സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് അൽ ​ശൈഖ്

സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലു ​ശൈഖ് അന്തരിച്ചു

റിയാദ്: സൗദി ഗ്രാന്റ് മുഫ്തിയും മുതിർന്ന പണ്ഡിതരുടെ കൗൺസിൽ തലവനുമായ ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് സൗദി റോയൽ കോടതി അറിയിച്ചു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ അദ്ദേഹത്തിൻ്റെ മൃതദേഹം ഖബറടക്കി. മക്ക മസ്ജിദുൽ ഹറാം, മദീന മസ്ജിദുന്നബവി, രാജ്യത്തെ മറ്റ് എല്ലാ പള്ളികളിലും അദ്ദേഹത്തിനായി ചൊവ്വാഴ്ച്ച ളുഹർ നമസ്കാരത്തിന് ശേഷം മയ്യിത്ത് നമസ്കാരം നടത്താൻ സൽമാൻ രാജാവ് നിർദ്ദേശം നൽകിയിയിരുന്നു.

അദ്ദേഹത്തിൻ്റെ വിയോഗത്തിലൂടെ ഇസ്ലാമിനും മുസ്ലിങ്ങൾക്കും ഇസ്ലാമിക വിജ്ഞാനത്തിനും വലിയ സംഭാവനകൾ നൽകിയ ഒരു വിശിഷ്ട പണ്ഡിതനെയാണ് സൗദി അറേബ്യക്കും ഇസ്ലാമിക ലോകത്തിനും നഷ്ടമായതെന്ന് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സൗദി ജനതക്കും ഇസ്ലാമിക ലോകത്തിനും സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മ്ദ് ബിൻ സൽമാനും അനുശോചനം അറിയിച്ചു.

1999ലാണ് സൗദി അറേബ്യയിലെ ഏറ്റവും ഉയർന്ന മതപരമായ പദവിയായ ഗ്രാന്റ് മുഫ്തി സ്ഥാനത്തേക്ക് ആലു ശൈഖ് ​നിയമിതനാവുന്നത്. ശരീഅത്ത് നിയമം വ്യാഖ്യാനിക്കുകയും നിയമപരവും സാമൂഹികവുമായ കാര്യങ്ങളിൽ ഫത്‌വകൾ പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം രാജ്യത്തെ ഏറ്റവും ഉയർന്ന റാങ്കിലുള്ള മതപണ്ഡിതനായി സേവനമനുഷ്ഠിച്ചു. ഗ്രാൻഡ് മുഫ്തി സ്ഥാനത്തിന് പുറമെ കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്‌സ് ചെയർമാൻ, ജനറൽ പ്രസിഡൻസി ഫോർ സയൻ്റിഫിക് റിസർച്ച് ആൻഡ് ഇഫ്താ പ്രസിഡന്റ്, മുസ്ലിം വേൾഡ് ലീഗ് സുപ്രീം കൗൺസിൽ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

ശൈഖ് അബ്ദുൽ അസീസ് ആലു ​ശൈഖ് ഇസ്ലാമിക ലോകം കണ്ട ഏറ്റവും പ്രമുഖരായ പണ്ഡിതന്മാരിൽ ഒരാളായിരുന്നു. സൗദി അറേബ്യയുടെയും ഇസ്ലാമിക ലോകത്തിന്റെയും മതപരമായ കാര്യങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ളയാളാണ് ആലു ശൈഖ്. വിദ്യാഭ്യാസ, സാമൂഹിക, മതരംഗങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ വലുതാണ്. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ വിജ്ഞാന രംഗത്തും ഇസ്ലാമിക ലോകത്തും ഒരു വലിയ ശൂന്യതയാണ് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ പാണ്ഡിത്യവും ലാളിത്യവും ജീവിതകാലം മുഴുവൻ എല്ലാവർക്കും ഒരു വഴികാട്ടിയായിരുന്നു.

Tags:    
News Summary - Saudi Grand Mufti dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.