സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ
റിയാദ്: ഇന്ത്യക്കും പാകിസ്താനുമിടയിൽ രൂക്ഷമായ സംഘർഷം ലഘൂകരിക്കാൻ ശ്രമങ്ങൾ തുടർന്ന് സൗദി അറേബ്യ. ഈ ശ്രമങ്ങളുടെ ഭാഗമായി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ എന്നിവരുമായി ഫോണിൽ ചർച്ച നടത്തി.
മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും വേണ്ടിയുള്ള സൗദിയുടെ പ്രതിബദ്ധത വിദേശകാര്യ മന്ത്രി വ്യക്തമാക്കി. കൂടാതെ ഇരുസൗഹൃദ രാജ്യങ്ങളുമായി അടുത്തതും സന്തുലിതവുമായ ബന്ധവും അദ്ദേഹം സംഭാഷണത്തിനിടെ വ്യക്തമാക്കി.
സൗദി നേതൃത്വത്തിന്റെ നിർദേശപ്രകാരം വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ മെയ് എട്ട്, ഒമ്പത് തീയതികളിൽ ഇന്ത്യയും പാകിസ്താനും സന്ദർശിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഘർഷങ്ങൾ ലഘൂകരിക്കാനും നിലവിലുള്ള സൈനിക ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കാനും സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും എല്ലാ തർക്കങ്ങളും പരിഹരിക്കാനുമുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നത് നിയന്ത്രിക്കാൻ സൗദി അറേബ്യ ആഗ്രഹിക്കുന്നുണ്ടെന്നും അതിനായി ശ്രമം നടത്തുന്നത് തുടരുമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.