ജിദ്ദ: സൗദി-ഇന്ത്യൻ സാംസ്കാരിക സൗഹൃദത്തിന്റെ കരുത്ത് വിളിച്ചോതി ഗുഡ് വിൽ ഗ്ലോബൽ ഇനിഷ്യേറ്റീവ് (ജി.ജി.ഐ) സംഘടിപ്പിക്കുന്ന ‘സൗദി ഇന്ത്യ ഫെസ്റ്റിവൽ സീസൺ-2’ വെള്ളിയാഴ്ച നടക്കും. ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ സാംസ്കാരികോത്സവം ജിദ്ദ അൽ റിഹാബിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിലാണ് അരങ്ങേറുന്നത്. വൈകുന്നേരം ആറ് മുതൽ രാത്രി 11 വരെയാണ് പരിപാടികൾ.
ഗൾഫിലേക്കുള്ള അരനൂറ്റാണ്ടുകാലത്തെ ഇന്ത്യൻ കുടിയേറ്റത്തിന്റെ നാഴികക്കല്ലുകളെ അടയാളപ്പെടുത്തുന്നതിനായി ‘അരനൂറ്റാണ്ടത്തെ കുടിയേറ്റ ഇടനാഴി’ എന്ന സവിശേഷമായ ശീർഷകത്തിലാണ് ഇത്തവണ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കുടിയേറ്റ പാതയായ ഇൻഡോ-ഗൾഫ് ഇടനാഴിയുടെ സ്പന്ദനങ്ങളും പ്രവാസ ചരിത്രത്തിലെ സാംസ്കാരിക ഏടുകളും പരിപാടിയിൽ പുനരാവിഷ്കരിക്കപ്പെടും.
ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ഇന്ത്യാ-അറബ് സൗഹൃദവും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തവും ഇത്തരം വേദികളിലൂടെ കൂടുതൽ കരുത്താർജിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ കോൺസൽമാരും സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
സൗദി അറേബ്യയുടെയും ഇന്ത്യയുടെയും തനത് കലാരൂപങ്ങൾ ഒത്തുചേരുന്ന അപൂർവ്വമായ കലാവിരുന്നാണ് അണിയറയിൽ ഒരുങ്ങുന്നത്. വിഖ്യാത സൗദി ഫോക് അക്കാദമിയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന അൽഖുത്വ, അൽഖുബൈതി, അൽമിസ്മാർ, അൽജിസാനി, അൽബഹ്രി തുടങ്ങിയ നാടോടി നൃത്തങ്ങളും ഇന്ത്യൻ കലകളായ കഥക്, ഒഡിസി, ഭരതനാട്യം, പഞ്ചാബി-ഗുജറാത്തി നൃത്തങ്ങൾ, ഒപ്പന, സൂഫി ഡാൻസ് എന്നിവയ്ക്കൊപ്പം കൗമാര പ്രതിഭകളുടെ ഫ്യൂഷൻ പ്രകടനങ്ങളും അരങ്ങേറും.
പ്രമുഖ ഇന്ത്യൻ ഗായകർ നയിക്കുന്ന സംഗീത വിരുന്നും പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കുമെന്ന് ലേഡീസ് വിങ് കൺവീനറും കൊറിയോഗ്രഫറുമായ റഹ്മത്ത് മുഹമ്മദ് ആലുങ്ങൽ അറിയിച്ചു. ജി.ജി.ഐ പ്രസിഡൻറ് ഹസൻ ചെറൂപ്പയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ചീഫ് കോഓഡിനേറ്റർമാരായ കബീർ കൊണ്ടോട്ടി, അബു കട്ടുപ്പാറ, ഇബ്രാഹിം ശംനാട്, ഫൈറൂസ് കൊണ്ടോട്ടി എന്നിവർ ഒരുക്കം വിലയിരുത്തി. ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം പൊതുജനങ്ങൾക്ക് പൂർണമായും സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.