ഫലസ്തീൻ അതോറിറ്റിക്ക് ധനസഹായം നൽകുന്നതിന് അന്താരാഷ്ട്ര സഖ്യം ആരംഭിക്കും -സൗദി വിദേശകാര്യ മന്ത്രി

റിയാദ്: ഫലസ്തീൻ അതോറിറ്റിക്ക് ധനസഹായം നൽകുന്നതിനായി ഒരു അന്താരാഷ്ട്ര സഖ്യം രൂപവത്കരിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനകൾക്കൊപ്പമാണ് ഇക്കാര്യം പറഞ്ഞത്. ഫലസ്തീൻ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനും മേഖലയിലെ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സൗദിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ഒരു നീക്കമാണിത്. മിഡിൽ ഈസ്റ്റിൽ നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുള്ള സൗദിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ഈ സംഖ്യത്തിലൂടെ സൗദി ഫലസ്തീൻ അതോറിറ്റിക്ക് 90 മില്യൺ ഡോളർ സാമ്പത്തിക സഹായം നൽകുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നത് ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുള്ള ഒരു അടിസ്ഥാന ചുവടുവെപ്പാണ്. മേഖലയിലെ എല്ലാ ജനങ്ങൾക്കും സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനുള്ള മാർഗമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി സൗദി സജീവമായി ഇടപെട്ടിട്ടുണ്ടെന്നും രാഷ്ട്രീയ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിന് അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

ഫലസ്തീൻ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കുന്നതിനും ഫ്രാൻസുമായി സഹകരിച്ച് ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമായി സൗദി അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചതിനെത്തുടർന്ന് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളുടെ എണ്ണം 159ൽ അധികമായിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിന്റെ ഏതെങ്കിലും ഭാഗം ഇസ്രായേൽ പിടിച്ചെടുക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് സൗദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപനോട് വിശദീകരിച്ചിട്ടുണ്ട്. അത്തരം നടപടികൾ സമാധാനത്തിനും പ്രാദേശിക സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണി ഉയർത്തുമെന്നും വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു.

Tags:    
News Summary - Saudi Foreign Minister: International coalition to launch funding for Palestinian Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.