റിയാദ്: കോവിഡ് പ്രതിസന്ധിയിൽ അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിയത് മൂലം സൗദിയിൽ പെട്ടുപോയ ഇന്ത്യക്കാരെയും വഹിച്ചുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി. 139 യാത്രക്കാരുമായി ഞായറാഴ്ച ഉച്ചക്ക് 2.53ന് റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം ഇന്ത്യൻ സമയം രാത്രി 10ഓടെയാണ് ഡൽഹിയിൽ ലാൻഡ് ചെയ്തത്.
ദക്ഷിണേന്ത്യൻ സംസ്ഥാനക്കാരൊഴികെയുള്ള യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 14 സ്ത്രീകളും എട്ട് കുട്ടികളുമുണ്ട്. 150 പേരെ ഉൾക്കൊള്ളുന്ന വിമാനത്തിൽ ഏതാനും സീറ്റ് ഒഴിഞ്ഞുകിടന്നു.
ഇൗ വിമാനത്തിലേക്കുള്ള യാത്രക്കാരുടെ ടിക്കറ്റുകൾ റിയാദിലെ എയർ ഇന്ത്യ ഒാഫിസിൽ നിന്ന് ശനിയാഴ്ച എല്ലാവർക്കും നൽകിയിരുന്നു. ഞായറാഴ്ച രാവിലെ 10 മുതൽ വിമാനത്താവളത്തിൽ ബോർഡിങ് ആരംഭിച്ചു. എയർ ഇന്ത്യ ഉദ്യോഗസ്ഥരായ സിറാജ്, രാജു, നൗഷാദ് എന്നിവർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
വെള്ളിയാഴ്ചയാണ് 152 പേരെയും കൊണ്ട് ആദ്യ വിമാനം റിയാദിൽ നിന്ന് കോഴിക്കോേട്ടക്ക് പോയത്. അതിൽ കർണാടക, തമിഴ്നാട് സ്വദേശികളായ 10 പേരൊഴികെ ബാക്കിയെല്ലാവരും മലയാളികളായിരുന്നു. പോയവരിൽ അധികവും സ്ത്രീകളാണ്. അതിൽ തന്നെ ഗർഭിണികളാണ് കൂടുതൽ. അതിൽ അധികവും നഴ്സുമാരാണ്. ഒരു വയോധിക വീൽചെയർ യാത്രക്കാരിയായും പോയിരുന്നു. മറ്റ് രോഗങ്ങൾ മൂലം പ്രായസപ്പെടുന്നവരും തൊഴിൽ നഷ്ടപ്പെട്ടവരും എക്സിറ്റ് വിസ കിട്ടി കാലാവധി കഴിയാറായവരും യാത്രക്കാരിലുണ്ടായിരുന്നു.
ഡൽഹിയിൽ നിന്ന് കേരളത്തിൽ എത്താൻ മാർഗമില്ലാത്തതിനാലാണ് രണ്ടാമത്തെ വിമാനത്തിൽ മലയാളികൾ പോകാതിരുന്നത്. ഇനിയും നിരവധി വിമാനങ്ങൾ വന്നാലും മതിയാകാത്ത വിധം മലയാളികൾ നാട്ടിേലക്ക് പോകാൻ തയാറായി നിൽപുണ്ട്. ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലുമായി 60,000 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിൽ കൂടുതലും മലയാളികളാണ്.
മലയാളികളുടെ വർധിച്ച സാന്നിധ്യം മനസിലാക്കി ജിദ്ദയിൽ നിന്ന് ബുധനാഴ്ച ഡൽഹിയിലേക്ക് നിശ്ചയിച്ചിരുന്ന സർവിസ് റദ്ദാക്കി. പകരം കോഴിക്കോേട്ടക്ക് മാറ്റിയിട്ടുണ്ട്. ഡൽഹിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലെ കുറവും ഇതിന് കാരണമാണ്. വ്യാഴാഴ്ച ജിദ്ദയിൽ നിന്ന് തന്നെ കൊച്ചിയിലേക്കും വിമാനം പോകുന്നുണ്ട്. അന്ന് തന്നെ ദമ്മാമിൽനിന്നും കൊച്ചിയിലേക്ക് സർവിസ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. തൊട്ടടുത്ത ആഴ്ചയിൽ സൗദിയിൽ നിന്നുള്ള സർവിസുകളുടെ ഷെഡ്യൂളുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിലുണ്ടാകുമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.