ജിദ്ദ: മുസ്ലിം സമൂഹത്തെ ദുർബലപ്പെടുത്തുന്ന വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷനൽ എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാനുള്ള മുസ്ലിം സമൂഹത്തിന്റെ ശ്രമങ്ങളെ ദുർബലപ്പെടുത്താനും വഖഫ് ആസ്തികളിൽ അവർക്കുള്ള നിയന്ത്രണം ഇല്ലാതാക്കുന്നതിനുമുള്ള നിയമ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടിയുള്ള ഒളിഞ്ഞിരിക്കുന്ന മറയാണ് നിർദിഷ്ട വഖഫ് ഭേദഗതികൾ. സാമൂഹികമായ ഉന്നമനത്തിനുവേണ്ടിയുള്ള മാറ്റങ്ങളായിരുന്നു ഉദ്ദേശ്യമെങ്കിൽ അത് ബലപ്രയോഗത്തിലൂടെയല്ല, കൂടിയാലോചനയിലൂടെയാണ് പരിഷ്കരിക്കേണ്ടത്. മുസ്ലിം ന്യൂനപക്ഷ അവകാശങ്ങൾ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നതിന്റെ അപകടകരമായ സമീപനമാണ് തീവ്ര വലതുപക്ഷ ഗവൺമെന്റ് പുലർത്തിപോരുന്നത്. രാജ്യത്തെ മുസ്ലിംകളെ പീഡിപ്പിക്കാനും അവരെ രണ്ടാംതരം പൗരന്മാരുടെ അവസ്ഥയിൽ നിലനിർത്താനുമുള്ള മറ്റൊരു ശ്രമമാണിത്.
മുസ്ലിംകളെ അരികുവത്കരിക്കുകയും അവരുടെ സാമൂഹിക-സാമ്പത്തിക ചലനശേഷി പരിമിതപ്പെടുത്തുകയും ചെയ്യുക എന്നത് ഇന്ത്യൻ ഫാഷിസ്റ്റുകളുടെ പ്രത്യയശാസ്ത്ര ദൗത്യവുമാണ്. അതാണ് വഖഫ് ഭേദഗതിയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ മുസ്ലിം സമൂഹത്തിന് നേരെയുള്ള ഒരു വ്യവസ്ഥാപിത ആക്രമണമായ വഖഫ് ഭേദഗതി ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.
നിർദ്ദിഷ്ട വഖഫ് ബില്ലിനെ എതിർക്കാനും ന്യൂനപക്ഷ അവകാശങ്ങൾ, ഭരണഘടനാപരമായ സംരക്ഷണങ്ങൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ മതേതര ഘടന എന്നിവ സംരക്ഷിക്കാനും എല്ലാ ജനാധിപത്യ വിശ്വാസികളോടും ഇന്ത്യൻ സിവിൽ സമൂഹത്തോടും അഭ്യർഥിക്കുന്നതായും കമ്മിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.