ജിദ്ദ: ഇന്ത്യ ഉൾപ്പെടെ കോവിഡ് വ്യാപിച്ച 13 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി അറേബ്യ തങ്ങളുടെ പൗരന്മാർക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് നിലനിൽക്കുന്ന അന്താരാഷ്ട യാത്രക്കുള്ള താൽക്കാലിക വിലക്ക് തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്ക് എടുത്തുകളയുന്ന അവസരത്തിലാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം.
ഇന്ത്യ, തുർക്കി, ലിബിയ, സിറിയ, യമൻ, ലബനാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, അർമേനിയ, സോമാലിയ, വെനീസ്വല, കോംഗോ റിപ്പബ്ലിക്, ബെലാറസ് എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര ചെയ്യുന്നതിന് നിയന്ത്രണം. പുതിയ വകഭേദം വന്ന കോവിഡ് ഈ രാജ്യങ്ങളിൽ പടർന്നുപിടിച്ചത് കണക്കിലെടുത്താണ് നിർദേശം. പൗരന്മാരുടെ സുരക്ഷ മുൻനിർത്തിയാണ് പുതിയ തീരുമാനം എന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
പ്രത്യേകം അനുമതി ഇല്ലാതെ ഈ രാജ്യങ്ങളിലേക്ക് നേരിട്ടോ മറ്റു രാജ്യങ്ങൾ വഴിയോ യാത്രചെയ്യരുതെന്നാണ് രാജ്യത്തുള്ള സ്വദേശികളോട് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ യാത്രാനുമതിയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും കോവിഡ് സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്നും കോവിഡ് വ്യാപകമായ പ്രദേശങ്ങളിൽ നിന്നും പരമാവധി വിട്ടുനിൽക്കണമെന്നും സ്വദേശികൾക്ക് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.