സൗദി മന്ത്രിസഭായോഗം
ജിദ്ദ: സ്വീഡനിലും ഡെൻമാർക്കിലും ഇസ്ലാമിക പവിത്രതകൾക്ക് നേരെയുണ്ടായ ആവർത്തിച്ചുള്ള അവഹേളനങ്ങളെ സൗദി മന്ത്രിസഭ അപലപിച്ചു. സൗദി കിരീടാവകാശി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ അന്താരാഷ്ട്രരംഗത്തെ നിലവിലെ സംഭവവികാസങ്ങൾ വിലയിരുത്തിയപ്പോഴാണ് സ്വീഡനിലെയും ഡെൻമാർക്കിലെയും ഇസ്ലാമിക പവിത്രതകൾക്ക് നേരെയുള്ള ആവർത്തിച്ചുള്ള ലംഘനങ്ങളെ ശക്തമായി അപലപിച്ചത്.
എല്ലാ നിയമങ്ങളുടെയും ആചാരങ്ങളുടെയും നഗ്നമായ ലംഘനമാണിത്. സഹിഷ്ണുത, മിതത്വം, വിദ്വേഷം ഇല്ലാതാക്കൽ എന്നീ മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങൾക്ക് നേരിട്ട് വിരുദ്ധവുമാണ്. ഇത്തരം അപമാനകരമായ പ്രവൃത്തികളെ സൗദി അറേബ്യ ഒരിക്കൽ കൂടി ശക്തമായി അപലപിക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുടെ 18ാമത് കൂടിയാലോചന യോഗത്തിന്റെയും മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഗൾഫ് ഉച്ചകോടിയുടെയും ഫലങ്ങളെ മന്ത്രിസഭ പ്രശംസിച്ചു. നിർമിതബുദ്ധി ഗവേഷണങ്ങൾക്കായി ‘ഇൻറർനാഷനൽ സെൻറർ ഫോർ ആർട്ടിഫിഷൽ ഇൻറലിജൻസ് റിസർച്’ എന്ന പേരിൽ ഒരുകേന്ദ്രം റിയാദിൽ സ്ഥാപിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിൽ രാജ്യാന്തരതലത്തിൽ സൗദിയുടെ സജീവപങ്കാളിത്തം കാർബൺ ഉദ്വമനം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് സംഭാവന നൽകിയതായി മന്ത്രിസഭ യോഗത്തിന് ശേഷം നൽകിയ വിശദീകരണത്തിൽ വ്യവസായ, ധാതു വിഭവ മന്ത്രിയും ആക്ടിങ് വാർത്താമന്ത്രിയുമായ ബന്ദർ ബിൻ ഇബ്രാഹിം അൽ ഖുറൈഫ് പറഞ്ഞു.
ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച ഉന്നതതല രാഷ്ട്രീയഫോറത്തിൽ രാജ്യത്തിന്റെ പങ്കാളിത്തത്തെ മന്ത്രിസഭ പരാമർശിച്ചു. ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ നടന്ന വികസനവും അനധികൃത കുടിയേറ്റവും സംബന്ധിച്ച ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഫലങ്ങൾ മന്ത്രിസഭ അവലോകനം ചെയ്തതായും അൽ ഖുറൈഫ് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.