മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിൽ പഠനവും ഡോക്ടറേറ്റ് നേട്ടവുമായി സോണി മാത്യു തോമസ്
ജിദ്ദ: മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനിടയിലും പഠനത്തോടുള്ള താൽപര്യം കൈവിടാതെ ഡാറ്റാ സയൻസിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും അറിവിന്റെ പുതിയ വഴികൾ തേടിയ ചങ്ങനാശ്ശേരി സ്വദേശി ഡോ. സോണി മാത്യു തോമസ്ഡോക്ടറേറ്റ് നേട്ടത്തിന്റെ നിറവിൽ. 1996-ൽ സൗദി കേബിൾ കമ്പനിയിൽ മെയിന്റനൻസ് എൻജിനീയറായി ജോലിയിൽ പ്രവേശിച്ച സോണി, 2026ൽ അതേ സ്ഥാപനത്തിലെ 30 വർഷത്തെ സേവനയാത്ര പിന്നിടുകയാണ്. എൻജിനീയറിങ്, മാനേജ്മെന്റ് മേഖലകളിൽ വിവിധ ചുമതലകൾ വഹിച്ച അദ്ദേഹം പത്ത് വർഷത്തിലധികം മെയിന്റനൻസ് വിഭാഗത്തിന്റെ ചുമതല വഹിച്ചു. നിലവിൽ കമ്പനിയുടെ റിസർച് ആൻഡ് ഡെവലപ്മെന്റ് മാനേജറാണ്.
ബ്രേക്ക്ഡൗൺ, പ്രെഡിക്ടീവ് മെയിന്റനൻസ് മേഖലകളിലെ പ്രവർത്തനങ്ങൾക്കൊപ്പം യന്ത്രങ്ങളുടെ നവീകരണം, പുതിയ യന്ത്രങ്ങളുടെ ഇൻസ്റ്റലേഷൻ, കമ്മീഷനിങ് തുടങ്ങി വിവിധ എൻജിനീയറിങ് പദ്ധതികൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. കോട്ടയം ആർ.ഐ.ടി യിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം നേടിയ സോണി മാത്യു വർഷങ്ങൾ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിലാണ് വീണ്ടും പഠനത്തിലേക്ക് തിരിഞ്ഞത്. ബാംഗ്ലൂരിലെ ഇന്റർ നാഷനൽ ഇൻസ്റ്റിറ്റിറ്റ്യട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നിന്ന് ഡാറ്റ സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം ബ്രിട്ടനിലെ ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡാറ്റ സയൻസിൽ മാസ്റ്റർ ബിരുദം നേടിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ചയും വ്യവസായരംഗത്ത് അതു തുറന്നിടുന്ന പുതിയ സാധ്യതകളുമാണ് കൂടുതൽ ആഴത്തിലുള്ള പഠനത്തിന് പ്രേരണയായതെന്ന് സോണി മാത്യു തോമസ് 'ഗൾഫ് മാധ്യമ' ത്തോട് പറഞ്ഞു. മെയിന്റനൻസ്, മാനുഫാക്ചറിങ് മേഖലകളിൽ ഡാറ്റ സയൻസിന്റെയും കൃത്രിമ ബുദ്ധിയുടെയും സാദ്ധ്യതകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ചിന്തയാണ് അദ്ദേഹത്തെ തുടർപഠനത്തിനും ഗവേഷണത്തിനും പ്രേരിപ്പിച്ചത്.
ഫ്രാൻസിലെ റണ്ണേഴ്സ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്റ്ററേറ്റ് നേടി. ഡാറ്റ സയൻസ്, ആർട്ടിഫിഷൻ ഇന്റലിൻജൻസ് എന്നിവയിൽ കേന്ദ്രീകരിച്ച പഠനത്തിൽ 'പ്രഡിക്റ്റിവ് മെയിന്റനൻസ്' എന്ന വിഷയത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. മൂന്ന് പതിറ്റാണ്ടിന്റെ വ്യാവസായിക അനുഭവവും പുതിയ സാങ്കേതികവിദ്യകളും കൂട്ടിയിണക്കാനുള്ള ശ്രമമായിരുന്നു ഗവേഷണത്തിലൂടെ അദ്ദേഹം പൂർത്തിയാക്കിയത്.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയായ സോണി മാത്യു കുടുംബത്തോടൊപ്പം ജിദ്ദയിലാണ് താമസം. ഭാര്യ നിഷ സോണി വീട്ടമ്മയാണ്. മകൻ ജേക്കബ് തോമസ് സോണി പി.എച്ച്.ഡി ഗവേഷണം നടത്തുന്നു. മകൾ ലിസബത്ത് മറിയം സോണി മെഡിസിൻ വിദ്യാർഥിനിയാണ്. ജോലിയും കുടുംബജീവിതവും മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം പുതിയ അറിവുകൾ തേടാനുള്ള മനസ്സുണ്ടെങ്കിൽ പഠനത്തിന് പ്രായമോ ഔദ്യോഗിക പദവിയോ തടസ്സമല്ലെന്ന സന്ദേശമാണ് സോണി മാത്യുവിന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതം പ്രവാസികൾക്ക് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.