വിദ്യാഭ്യാസ മേഖലയിൽ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള ധാരണപത്രത്തിൽ സൗദി, ചൈന പ്രതിനിധികൾ ഒപ്പുവെച്ചപ്പോൾ
റിയാദ്: വിദ്യാഭ്യാസ മേഖലയിൽ പങ്കാളിത്തം ശക്തിപ്പെടുത്താൻ സൗദിയും ചൈനയും ധാരണയായി. മികച്ച ചൈനീസ് സർവകലാശാലകളിലെ സൗദി വിദ്യാർഥികൾക്ക് സ്കോളർഷിപ് ഉറപ്പാക്കുകയും സൗദി പൊതുവിദ്യാലയങ്ങളിൽ ഉൾപ്പെടുത്തുന്നതിനായി ചൈനീസ് ഭാഷാ പാഠ്യപദ്ധതി വികസിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇതിനായി വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽബുനിയാന്റെ ചൈന സന്ദർശനത്തിനിടെ ചൈനീസ് സഹമന്ത്രിയുമായി രണ്ട് സഹകരണ കരാറുകളിൽ സൗദി വിദ്യാഭ്യാസ മന്ത്രാലയം ഒപ്പുവെച്ചു.
സൗദിയും ചൈനയും തമ്മിലുള്ള വിദ്യാഭ്യാസ പങ്കാളിത്തം ശക്തിപ്പെടുത്തുക, വിപുലമായ പാഠ്യപദ്ധതിയിൽ വൈദഗ്ധ്യം കൈമാറുക, സ്കോളർഷിപ്പുകൾ, കൂടുതൽ സൗദി വിദ്യാർഥികളെ ചൈനയിലേക്ക് അയക്കുക എന്നിവയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
ഈ അധ്യയന വർഷം മുതൽ പൊതുവിദ്യാലയങ്ങളിൽ ചൈനീസ് ഭാഷാ അധ്യാപനം ഉൾപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സെന്റർ ഫോർ ലാംഗ്വേജസ് ആൻഡ് ഇന്റർനാഷനൽ കോഓപറേഷനുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം സഹകരണ കരാറിൽ ഒപ്പുവെച്ചു.
സൗദിയിലെയും ചൈനീസ് വിദഗ്ധരെയും ഉപയോഗിച്ച് ചൈനീസ് ഭാഷാപാഠ്യപദ്ധതി തയാറാക്കുക, പൊതുവിദ്യാലയങ്ങളിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിനുള്ള സമഗ്രമായ പാഠ്യപദ്ധതി പുറത്തിറക്കുക എന്നിവയാണ് ഈ കരാറിന്റെ ലക്ഷ്യം. ഈ വർഷം മുതലാണ് സൗദിയിലെ സ്കൂളുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കാൻ ആരംഭിച്ചത്.
വിദ്യാഭ്യാസ മന്ത്രി, ചൈനയിലെ സൗദി അംബാസഡർ അബ്ദുറഹ്മാൻ അൽഹർബി, അന്താരാഷ്ട്ര വിദ്യാഭ്യാസ അണ്ടർ സെക്രട്ടറി ഡോ. നാസർ അൽഅഖിലി എന്നിവരും ചൈനയിലെ നിരവധി ഉദ്യോഗസ്ഥരുമാണ് കരാറുകളിലും ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.