സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ജിദ്ദയിൽ ഒ.ഐ.സി അടിയന്തര മന്ത്രിതല യോഗത്തിൽ
ജിദ്ദ: ഗസ്സയിൽ വെടിനിർത്തൽ നിലനിർത്തേണ്ടതിന്റെയും നടപ്പാക്കേണ്ടതിന്റെയും ആവശ്യകത സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഊന്നിപ്പറഞ്ഞു. ജിദ്ദയിൽ ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് അംഗരാജ്യങ്ങളുടെ വിദേശമന്ത്രിമാരുടെ അസാധാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാനും കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനും ഫലസ്തീൻ ജനതയെ അവരുടെ നാട്ടിൽനിന്ന് കുടിയിറക്കാനുള്ള ആഹ്വാനങ്ങളെ പൂർണമായും തള്ളിക്കളയാനും ഇസ്രായേലിനെ നിർബന്ധിക്കണമെന്ന് വിദേശകാര്യ മന്ത്രി ആഹ്വാനം ചെയ്തു.
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനായി ‘ഇന്റർനാഷനൽ അലയൻസ് ടു ഇംപ്ലിമെന്റ് ദി ടു-സ്റ്റേറ്റ് സൊല്യൂഷൻ’ വഴി സൗഹൃദ രാജ്യങ്ങളുമായി സൗദി അറേബ്യ തുടർച്ചയായി ബന്ധപ്പെട്ടും ചർച്ചകൾ നടത്തിയും കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
എല്ലാവർക്കും സമാധാനവും സുരക്ഷിതത്വവും ഉറപ്പുനൽകുന്ന തന്ത്രപരമായ സമീപനമെന്ന നിലയിൽ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ 1967-ലെ അതിർത്തിയിൽ കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ മേഖലയിൽ ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കാനാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ അറബ്, ഇസ്ലാമിക ശ്രമങ്ങളെ ശക്തിപ്പെടുത്താൻ ശ്രമിച്ചുകൊണ്ട് ഫലസ്തീൻ വിഷയത്തിൽ തന്റെ രാജ്യം തുടർന്നും പിന്തുണ നൽകും. ഇതിനായി 2023, 2024 വർഷങ്ങളിൽ റിയാദ് രണ്ട് അസാധാരണ അറബ്-ഇസ്ലാമിക് ഉച്ചകോടികൾ നടത്തി.
ഇത് ഗസ്സക്കെതിരായ ആക്രമണം അവസാനിപ്പിക്കാനും സമാധാനത്തെ പിന്തുണക്കുന്ന രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനും സുസ്ഥിര സമാധാനം കൈവരിക്കുന്നതിനുള്ള ഗൗരവമായ നടപടികൾ കൈക്കൊള്ളാനും ലക്ഷ്യമിട്ട് സൗദിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി സ്ഥാപിക്കുന്നതിനും കാരണമായെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഒ.ഐ.സിയിലേക്കുള്ള സിറിയയുടെ തിരിച്ചുവരവിനെ വിദേശകാര്യ മന്ത്രി സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.