ജിദ്ദ: ജുമുഅ, ജമാഅത്ത് നമസ്കാരങ്ങൾക്ക് ഞായാറാഴ്ച മുതൽ പള്ളികൾ തുറക്കാനുള്ള തീരുമാനം വന്നതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പള്ളികളിൽ ശുചീകരണ, അണുമുക്തമാക്കൽ, അറ്റകുറ്റ പണിതീർക്കൽ ജോലികൾ തകൃതിയിൽ. കോവിഡ് വ്യാപനം തടയാൻ മുൻകരുതൽ നടപടിയായി രണ്ട് മാസത്തിലധികമായി അടച്ചിട്ട രാജ്യത്തെ 98,800ലേറെ പള്ളികളാണ് ഞായറാഴ്ച തുറക്കുന്നത്. കർശന ആരോഗ്യ സുരക്ഷ മുൻകരുതലോടെയാണ് പള്ളികൾ തുറന്നു കൊടുക്കുകയെന്ന് കഴിഞ്ഞ ദിവസം മതകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
പള്ളി ജീവനക്കാരും പള്ളിയിലെത്തുന്നവരും പാലിക്കേണ്ട ആരോഗ്യ സുരക്ഷ മുൻകരുതൽ സംബന്ധിച്ച് മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് വ്യക്തമാക്കിയിരുന്നു. ഇതിെൻറ മുന്നോടിയായാണ് ഇപ്പോൾ പള്ളികളിൽ അവസാനവട്ട ശുചീകരണ, അണുമുക്തമാക്കൽ ജോലികൾ നടന്നുവരുന്നത്. പള്ളികൾ അടച്ചിട്ടത് മുതൽ തന്നെ ശുചീകരണത്തിനും അണുമുക്തമാക്കലിനും പ്രത്യേക പദ്ധതികൾ മതകാര്യ മന്ത്രാലയം ആവിഷ്കരിച്ചിരുന്നു. 10 ദശലക്ഷത്തിലധികം ചതുരശ്ര മീറ്റർ നമസ്കാര വിരിപ്പുകളും വിവിധ വലുപ്പത്തിലുള്ള 43 ദശലക്ഷം മുസ്ഹഫുകളും ആറ് ലക്ഷത്തിലധികം മുസ്ഹഫ് അലമാരകളും 1,76,000ലേറെ അംഗശുചീകരണ കേന്ദ്രങ്ങളും ഇതിനകം അണുമുക്തമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം മുഴുവൻ പള്ളികൾക്കും ശുചീകരണങ്ങൾക്കും അണുമുക്തമാക്കലിനും വേണ്ട രാസപദാർഥങ്ങൾ ലഭ്യമാക്കുകയും ചെയ്തിരുന്നു. അതേസമയം പള്ളികളിൽ പാലിക്കേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് പത്രങ്ങളിലൂടെയും ചാനലുകളിലുടെയും ഡിജിറ്റൽ ഫ്ലാറ്റ്ഫോമുകളിലുടെയും പോർട്ടലുകളിലുടെയും വിവിധ ഭാഷകളിൽ ആളുകളെ ബോധവത്കരിക്കുന്ന നടപടികളും ശക്തമാക്കിയിട്ടുണ്ട്. പള്ളികളിലേക്ക് പുറപ്പെടുന്നവർ വീടുകളിൽ നിന്ന് അംഗശുദ്ധി വരുത്തണമെന്നും കൈകൾ നന്നായി കഴുകണമെന്നും പള്ളിയിൽ പ്രവേശിക്കും മുമ്പും ശേഷവും സ്റ്റെറിലൈസറുകൾ ഉപയോഗിക്കണമെന്നുമാണ് ബോധവത്കരണം നടത്തുന്നത്. വിട്ടുമാറാത്ത രോഗമുള്ളവരും പ്രായം കൂടിയവരും വീടുകളിൽ തന്നെ നമസ്കരിക്കാനാണ് നിർദേശം. ഒരോരുത്തരും നമസ്കാര വിരിപ്പും മുസ്ഹഫും കൂടെ കൊണ്ടുവരണം. നമസ്കാര ശേഷം പള്ളിയിൽ അവ ഇട്ടുപോകാൻ പാടില്ല. 15 വയസിൽ താളെയുള്ളവരെ കൂടെ കൊണ്ടുവരരുത്. സ്വഫുകൾക്കിടയിൽ അകലം പാലിക്കണം, ഹസ്തദാനമൊഴിവാക്കണം, മാസ്കുകൾ ധരിക്കണം തുടങ്ങിയ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.