യു.എൻ ഭക്ഷ്യ-കാർഷിക സംഘടന ആഗോള സാങ്കേതിക അവാർഡ് റോമിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി, ജല, കൃഷി മന്ത്രി എഞ്ചിനീയർ അബ്ദുൾറഹ്മാൻ അൽഫദ്‍ലി ഏറ്റുവാങ്ങുന്നു

യു.എൻ ഭക്ഷ്യ-കാർഷിക സംഘടന ആഗോള സാങ്കേതിക അവാർഡ് സൗദിക്ക്

റിയാദ്: ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ്.എ.ഒ) ആഗോള സാങ്കേതിക അംഗീകാര അവാർഡ് സൗദിക്ക് ലഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ കാർഷിക വികസന പദ്ധതിയായ സുസ്ഥിര ഗ്രാമീണ കാർഷിക വികസന പരിപാടി (റീഫ് സൗദി അറേബ്യ) ആണ് ഈ അവാർഡ് നേടികൊടുത്തത്. ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനും കാർഷിക-ഭക്ഷ്യ സംവിധാനങ്ങളെ പരിവർത്തനം ചെയ്യുന്നതിനുമായി മികച്ച രീതികളും നൂതന സംരംഭങ്ങളും നടപ്പിലാക്കുന്നതിലെ മികവിനാണ് ഈ അവാർഡ് ലഭിച്ചത്.

ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ എഫ്.എ.ഒയുടെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ പരിസ്ഥിതി, ജല, കൃഷി മന്ത്രി എഞ്ചിനീയർ അബ്ദുൾറഹ്മാൻ അൽഫദ്‍ലി അവാർഡ് സ്വീകരിച്ചു. ഒക്ടോബർ പത്ത് മുതൽ 17 വരെ നടന്ന വേൾഡ് ഫുഡ് ഫോറത്തിന്റെ അഞ്ചാം പതിപ്പിനോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. പരിസ്ഥിതി, ജല, കാർഷിക മേഖലകളിൽ നിന്നുള്ള നിരവധി സ്ഥാപനങ്ങൾ ഇതിൽ പങ്കെടുത്തു. സുസ്ഥിര വികസനം കൈവരിക്കുന്നതിനായി എഫ്.എ.ഒയും രാജ്യവും തമ്മിലുള്ള സാങ്കേതിക സഹകരണത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് അവാർഡ് സമ്മാനിച്ചത്.

ഗ്രാമീണ കാർഷിക മേഖലയുടെ വികസനത്തിൽ സൗദിയുടെ മുൻനിര ശ്രമങ്ങളെയും മന്ത്രാലയവും സംഘടനയും തമ്മിലുള്ള സൃഷ്ടിപരമായ സഹകരണത്തെയും ഈ അവാർഡ് പ്രതിഫലിപ്പിക്കുന്നുവെന്ന് എഞ്ചിനീയർ അൽഫദ്‌ലി പറഞ്ഞു. പ്രാദേശികമായും, അന്തർദേശീയമായും സുസ്ഥിര കാർഷിക വികസനത്തിന്റെ സൗദിയുടെ മുൻനിര മാതൃക ഉയർത്തിക്കാട്ടുന്നതിനും അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിലെ അതിന്റെ മികവിനെ പ്രതിഫലിപ്പിക്കുന്നതിനും അങ്ങനെ ഭക്ഷ്യസുരക്ഷ, ഗ്രാമവികസനം, പരിസ്ഥിതി സുസ്ഥിരത എന്നീ മേഖലകളിൽ സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും ഈ അവാർഡ് സംഭാവന ചെയ്യുന്നുവെന്ന് അൽഫദ്‍ലി പറഞ്ഞു.

സൗദിയുടെ എല്ലാ പ്രദേശങ്ങളിലുമായി 80,000ത്തിലധികം ഗുണഭോക്താക്കളെ വിജയകരമായി ശാക്തീകരിക്കാൻ സൗദി റീഫ് പ്രോഗ്രാമിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് ബില്യൺ റിയാലിലധികം വരുന്ന എട്ട് മേഖലകളിലെ ഗുണഭോക്താക്കൾക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം നൽകി. ഇത് കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും 70,000-ത്തിലധികം നേരിട്ടുള്ള, പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും 15 ദശലക്ഷത്തിലധികം കാർഷിക തൈകൾ കൃഷി ചെയ്യുന്നതിനും ഏകദേശം 250 ദശലക്ഷം കിലോഗ്രാം കാർഷിക ഉൽപാദനത്തെ പിന്തുണയ്ക്കുന്നതിനും നേരിട്ട് സഹായിച്ചിട്ടുണ്ട്.

Tags:    
News Summary - Saudi Arabia wins UN Food and Agriculture Organization Global Technology Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.