യാംബു: ലോകത്തിലെ ഏറ്റവും വലിയ ഓഫ്-റോഡ് മോട്ടോർ സ്പോർട്സ് മത്സരമായ ‘ഡാക്കർ റാലി 2026’ ജനുവരി മൂന്നിന് യാംബു ചെങ്കടൽ തീരത്ത് തുടക്കം കുറിക്കും. സൗദി പോർട്സ് അതോറിറ്റി സംഘടിപ്പിക്കുന്ന ഏഴാമത് റാലിയിൽ 69 രാജ്യങ്ങളിൽനിന്ന് 39 വനിതകളുൾപ്പെടെ 812 മത്സരാർഥികളാണ് പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 433 വാഹനങ്ങളിലാണ് മത്സരം നടക്കുക.
ഡാക്കർ റാലിയുടെ റൂട്ട്
4840 കിലോമീറ്റർ സമയബന്ധിതമായ പ്രത്യേക ഘട്ടങ്ങൾ ഉൾപ്പെടെ മൊത്തം 7994 കിലോമീറ്റർ ദൂരത്തിലാണ് ഡാക്കർ റാലി നടക്കുന്നത്. സാഹസിക യാത്ര അൽഉല, ഹാഇൽ, റിയാദ്, വാദി ദവാസിർ, ബീഷ, ഹനാക്കിയ തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോയ ശേഷം ജനുവരി 17 ന് യാംബുവിൽ തിരിച്ചെത്തി സമാപിക്കും. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ റുബുഉൽ ഖാലി (എംപ്റ്റി ക്വാർട്ടർ) മരുഭൂമി ഒഴിവാക്കി പുതിയ റൂട്ടിലാണ് ഡാക്കർ റാലി ക്രമീകരിച്ചിരിക്കുന്നത്.
റാലിക്കുള്ള എല്ലാവിധ തയാറെടുപ്പുകളും യാംബുവിൽ പുരോഗമിക്കുകയാണ്. വാഹനങ്ങളും ഉപകരണങ്ങളുമടങ്ങിയ ഷിപ്മെൻറുകൾ യാംബുവിലെ കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ടിൽ ഇതിനകം എത്തിച്ചേർന്നു. സൗദി മോട്ടോർ സ്പോർട്സ് കമ്പനിയും അമോറി സ്പോർട്സ് ഓർഗനൈസേഷനും റാലിക്ക് വേണ്ടിയുള്ള എല്ലാവിധ ഒരുക്കവുമായി രംഗത്തുണ്ട്.
തുടർച്ചയായ ഏഴാമത്തെ വർഷമാണ് സൗദി മരുഭൂമി ഡാക്കർ റാലിക്ക് വേദിയാകുന്നത്. വൈവിധ്യമാർന്ന രാജ്യാന്തര കായികമേളയിലെ ഏറ്റവും വലിയ ഇനങ്ങളിലൊന്ന് കൂടിയാണ് ഡാക്കർ റാലി. ഡാക്കർ റാലിയുടെ റൂട്ട് കടന്നുപോകുന്നത് മണൽക്കൂനകൾ മുതൽ ഉയർന്ന പർവതങ്ങൾ വരെ സൗദിയുടെ പ്രകൃതി വൈവിധ്യത്തിെൻറ മാറിലൂടെയാണ്.
‘വിഷൻ 2030’-െൻറ ഭാഗമായി സുപ്രധാന കായിക മത്സരങ്ങൾക്ക് വേദിയായ സൗദി തുടർച്ചയായി ഡാക്കർ റാലി സംഘടിപ്പിക്കുന്നതിലൂടെ മറ്റൊരു നാഴികക്കല്ലാണ് പിന്നിടുന്നത്. ഓരോ വർഷവും സുരക്ഷ സജ്ജീകരണങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയും ആധുനിക സാങ്കേതിക സംവിധാനങ്ങളൊരുക്കിയുമാണ് 15 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഡാക്കർ റാലി ഒരുക്കുന്നത്. സാഹസികതയുടെ ഡാക്കർ റാലിയെ വരവേൽക്കാനുള്ള തകൃതിയായ ഒരുക്കത്തിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.