സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയും കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: മിഡിൽ ഈസ്റ്റിലെ വർധിച്ചുവരുന്ന സൈനിക സംഘർഷങ്ങളും അതിെൻറ പ്രത്യാഘാതങ്ങളും മുൻനിർത്തി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയും കൂടിക്കാഴ്ച നടത്തി. മേഖലയുടെയും ലോകത്തിെൻറയും സുരക്ഷയിലും സ്ഥിരതയിലും നിലവിലെ സംഭവവികാസങ്ങൾ ഉണ്ടാക്കുന്ന സ്വാധീനം ഇരുവരും വിശദമായി ചർച്ച ചെയ്തു. ഗൾഫ് പര്യടനത്തിെൻറ ഭാഗമായി ശനിയാഴ്ച സൗദിയിലെത്തിയ ഈജിപ്ത് പ്രസിഡൻറ്, പ്രാദേശിക സംഘർഷങ്ങളിലെ പുതിയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ഗൾഫ് രാജ്യങ്ങളുമായുള്ള ഈജിപ്തിെൻറ ഐക്യദാർഢ്യം പുനഃസ്ഥാപിക്കുന്നതിനുമാണ് പ്രാധാന്യം നൽകിയത്.
ജി.സി.സി രാജ്യങ്ങൾക്കെതിരായ ഇറാെൻറ ആവർത്തിച്ചുള്ള ശത്രുതാപരമായ ആക്രമണങ്ങളും, സിവിലിയൻ-സുപ്രധാന സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നതും മേഖലയുടെ സുരക്ഷക്ക് ഭീഷണിയാകുന്ന അപകടകരമായ നീക്കമാണെന്ന് കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും വ്യക്തമാക്കി. സൗദിക്കും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെയുള്ള ഇറാെൻറ ആക്രമണങ്ങളെ ഈജിപ്ത് ശക്തമായി അപലപിച്ചു.
സൗദിയുടെ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള ഏതൊരു ഭീഷണിക്കെതിരെയും തങ്ങളുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി ആവർത്തിച്ചു പ്രഖ്യാപിച്ചു. ഈജിപ്ത് വിദേശകാര്യ മന്ത്രി ബദ്ർ അബ്ദുൽ ആത്വി, സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രസിഡൻറിെൻറ ഈ സുപ്രധാന സന്ദർശനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.