സൗദി ‘ഫലക്’ ബഹിരാകാശ ഗവേഷണ ദൗത്യത്തിന്റെ വിക്ഷേപണം നടന്നപ്പോൾ 

റിയാദ്: സൗദി ‘ഫലക്’ ബഹിരാകാശ ഗവേഷണ ദൗത്യം വിജയകരമായി വിക്ഷേപിച്ചു. അമേരിക്കൻ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ഫലക് ബഹിരാകാശ ഗവേഷണ ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണം നടന്നതെന്ന് മുഹമ്മദ് ബിൻ സൽമാൻ ചാരിറ്റബിൾ ഫൗണ്ടേഷെന്റെ (മിസ്ക്) പിന്തുണയോടെ പ്രവർത്തിക്കുന്ന ഫലക് സ്‌പേസ് സയൻസ് ആൻഡ് റിസർച്ച് പറഞ്ഞു.

ഫലക് ദൗത്യം ധ്രുവ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചതായും സൗദി ഗവേഷണ പരീക്ഷണങ്ങൾ വഹിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ നടപ്പിലാക്കുന്ന ആദ്യത്തെ അറബ് ഗവേഷണ ദൗത്യമാണ് ഫലക് മിഷൻ. ബഹിരാകാശത്തെ നേത്ര സൂക്ഷ്മജീവികളെ പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും വിക്ഷേപണം സഹായിക്കുമെന്നും അവർ വിശദീകരിച്ചു. ബഹിരാകാശ പരിസ്ഥിതി മനുഷ്യന്റെ ആരോഗ്യത്തിൽ പ്രത്യേകിച്ച് കണ്ണിലെ സ്വാഭാവിക സൂക്ഷ്മാണുക്കളിൽ ചെലുത്തുന്ന സ്വാധീനം പഠിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ സൗദി ഗവേഷണം ഉൾപ്പെടെ 22 ഗവേഷണ പരീക്ഷണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സൗദിയുടെ വളർന്നുവരുന്ന ബഹിരാകാശ മേഖലയുടെ പ്രധാന നാഴികക്കല്ലാണ് ‘ഫലക്’ ബഹിരാകാശ ഗവേഷണ ദൗത്യമെന്ന് ഫലക് സി.ഇ.ഒ ഡോ.അയൂബ് അൽസുബൈഹി നേരത്തെ വിശേഷിപ്പിച്ചിരുന്നു.

ഫാൽക്കൺ 9 റോക്കറ്റ് ചൊവ്വാഴ്ച ഗ്രീനിച്ച് സമയം 01:46 നാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ചതെന്ന് അമേരിക്കൻ സ്‌പേസ് എക്‌സ്‌പ്ലോറേഷൻ ടെക്‌നോളജീസ് കോർപ്പറേഷൻ (സ്‌പേസ് എക്‌സ്) വ്യക്തമാക്കി.

‘ഫ്രാം2’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രത്യേക ദൗത്യത്തിൽ പ്രൊഫഷനൽ ബഹിരാകാശ സഞ്ചാരികളല്ലാത്ത വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള നാല് ആളുകൾ ഉൾപ്പെടുന്നു. ഭൂമിയുടെ ഉത്തര, ദക്ഷിണ ധ്രുവങ്ങൾക്ക് മുകളിലൂടെ പറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ക്രിപ്‌റ്റോ കറൻസി മേഖലയിലെ സംരംഭകനായ ചുൻ വാങ്, നോർവീജിയൻ ഡയറക്ടർ ജാനെകെ മിക്കൽസെൻ, ഗൈഡായി ധ്രുവങ്ങൾ പര്യവേക്ഷണം ചെയ്ത ഓസ്‌ട്രേലിയൻ എറിക് ഫിലിപ്‌സ്, റോബോട്ടിക്‌സിൽ പ്രാവീണ്യം നേടിയ ജർമൻ ഗവേഷക റാബിയ റഗ്ഗ് എന്നിവരടങ്ങിയതാണ് ദൗത്യയാത്രാ സംഘം. ബഹിരാകാശത്തെ ഈ ദൗത്യം മൂന്ന് മുതൽ അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബഹിരാകാശത്ത് ആദ്യത്തെ എക്സ്-റേ ചിത്രങ്ങൾ എടുക്കുന്നതടക്കമുള്ള 20 ലധികം ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും. ചൊവ്വയിലേക്കുള്ള ഭാവി യാത്രകളിൽ ഉപയോഗിക്കാവുന്ന നിരവധി പരീക്ഷണങ്ങളുമുണ്ടെന്നും സ്പേസ് എക്സ് പറഞ്ഞു.

Tags:    
News Summary - Saudi 'Falak' space research mission successful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT