സൗദി മണ്ണിൽ ഇറാഖിനെ മലർത്തിയടിച്ച്​ അർജൻറീന

റിയാദ്​: ഇറാഖുമായി വ്യാഴാഴ്​ച രാത്രി റിയാദിൽ നടന്ന ഫുട്​ബാൾ മത്സരത്തിൽ അർജൻറീനക്ക്​ ഏകപക്ഷീയ വിജയം. മലസ് അമീർ ഫൈസൽ ബിൻ ഫഹദ് സ്​റ്റേഡിയത്തെ ഇളക്കിമറിച്ച സൗഹൃദ പോരിൽ താരതമ്യേന ദുർബലരായ ഇറാഖി​​​െൻറ വലക്കുള്ളിലേക്ക്​ നാല്​ തവണയാണ്​​ നീലപ്പട നിറയൊഴിച്ചത്​. ഒറ്റൊന്നിന്​ പോലും മറുപടി കൊടുക്കാൻ ഇറാഖിനായില്ല.

ലോകകപ്പിലെ നിരാശപ്പെടുത്തിയ പ്രകടനത്തിന് ശേഷം താൽക്കാലിക ചുമതല ഏൽപ്പിക്കപ്പെട്ട അർജൻറീനക്കാരനായ പുതിയ കോച്ച്​ ലയണൽ സ്‌കോളനിക്ക് കീഴിൽ തോൽവി അറിയാതെ മുന്നേറുന്ന അർജൻറീനിയൻ ടീമിന് ആത്മവിശ്വാസം വർധിപ്പിക്കുന്നതായിരുന്നു ഇൗ വിജയം. ഡിബാല, റൊമേരോ എന്നീ സൂപർ സ്​റ്റാറുകളെ മാറ്റി നിർത്തിയാൽ തീർത്തും പുതുമുഖങ്ങൾക്ക് അവസരം നൽകിയായിരുന്നു അർജൻറീനയുടെ പ്രകടനം.
കളികാണാനെത്തിയ 19,000 ഒാളം കളിപ്രേമികളിൽ ഭൂരിപക്ഷവും മലയാളികളായിരുന്നു. കുടുംബസമേതമാണ്​ പലരുമെത്തിയത്​. മലയാളി കുടുംബിനികളും കുട്ടികളും ഉൾപ്പെടെ നിരവധി കുടുംബങ്ങൾ ഗാലറിയിൽ നിരന്നു. ഫുട്​ബാൾ സ്​റ്റേഡിയങ്ങളിലെ ഗാലറികളിൽ സ്​ത്രീകൾക്ക്​ സൗദി അറേബ്യ പ്രവേശനാനുമതി നൽകിയത്​ അടുത്തിടെയാണ്​.

നാട്ടിലെ സ്​റ്റേഡിയത്തിൽ കളികാണുന്ന പ്രതീതി സൃഷ്​ടിക്കാൻ മലയാളികളുടെ കൊട്ടുംപാട്ടുമായുള്ള ആരവത്തിനായി. ലോക ഫുട്ബാൾ റാങ്കിങ്ങിൽ 89ാം സ്‌ഥാനത്തുള്ള ഇറാഖും 11ാം സ്‌ഥാനത്തുള്ള അർജൻറീനയും തമ്മിലുള്ള പോരാട്ടത്തിൽ കാണികളും മറ്റൊരു ഫലം പ്രതീക്ഷിച്ചില്ല.​ എന്നാൽ പോലും ആസ്വാദ്യകരമായിരുന്നു കളിയെന്ന്​ മലയാളികൾ പ്രതികരിച്ചു.

അർജൻറീനിയൻ പ്രതിരോധ നിരയുടെ മുനയൊടിക്കാൻ ഇറാഖികൾക്ക്​ ഒരിക്കൽ പോലും സാധിച്ചില്ല. മറുവശത്ത്​ ഇൻറർ മിലാന്​ വേണ്ടി ബൂട്ടണിയുന്ന ലുട്ടറോ മാർടി​െനസും മാക്സിമിലിനോ മെസയും കൂടെ ഡിബാലയും ചേർന്ന് നല്ല മുന്നേറ്റങ്ങളാണ് തുടക്കം മുതലേ നടത്തിയത്. 18ാമത്തെ മിനുട്ടിൽ ത​​​െൻറ രണ്ടാമത്തെ രാജ്യാന്തര മത്സരം കളിച്ച 21കാരനായ മാർട്ടിനെസ് മനോഹരമായ ഹെഡർ ഗോളിലൂടെ അർജൻറീനയുടെ ഗോൾ പട്ടിക തുറന്നു.
രണ്ടാം പകുതി ഗോൾ മയമായിരുന്നു. പകരക്കാരനായി ഇറങ്ങിയ റോബർട്ടോ പെരേരയും ഇറ്റാലിയൻ ലീഗിൽ ​േഫ്ലാറൻറീനയുടെ പ്രതിരോധം കാക്കുന്ന ജർമ പെസല്ലയും നേടിയ ഗോളുകളിലൂടെ ലീഡ് മൂന്നായി ഉയർന്നു.

മത്സരത്തിലെ ഹൈലൈറ്റ്​ പകരക്കാരനായി ഇറങ്ങിയ ഫ്രാങ്കോ സെർവി എന്ന ബെനെഫിക്കൻ വിങ്ങറുടെ അതി മനോഹരമായ ട്രിബ്ലിങ് ഗോളായിരുന്നു. മൂന്നു ഇറാഖി പ്രതിരോധനിരക്കാരെ ത​​​െൻറ അതിവേഗതയിലൂടെ മറികടന്ന്​ പോസ്​റ്റി​​​െൻറ വലത്​ മൂലയിലേക്ക് നിറയൊഴിച്ചപ്പോൾ മെസ്സിയുടെ അഭാവം പരിഹരിക്കുന്നതായി മാറി. സെർവിയിൽ നിന്നും ഇനിയും ഒരുപാട്​ പ്രതീക്ഷിക്കാൻ വക നൽകുന്ന ഗോളായിരുന്നു അത്. ബ്രസീലിനെതിരെ ചൊവ്വാഴ്ച ജിദ്ദയിൽ നടക്കുന്ന മത്സരത്തിൽ അർജൻറീനിയൻ യുവനിരയുടെ പ്രകടനത്തിനായി ഫുട്ബാൾ ലോകം കാത്തിരിക്കുന്നു.

തയാറാക്കിയത്​:
ഉസാമ കളത്തിങ്ങൽ

Tags:    
News Summary - saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.