റിയാദ്: അടുത്ത ഹജ്ജിനുള്ള തയാറെടുപ്പുകൾ സൗദി സെൻട്രൽ ഹജ്ജ് കമ്മിറ്റി അവലോകനം ചെയ്തു. മക്ക ഡെപ്യൂട്ടി ഗവർണറും ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ ബദർ ബിൻ സുൽത്താന്റെ അധ്യക്ഷതയിൽ ചേർന്ന ഹജ്ജ് കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് തയാറെടുപ്പുകൾ വിലയിരുത്തിയത്. മക്ക ഗ്രാൻഡ് മസ്ജിദിലെ ഒരുക്കങ്ങൾ, തീർഥാടകരെ സ്വീകരിക്കാനുള്ള ഏർപ്പാടുകൾ, സേവനങ്ങൾ നൽകാനുള്ള സംവിധാനങ്ങൾ, ജീവനക്കാരുടെ സന്നദ്ധത തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്.
ജിദ്ദ വിമാനത്താവളം-തുറമുഖം എന്നിവിടങ്ങളിലെ ക്രമീകരണങ്ങൾ, തീർഥാടകരുടെ വരവും പോക്കുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വേഗത തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.അറഫ അടക്കമുള്ള പുണ്യസ്ഥലങ്ങളിലെ സൗകര്യങ്ങളും ക്രമീകരണങ്ങളും, മിനായിലെ തീർഥാടകരുടെ പാർപ്പിട മേഖലകൾ വർധിപ്പിക്കുന്നതടക്കമുള്ള വികസന പദ്ധതികൾ, മക്ക ഗ്രാൻഡ് മസ്ജിദിന് ചുറ്റുമുള്ള ട്രാൻസ്പോർട്ട് സ്റ്റേഷനുകളുടെ വികസനം എന്നിവ യോഗം അവലോകനം ചെയ്തു. മുഹർറം ഒന്നിന് ആരംഭിച്ച പുതിയ സീസണിൽ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള അരക്കോടിയോളം തീർഥാടകർ ഉംറ നിർവഹിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയ ഉദ്യോഗസ്ഥർ യോഗത്തിൽ വെളിപ്പെടുത്തി.
യോഗത്തിൽ ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ, ഗതാഗത- ലോജിസ്റ്റിക്സ് മന്ത്രി സ്വാലിഹ് അൽ-ജാസിർ, പാസ്പോർട്ട് ഡയറക്ടർ ലഫ്. ജനറൽ സുലൈമാൻ അൽ-യഹ്യ, പബ്ലിക്ക് സെക്യൂരിറ്റി ഡയറക്ടർ ലഫ്. ജനറൽ മുഹമ്മദ് അൽ-ബസ്സാമി തുടങ്ങിയവരും എയർപോർട്ട്, ഇസ്ലാമിക് സീ പോർട്ട് അധികൃതരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.