സൗദി ഡാക്കർ റാലി 2026

സൗദി ഡാക്കർ റാലി 2026ന്​ തുടക്കം; ആദ്യഘട്ടത്തിൽ സ്വീഡിഷ് താരം മാറ്റിയാസ് എക്‌സ്‌ട്രോം മുന്നിൽ

യാംബു: ലോകത്തിലെ ഏറ്റവും കടുപ്പമേറിയ മോട്ടോർ സ്പോർട്സ് മാമാങ്കമായ ഡാക്കർ റാലി 2026-ന് സൗദി അറേബ്യയിലെ യാംബു ചെങ്കടൽ തീരത്ത് ആവേശകരമായ തുടക്കം. ആദ്യഘട്ടത്തിൽ ഫോർഡ് റേസിങ്​ ടീമിന് വേണ്ടി ട്രാക്കിലിറങ്ങിയ സ്വീഡിഷ് റൈഡർ മാറ്റിയാസ് എക്‌സ്‌ട്രോം കാർ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടി. 10 മിനിറ്റ്, 48 സെക്കൻറ് കൊണ്ട് 22 കിലോമീറ്റർ സ്​പെഷൽ സ്​റ്റേജ്​ ഉൾപ്പെടെ 95 കിലോമീറ്റർ യാംബു മരുഭൂമി താണ്ടി കാർ വിഭാഗത്തിലാണ് മികവ് നേടിയത്.

അമേരിക്കൻ മിച്ച് ഗുത്രി ജൂനിയറിനേക്കാൾ എട്ട്​ സെക്കൻറ് മുന്നിലാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. ബെൽജിയൻ ഗില്ലൂം ഡി മെവിയസ് മൂന്നാം സ്ഥാനത്തെത്തി. ഏഴ്​ വിഭാഗങ്ങളിലായി 787 ഡ്രൈവർമാരും നൂറോളം നാവിഗേറ്റർമാരുമാണ്​ മത്സരിക്കുന്നത്​. സ്​റ്റോക്ക് കാർ വിഭാഗത്തിൽ ഡിഫൻഡർ റാലി ടീം ആധിപത്യം ഉറപ്പിച്ചു. അമേരിക്കയുടെ സാറാ പ്രൈസ് (12 മിനിറ്റ് മൂന്ന്​ സെക്കൻറ്) ഒന്നാമതെത്തിയപ്പോൾ, ഫ്രഞ്ച് ഇതിഹാസം സ്​റ്റെഫാൻ പീറ്റർഹാൻസൽ രണ്ടാം സ്ഥാനവും ലിത്വാനിയയുടെ റോകാസ് പാസിയുസ്ക മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

മോട്ടോർ സൈക്കിൾ വിഭാഗത്തിൽ സ്പാനിഷ് താരം എഡ്ഗർ കാനറ്റ് ഒന്നാമനായി. ഓസ്‌ട്രേലിയൻ റൈഡർ ഡാനിയേൽ സാൻഡേഴ്‌സിനേക്കാൾ മൂന്ന്​ സെക്കൻറ് മുന്നിലാണ് കാനറ്റ് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ റിക്കി ബ്രെയ്ക്ക് മൂന്നാം സ്ഥാനം നേടി. ചലഞ്ചർ വിഭാഗത്തിൽ ഡച്ച് താരം പോൾ സ്പിയറിങ്‌സ് ഒന്നാമതെത്തി. ഈ വിഭാഗത്തിൽ സൗദി താരം ഡാനിയ അഖീൽ മൂന്നാം സ്ഥാനം നേടി രാജ്യത്തി​ന്റെ അഭിമാനമായി.

ട്രക്ക് വിഭാഗത്തിൽ ഡച്ച് താരം മിച്ചൽ വാൻ ഡെൻ ബ്രിങ്ക് (13 മിനിറ്റ് അഞ്ച്​ സെക്കൻറ്) ഒന്നാമതെത്തി. ശനിയാഴ്ച വൈകുന്നേരം വർണാഭമായ ചടങ്ങുകളോടെയാണ് റാലിക്ക് തുടക്കമായത്. വാഹനങ്ങളുടെ സന്നദ്ധത പരിശോധിക്കുന്നതിനും വരാനിരിക്കുന്ന പ്രധാന ഘട്ടങ്ങളിലെ സ്​റ്റാർട്ടിങ്​ ഓർഡർ നിശ്ചയിക്കുന്നതിനുമായാണ് പ്രാഥമിക ഘട്ടം നടത്തിയത്.

സൗദി കായിക മന്ത്രാലയത്തി​ന്റെ മേൽനോട്ടത്തിൽ സൗദി മോട്ടോർ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഡാക്കർ റാലിക്ക് തുടർച്ചയായ ഏഴാം വർഷമാണ് രാജ്യം ആതിഥേയത്വം വഹിക്കുന്നത്. കാറുകൾ, മോട്ടോർ സൈക്കിളുകൾ, ട്രക്കുകൾ തുടങ്ങി ഏഴ് വിഭാഗങ്ങളിലായി നൂറുകണക്കിന് വാഹനങ്ങളാണ് ഇത്തവണ മരുഭൂമിയിലെ കരുത്ത് പരീക്ഷിക്കാനിറങ്ങുന്നത്.

 

Tags:    
News Summary - Saudi Dakar Rally to start in 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.