കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
ഭീഷണികളെ പ്രതിരോധിക്കാൻ സൗദിക്ക് ശേഷിയുള്ള ഉയർന്ന മാനുഷിക, സൈനിക ശേഷികളുണ്ട് - കിരീടാവകാശി
റിയാദ്: സൗദിക്ക് വളരെ ഉയർന്ന കാര്യക്ഷമതയുള്ള മനുഷ്യശക്തിയും സൈനിക ശേഷിയുമുണ്ടെന്നും ഏതൊക്കെ സ്രോതസ്സുകളിൽ നിന്നായാലും അത് ഭീഷണികളെ പൂർണമായി ചെറുക്കാനും പ്രതിരോധിക്കാനും കഴിവുള്ളവയാണെന്നും സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ശൂറാ കൗൺസിലിന്റെ ഒൻപതാം ടേമിന്റെ മൂന്നാം വർഷത്തിന്റെ ഉദ്ഘാടന വേളയിൽ സൽമാൻ രാജാവിനു വേണ്ടി നടത്തിയ വാർഷിക പ്രസംഗത്തിനിടയിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. എല്ലാത്തരം ഭീഷണികളെയും ചെറുക്കുന്നതിലും സുരക്ഷ നമ്മുടെ രാജ്യത്തിന് ഒരു കുടയായും സ്ഥിരത അതിന്റെ പരിചയായും സമൃദ്ധി അതിന്റെ മാർഗമായും നിലനിർത്തുന്നതിന് നിരന്തരമായ ജാഗ്രതയിലും സന്നദ്ധതയിലും അടിയുറച്ച് നിൽക്കുന്ന ധീരരായ സൈനികരെക്കുറിച്ച് കിരീടാവകാശി അഭിമാനം പ്രകടിപ്പിച്ചു. റിയാദ് സംഘർഷം കുറക്കുന്നതിനും നയതന്ത്ര പരിഹാരങ്ങളെ പിന്തുണക്കുന്നതിനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാൽ രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിൽ അൽപ്പംപോലും വിട്ടു വീഴ്ച ചെയ്യുകയില്ലെന്നും രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും ഭീഷണിക്കോ ആക്രമണത്തിനോ എതിരെ കർശനമായ മറുപടി നൽകാൻ തങ്ങൾ മടിക്കുകയില്ലെന്നും കിരീടാവകാശി പറഞ്ഞു. സൗദിക്കൊപ്പം നിലകൊള്ളുകയും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിൽ സംഭാവനകൾ നൽകുകയും ചെയ്ത സഹോദര, സൗഹൃദ രാജ്യങ്ങളുടെ നിലപാടിനെ കിരീടാവകാശി അഭിനന്ദിച്ചു.
എല്ലാ ജി.സി.സി രാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഗൾഫിന്റെ സുരക്ഷയും സ്ഥിരതയും ഭിന്നിക്കാനാവാത്ത ഒരു ഒറ്റക്കെട്ടാണെന്ന് സ്ഥിരീകരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഗൾഫ് സുരക്ഷ സംരക്ഷിക്കുന്നതിനും തന്ത്രപരമായ സഹകരണം, സാമ്പത്തിക ഏകീകരണം എന്നിവക്കായി പരിശ്രമിക്കുന്നതിനും കൗൺസിലിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പൗരന്മാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമായി സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള സൽമാൻ രാജാവിന്റെ ദർശനം നടപ്പിലാക്കുന്നത് തുടരുന്നതിനും ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് സൗദി പ്രവർത്തിക്കുന്നുണ്ടെന്നും കിരീടാവാശി സൂചിപ്പിച്ചു. ഇന്ന് ലോകം ഊർജ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടെന്നും സംഘർഷാവസ്ഥ നിലനിൽക്കെത്തന്നെ അന്താരാഷ്ട്ര വിപണിയിലേക്ക് എണ്ണ വിതരണം ഉറപ്പാക്കാനുള്ള കഴിവിലൂടെ ആഗോള ഊർജ സുരക്ഷയുടെ ഒരു സുരക്ഷാ വാൽവായി സൗദി നിലകൊണ്ടിട്ടുണ്ടെന്നും കിരീടാവകാശി പറഞ്ഞു. അന്താരാഷ്ട്ര സമുദ്ര പാതകളിലെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പൊതു താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും രാഷ്ട്രീയമോ സാമ്പത്തികമോ ആയ സമ്മർദ്ദ ഉപകരണമായി അവയെ ചൂഷണം ചെയ്യുന്നത് ചെറുക്കുന്നതിനുമായി സൗദി 'ബഹുമുഖ സമുദ്ര പ്രതിരോധ സഖ്യം' രൂപവത്കരിക്കാൻ മുൻകൈ എടുത്തത് കിരീടാവകാശി ചൂണ്ടിക്കാട്ടി. സുരക്ഷ നിലനിർത്തുന്നതിനും സംഘർഷം കുറക്കുന്നതിനും പ്രാദേശികവും അന്താരാഷ്ട്രവുമായ സ്ഥിരത കൈവരിക്കുന്നതിനായി പിരിമുറുക്കങ്ങൾ ലഘൂകരിക്കുന്നതിനും അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് എല്ലാ ശ്രമങ്ങളും റിയാദ് നടത്തുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അടിസ്ഥാന വസ്തുക്കളുടെയും മാനുഷിക സഹായങ്ങളുടെയും സുരക്ഷിത പ്രവാഹം ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ അടിയന്തരമായി മുന്നോട്ട് വരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീൻ വിഷയത്തിൽ സൗദിയുടേത് ഉറച്ച നിലപാട്
ഗസ്സ മുനമ്പിലെ ഫലസ്തീൻ സഹോദരന്മാർക്ക് നേരെ ഇസ്രായേൽ അധിനിവേശ ഭരണകൂടം നടത്തുന്ന ക്രൂരമായ ആക്രമണങ്ങളുടെ തുടർച്ചയെയും അൽഅഖ്സ പള്ളിയിലെ അവരുടെ നിരന്തരമായ ലംഘനങ്ങളെയും കിരീടാവകാശി തന്റെ പ്രസംഗത്തിൽ ശക്തമായി അപലപിച്ചു. ശാശ്വതമായ ഒരു രാഷ്ട്രീയ പരിഹാരത്തിലെത്തുന്നതിന് അന്താരാഷ്ട്ര സമൂഹവും പ്രത്യേകിച്ചും സമാധാന കൗൺസിലും തങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന പങ്ക് നിർവഹിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഫലസ്തീൻ ജനതയുടെ അവകാശത്തോടുള്ള സൗദിയുടെ പ്രതിബദ്ധത കിരീടാവകാശി ഊന്നിപ്പറഞ്ഞു. ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നിയമപരമായ അവകാശങ്ങൾ ലഭിക്കുന്നത് വരെ ഈ പ്രതിബദ്ധത ഉറച്ച നിലപാടും ഒരിക്കലും അവസാനിക്കാത്ത നിരന്തരമായ പരിശ്രമവുമായിരിക്കുമെന്ന് കിരീടാവകാശി വ്യക്തമാക്കി.
യമനും സുഡാനും പിന്തുണ, ഹൂതികളെ ചെറുക്കും
രാജ്യത്ത് പൂർണമായ അധികാരം സ്ഥാപിക്കുന്നതിനും സ്ഥിരത വീണ്ടെടുക്കുന്നതിനും യമൻ സർക്കാരിന് പിന്തുണ നൽകുന്നതിനായി 'നിയമാനുസൃത സർക്കാരിനെ പിന്തുണക്കുന്ന സഖ്യത്തിലൂടെ' റിയാദ് സമഗ്രമായ പിന്തുണ നൽകുമെന്ന് കിരീടാവകാശി പറഞ്ഞു. അരാജകത്വവും നാശവും തിരഞ്ഞെടുക്കുകയും യമൻ ജനതക്കും പ്രദേശത്തിനും ഭീഷണി ഉയർത്തുകയും ചെയ്യുന്ന ഹൂതി തീവ്രവാദ സംഘടനയുടെ ആക്രമണങ്ങളെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുഡാന്റെ ഐക്യവും സ്ഥിരതയും സംരക്ഷിക്കുന്നതിനും, അതിന്റെ നിയമപരമായ സ്ഥാപനങ്ങളെ നിലനിർത്തുന്നതിനും, യുദ്ധത്തിന്റെയും നാശത്തിന്റെയും ദുരന്തങ്ങളിൽ നിന്ന് അവിടുത്തെ ജനങ്ങളെ ഒഴിവാക്കുന്നതിനുമുള്ള തന്റെ രാജ്യത്തിന്റെ സ്ഥൈര്യമുള്ളതും പിന്തുണക്കുന്നതുമായ സൗദിയുടെ നിലപാട് കിരീടാവകാശി ആവർത്തിച്ചു.
വിഷൻ 2030 ലക്ഷ്യങ്ങൾ 93 ശതമാനം കൈവരിച്ചു
കഴിഞ്ഞ പത്ത് വർഷം സംഭവബഹുലമായിരുന്നുവെന്നും എല്ലാ വിജയങ്ങളുടെയും അടിസ്ഥാനമായ പൗരന്മാരുടെ പ്രവർത്തനക്ഷമതയും കാര്യക്ഷമതയും കാരണം വിഷൻ പ്രോഗ്രാമുകളുടെ പ്രകടന സൂചകങ്ങൾ അവയുടെ ലക്ഷ്യങ്ങളുടെ 93 ശതമാനവും കൈവരിച്ചിട്ടുണ്ടെന്നും സൗദി കിരീടാവകാശി പറഞ്ഞു. 2016ലെ അപേക്ഷിച്ച് എണ്ണയി തര കയറ്റുമതിയിൽ 155 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. ഈ മേഖലയിലെ ഉൽപ്പന്നങ്ങളുടെ സാന്നിധ്യം വർധിച്ചുവരുന്നതിന്റെ പ്രതിഫലനമാണിത്. സമ്പദ്‌വ്യവസ്ഥയിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം 51 ശതമാനമായി ഉയർന്നു. വിതരണ ശൃംഖലകളിലെ മാറ്റങ്ങൾ കൈകാര്യം ചെയ്യാനും ചരക്കുകളുടെയും സേവനങ്ങളുടെയും സുഗമമായ ഒഴുക്ക് നിലനിർത്താനും ഗതാഗത, ലോജിസ്റ്റിക് സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അടുത്ത അഞ്ച് വർഷത്തേക്കുള്ള പദ്ധതി സൗദി പൊതു നിക്ഷേപ ഫണ്ട് ആരംഭിച്ചതായി കിരീടാവകാശി സൂചിപ്പിച്ചു. സ്വകാര്യമേഖലയുമായുള്ള സുപ്രധാന പങ്കാളിത്തത്തോടെ ഉയർന്ന മത്സരശേഷിയുള്ള ആഭ്യന്തര സാമ്പത്തിക സംവിധാനങ്ങൾ നിർമി ക്കുന്നതിലും സാമ്പത്തിക പരിവർത്തനം കൈവരിക്കുന്നതിനായി ആഭ്യന്തര ഉള്ളടക്കം ശക്തിപ്പെടുത്തുന്നതിലും, സുസ്ഥിരമായ സാമ്പത്തിക വരുമാനം നേടുന്നതിലുമായിണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഡിജിറ്റൽ രംഗത്ത് മുന്നേറുന്നു
ഡിജിറ്റൽ സന്നദ്ധതാ സൂചിക, ആശയവിനിമയ സാങ്കേതിക വിദ്യ വികസന സൂചിക, സൈബർ സുരക്ഷാ സൂചിക എന്നിവയിൽ ഒന്നാം സ്ഥാനവും ഡിജിറ്റൽ ഗവൺമെന്റ് സൂചികയിൽ രണ്ടാം സ്ഥാനവും ഉൾപ്പെടെ നിരവധി സൂചകങ്ങളിൽ സൗദി ലോകത്ത് മുന്നേറുന്നുണ്ടെന്ന് കിരീടാവകാശി പറഞ്ഞു. ഖനന നിക്ഷേപത്തിന് ഏറ്റവും ആകർഷകമായ പത്ത് രാജ്യങ്ങളുടെ പട്ടികയിലും സൗദി ഇടംനേടിയിട്ടുണ്ട്. ആപ്ലിക്കേഷനുകളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൊല്യൂഷനുകളുടെയും വികസനത്തിൽ സൗദി ആഗോളതലത്തിൽ മുൻപന്തിയിലായിരിക്കണമെന്നും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സൗദി പ്രതിഭകളെ പരിശീലിപ്പിക്കുന്നതിനും അതിനെ പ്രയോജനപ്പെടുത്തണമെന്നുമുള്ള രാജ്യത്തിന്റെ താല്പര്യത്തിന്റെ സ്ഥിരീകരണമാണ് 2026 നെ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർഷ' മായി നാമകരണം ചെയ്തതെന്നും കിരീടാവകാശി പറഞ്ഞു.
ലക്ഷ്യം രാജ്യത്തിന്റെ ഉന്നതിയും സമൃദ്ധിയും
രാജ്യം ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ആത്യന്തിക ലക്ഷ്യം രാജ്യത്തിന്റെ ഉന്നതിയും സമൃദ്ധിയുമാണെന്നും ജീവിതനിലവാരം ഉയർത്തുകയാണെന്നും കിരീടാവാശി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്ക് രാജ്യത്തിന്റെ നിരന്തരമായ ശ്രദ്ധയുണ്ട്, അവക്ക് സംസ്ഥാന ബജറ്റിൽ മുൻഗണനയും നൽകിയിരിക്കുന്നു. പൗരന്മാർക്ക് ഉയർന്ന നിലവാരത്തിലും സമഗ്രമായ പരിരക്ഷയോടെയും ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനായി ആരോഗ്യ രംഗത്തെ മാറ്റങ്ങൾ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. തുടർച്ചയായ ആഗോള മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണം ശക്തിപ്പെടുത്തുകയും പ്രതിസന്ധികളെ നേരിടാനുള്ള രാജ്യത്തിന്റെ കഴിവ് വർധിപ്പിക്കുകയും ചെയ്തതതായി കിരീടാവകാശി പറഞ്ഞു. ഭീഷണികളെ രാജ്യത്തിന്റെ പദവി ഉയർത്തുന്നതിനുള്ള അവസരങ്ങളാക്കി മാറ്റുന്നതിലും കാര്യക്ഷമതയോടും സുസ്ഥിരതയോടും കൂടി അതിന്റെ വികസന മുൻഗണനകൾ തുടരുന്നതിലും രാജ്യം വിജയം കൈവരിച്ചിരിക്കുന്നു. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിൽ കൈവരിച്ച വിജയത്തിനൊപ്പം പൗരന്മാർക്ക് തൊഴിൽ വിപണിയിൽ പ്രവേശിക്കാനുള്ള അവസരങ്ങൾ പരമാവധി വർധിപ്പിക്കുന്നതിനും,എല്ലാ മേഖലകളിലും മത്സരിക്കാനും മികവ് പുലർത്താനും അവരെ പ്രാപ്തരാക്കുന്നതിനുമായി മാനവ വിഭവശേഷിയിൽ നിക്ഷേപം നടത്താൻ പ്രവർത്തിക്കുകയാണ്.റിയൽ എസ്റ്റേറ്റ് മേഖലയിലെ പരിഷ്കരണ നടപടികൾ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും കിരീടാവകാശി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.