ഫ്ലൈ ദുബൈ വിമാനത്തിലെ പൈലറ്റ് ഇന്ത്യക്കാരൻ; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി
റിയാദ്: തബൂക്ക് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ഫ്ലൈ ദുബൈ വിമാനത്തിലെ പൈലറ്റ് സ്മിത് മച്ചാർ ഇന്ത്യക്കാരനാണെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. തബൂക്ക് നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എംബസി അറിയിച്ചു.
ദുബൈയിൽ നിന്ന് തെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബൈ വിമാനമാണ് ബുധനാഴ്ച തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. രണ്ട് പൈലറ്റുമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും സൗദി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. പൈലറ്റിന്റെ കുടുംബവുമായി എംബസി ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തുടർന്നും നിരീക്ഷിച്ചുവരികയാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും എംബസി അറിയിച്ചു.
ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം ബുധനാഴ്ച പുലർച്ചെ 1.20 ഓടെ വിമാനം രണ്ട് മിനിറ്റ് കൊണ്ട് 17,400 അടി കുത്തനെ താഴ്ത്തിയിട്ടുണ്ട്. വിമാനം റാഞ്ചാനുള്ള ശ്രമമല്ലെന്നും സുരക്ഷിതമായി ഇറങ്ങിയെന്നും ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ ഇസ്രായേലിലേക്കുള്ള ഏകദേശം 180 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തെത്തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സുരക്ഷാ അവലോകന യോഗം ചേർന്നു. അടിയന്തര സന്ദേശം ലഭിച്ചതിനെത്തുടർന്ന് ഇസ്രായേലി യുദ്ധവിമാനങ്ങൾ വിന്യസിച്ചതായി ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടലാണ് അപകടസാധ്യത ഒഴിവാക്കാൻ സഹായിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ആക്രമണത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാർ
മുമ്പ് സ്പൈസ് ജെറ്റിൽ 11 വർഷത്തിലധികം സേവനമനുഷ്ഠിച്ചതായാണ് വിവരം. അദ്ദേഹം സീനിയർ കമാൻഡർ, ലൈൻ ട്രെയിനിങ് ക്യാപ്റ്റൻ തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.