെക്കുന്നതും പൂർത്തിയാക്കാൻ നിർദേശം നൽകുന്നതും.
അമീർ അബ്ദുല്ല അൽ ഫൈസലിെൻറ നിർദേശപ്രകാരം ഈ ചരിത്രദൗത്യം കവി ഇബ്രാഹിം ഖഫാജിയെ ഏൽപിച്ചു. ദൗത്യത്തെക്കുറിച്ച് അറിയിക്കാൻ ഈജിപ്തിലെ സൗദി അംബാസഡർ അന്വേഷിച്ചിറങ്ങുമ്പോൾ ഖഫാജി കൈറോവിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു. തുടർന്ന് ആറ് മാസം നീണ്ട കഠിനാധ്വാനത്തിെൻറയും പരിശോധനകളുടെയും ഘട്ടത്തിനവിടെ തുടക്കമായി.
വരികൾ തയാറാക്കുമ്പോൾ കൃത്യമായ ചില നിർദേശങ്ങൾ കവിക്ക് മുന്നിലുണ്ടായിരുന്നു. രചനയിൽ ഒരു രാജാവിെൻറയും പേര് വരാൻ പാടില്ലെന്നും സൗദിയുടെ മതപരവും പാരമ്പര്യവുമായ മൂല്യങ്ങൾ അതിൽ പൂർണമായും പാലിക്കപ്പെടണമെന്നുമായിരുന്നു അത്. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ, സൗദി ജനതയുടെ ഓർമകളിൽ ചിരപ്രതിഷ്ഠ നേടാൻ പോകുന്ന ആ വരികൾ പിറന്നു: സൗഭാഗ്യത്തിലേക്കും ഔന്നത്യത്തിലേക്കും കുതിക്കൂ, ആകാശത്തിെൻറ സ്രഷ്ടാവിനെ മഹത്വപ്പെടുത്തൂ!’
സാധാരണഗതിയിൽ വരികൾ എഴുതിയ ശേഷമാണ് സംഗീതം നൽകുന്നത്. എന്നാൽ സൗദി ദേശീയഗാനത്തിെൻറ കാര്യത്തിൽ സംഭവിച്ചത് നേരെ തിരിച്ചാണ്. നിലവിലുണ്ടായിരുന്ന റോയൽ സല്യൂട്ടിെൻറ സംഗീതത്തിന് അനുയോജ്യമായ രീതിയിലാണ് ഖഫാജി വരികൾ രചിച്ചത്. ഈ സംഗീതം സംഗീതജ്ഞനായ താരിഖ് അബ്ദുൽ ഹക്കീമിേൻറതാണെന്ന് ചില റിപ്പോർട്ടുകൾ പറയുമ്പോൾ, ഈജിപ്ഷ്യൻ സംഗീതജ്ഞനായ അബ്ദുൽ റഹ്മാൻ അൽ ഖതീബാണ് ഇതിന് പിന്നിലെന്ന് മറ്റ് ചില സ്രോതസ്സുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഈ സംഗീതം പുതുക്കി ചിട്ടപ്പെടുത്തുന്നതിലും വിതരണം ചെയ്യുന്നതിലും താരിഖ് അബ്ദുൽ ഹക്കീം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തുടർന്ന്, ഈ വരികളെ സംഗീതവുമായി സമന്വയിപ്പിച്ച് മ്യൂസിക്കൽ അറേഞ്ച്മെൻറ് പൂർത്തിയാക്കിയത് പ്രശസ്ത സംഗീതജ്ഞനായ സിറാജ് ഉമറായിരുന്നു.
പ്രവൃത്തികൾ പൂർത്തിയായതോടെ, അന്നത്തെ വാർത്താവിതരണ മന്ത്രി അലി അൽശാഇറിെൻറ നേതൃത്വത്തിൽ ദേശീയഗാനം ഫഹദ് രാജാവിന് മുന്നിൽ അവതരിപ്പിച്ചു. അംഗീകാരം നൽകിയ രാജാവ്, സൗദിയുടെ എല്ലാ എംബസികളിലും ഇത് നടപ്പാക്കാൻ ഉത്തരവിട്ടു.അങ്ങനെ 1984 ജൂൺ 29-ന് (1404 ശവ്വാൽ ഒന്ന്), ചെറിയ പെരുന്നാൾ ദിനമായ ഒരു വെള്ളിയാഴ്ച, ആ വരികൾ കടലാസുകളിൽ നിന്ന് എല്ലാവരും കേൾക്കുന്ന ശബ്ദമായി മാറി. സൗദി റേഡിയോയും ടെലിവിഷനും അന്ന് ആദ്യമായി ദേശീയഗാനം സംപ്രേക്ഷണം ചെയ്തു. അതോടെ സ്കൂളുകൾ, ഔദ്യോഗിക ചടങ്ങുകൾ, ദേശീയ ആഘോഷങ്ങൾ, സ്റ്റേഡിയങ്ങൾ എന്നിവിടങ്ങളിലെല്ലാം ‘സൗഭാഗ്യത്തിലേക്കും ഔന്നത്യത്തിലേക്കും കുതിക്കൂ...’ എന്ന വരികൾ മുഴങ്ങിത്തുടങ്ങി. ഒരു ചോദ്യത്തിൽ നിന്ന് തുടങ്ങി, വരികൾക്കായി കാത്തിരുന്ന സംഗീതത്തിന് മേൽ ആറ് മാസത്തെ എഴുത്തിലൂടെ പിറന്ന ഇബ്രാഹിം ഖഫാജിയുടെ രചന, വെറുമൊരു പാട്ടല്ലാതെ സൗദി അറേബ്യയുടെ തന്നെ ഔദ്യോഗിക ശബ്ദമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.