വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആകർഷിക്കാൻ ചട്ടഭേദഗതിക്കൊരുങ്ങി സൗദി

ജുബൈൽ: ലോകത്തെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി ചട്ടങ്ങളിൽ ഭേദഗതി വരുത്താനൊരുങ്ങി സൗദി അറേബ്യ. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ സർവകലാശാല വിദ്യാഭ്യാസ ഏജൻസി, സ്വകാര്യ സർവകലാശാല വിദ്യാഭ്യാസ ചട്ടങ്ങളുടെ എക്സിക്യൂട്ടിവ് വിങ് എന്നിവയുടെ നേതൃത്വത്തിലാണ് നിയമനിർമാണത്തിനായി ചർച്ച പുരോഗമിക്കുന്നത്. വിദേശങ്ങളിലെ മുൻനിര സ്ഥാപനങ്ങളെ ആകർഷിക്കുന്നതിനും വിദേശ നിക്ഷേപാവസരങ്ങൾ വർധിപ്പിക്കാനുമാണിത്. സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനും സർവകലാശാല വിദ്യാഭ്യാസം മെച്ചപ്പെടുത്തി ആഗോള മത്സരം സാധ്യമാക്കുന്നതിനും ഇത് വഴിവെക്കും എന്നാണ് കരുതുന്നത്.

മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കു പ്രകാരം രാജ്യത്തെ 15 സർവകലാശാലകളിലും 42 സ്വകാര്യ കോളജുകളിലുമായി പഠിക്കുന്ന ആകെ വിദ്യാർഥികളുടെ എണ്ണം 86,000 ആണ്. ഇതിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒമ്പതു സർവകലാശാലകളും ഉൾപ്പെടുന്നു. രാജ്യത്തിനുള്ളിൽ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനങ്ങൾ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികൾ സ്വകാര്യ സർവകലാശാല വിദ്യാഭ്യാസ ഏജൻസി നിരീക്ഷണം നടത്തി കണ്ടെത്തിയിട്ടുണ്ട്.

നിക്ഷേപ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മോഡോൺ അതോറിറ്റി, വിദ്യാഭ്യാസ-പരിശീലന മൂല്യനിർണയ കമീഷൻ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ പൊതുനിക്ഷേപ-സ്വകാര്യവത്കരണ വകുപ്പ് എന്നിവയുൾപ്പെടെ ബന്ധപ്പെട്ട അധികാരികളുമായി നിരവധി കൂടിക്കാഴ്ചകൾ ഇതിനകം നടന്നുകഴിഞ്ഞു.

സർവകലാശാല വിദ്യാഭ്യാസത്തിൽ ലഭ്യമായ നിക്ഷേപസാധ്യതകളും വിദേശത്ത് വിപണനം ചെയ്യാനുള്ള സാധ്യതയും പഠിക്കാനും നിക്ഷേപകർ നേരിടുന്ന ബുദ്ധിമുട്ടുകളും വെല്ലുവിളികളും പരിഹരിക്കാനും ചട്ടത്തിലെ ഭേദഗതി മൂലം സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘വിഷൻ 2030’ ലക്ഷ്യങ്ങളുടെ ഭാഗമാണ് പുതിയ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ.

Tags:    
News Summary - Saudi is preparing to amend regulations to attract foreign educational institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.