മുട്ട വിപണിയിലെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഇല്ലാതാക്കാൻ ലുലുവിനോട് കൈകോർത്ത് സൗദി കാർഷിക, വാണിജ്യ മന്ത്രാലയങ്ങൾ

റിയാദ്: മുട്ട വിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഇല്ലാതാക്കാൻ കൈകോർത്ത് സൗദി കാർഷിക, വാണിജ്യ മന്ത്രാലയങ്ങളും ലുലു ഹൈപർമാർക്കറ്റും. രാജ്യത്തെ കോഴിഫാമുകളിൽനിന്ന് ഇടനിലക്കാരില്ലാതെ മുട്ട നേരിട്ട് ലുലു ഹൈപർമാർക്കറ്റുകളിലെത്തിക്കാനാണ് പുതിയ നീക്കം.

ഇതിനായി മുട്ട ഉൽപാദകരുടെ അസോസിയേഷനും ലുലു ഗ്രൂപ്പും ധാരണാപത്രം ഒപ്പിട്ടു. സൗദി ഭക്ഷ്യസുരക്ഷയുടെയും കാർഷിക മേഖലയുടെയും കാര്യത്തിലുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ കരാർ. ഇതിലൂടെ പ്രാദേശിക വിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഇല്ലാതാക്കാനാവും. രാജ്യത്തെ കോഴി ഫാമുകളിൽ നിന്ന് മുട്ടകൾ നേരിട്ട് ലുലു ഹൈപർമാർക്കറ്റുകളിലേക്കും സ്റ്റോറുകളിലേക്കും വിതരണം ചെയ്യാൻ അസോസിയേഷനെ ഈ ധാരണാപത്രം പ്രാപ്തരാക്കും.

മുട്ടകൾ ഫാമിൽ നിന്ന് വേഗത്തിൽ ലുലുവഴി ഉപഭോക്താക്കളുടെ തീൻമേശകളിലെത്താനും കോഴി കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ മികച്ച സാമ്പത്തികലാഭമുണ്ടാക്കാനും ഇതുവഴി സാധിക്കും. സൗദി അറേബ്യയിൽ 27 ഹൈപർമാർക്കറ്റുകളുള്ള, മധ്യപൗരസ്ത്യൻ-ഉത്തരാഫ്രിക്കൻ മേഖലയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ലുലു ഗ്രൂപ്പുമായി സൗദി മുട്ട ഉൽപാദകർക്ക് ധാരണയുണ്ടാക്കാൻ കഴിഞ്ഞത് ഇരുകൂട്ടർക്കും കാർഷിക രംഗത്തിനും ഉപഭോക്താക്കൾക്കുമെല്ലാം ഒരുപോലെ പ്രയോജനകരമാണ്.

സൗദി മുട്ട ഉൽപാദകരുടെ അസോസിയേഷൻ കോഓപറേറ്റീവ് സെക്ഷൻ മേധാവി അബ്ദുൽ അസീസ് അൽശൈഖും ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദും സൗദി കാർഷിക, വാണിജ്യ മന്ത്രാലയ പ്രതിനിധികളോടൊപ്പം

ധാരണാപത്രം ഒപ്പുവെച്ച ചടങ്ങിൽ പരിസ്ഥിതി-ജലം-കാർഷിക മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി എൻജി. അഹ്മദ് ബിൻ സാലെ അൽഅയാദ, വാണിജ്യ മന്ത്രാലയം അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് അൽഉബൈദ് എന്നിവർ പങ്കെടുത്തു. ലുലു ഗ്രൂപ്പിന് വേണ്ടി ലുലു സൗദി ഹൈപർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദും സൗദി മുട്ട ഉൽപാദക അസോസിയേഷന് വേണ്ടി കോഓപറേറ്റീവ് അസോസിയേഷൻ മേധാവി അബ്ദുൽ അസീസ് അൽശൈഖും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

വേഗത്തിൽ ദഹനശേഷിയുള്ളതും പ്രോട്ടീന്റെയും മിനറൽസിന്റെയും സമ്പുഷ്ട സ്രോതസുമെന്ന നിലയിൽ ഏറെ ജനപ്രിയമായ ഭക്ഷ്യവസ്തുവാണ് മുട്ടയെന്നും ഈ ധാരണാപത്രം ഞങ്ങൾക്ക് മേന്മയേറിയ മുട്ടകൾ ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുന്നതിനും സൗദിയിലെ കാർഷികമേഖലക്ക് വലിയതോതിൽ പിന്തുണ നൽകുന്നതിനും സഹായിക്കുമെന്നും ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ പിന്തുണയും ലുലു ഹൈപ്പർമാർക്കറ്റുകളിലൂടെയും സ്റ്റോറുകളിലൂടെയും വലിയൊരു ഉപഭോക്തൃവൃത്തത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്നു എന്നതും സൗദി മുട്ട ഉൽപാദകരുടെ അസോസിയേഷന് വൻനേട്ടമാണെന്ന് കോഓപറേറ്റീവ് അസോസിയേഷൻ മേധാവി അബ്ദുൽ അസീസ് അൽശൈഖ് അഭിപ്രായപ്പെട്ടു.

ഈ ധാരണാപത്രം ഉപഭോക്താക്കൾക്ക് ഫാമിൽനിന്ന് പുതുമമാറാത്ത മുട്ടകൾ ഏറ്റവും വേഗത്തിലും ലാഭകരമായ രീതിയിലും ലഭ്യമാക്കാനും പ്രാദേശിക കാർഷികവാണിജ്യ രംഗത്തിന് വലിയ പിന്തുണ കിട്ടുന്നതിനും സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Saudi Ministry of Agriculture and Commerce join hands with Lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.