ജിദ്ദ: അടിയന്തര ദുരന്ത നിവാരണ മന്ത്രി റാഇദ് അൽ സാലിഹ് ഉൾപ്പെടെയുള്ള സിറിയൻ മന്ത്രിമാരുമായി സൗദി റോയൽ കോർട്ട് ഉപദേശകനും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ് റിലീഫ്) സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽ റബീഅ ദമസ്കസിൽ കൂടിക്കാഴ്ച നടത്തി. സൗദി അംബാസഡർ ഡോ. ഫൈസൽ ബിൻ സൗദ് അൽ-മുജ്ഫലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ദുർബല വിഭാഗങ്ങളെ പിന്തുണക്കുന്നതിനും സിറിയയിലെ മാനുഷിക പ്രവർത്തനങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിനും സഹകരണം വർധിപ്പിക്കുന്നത് യോഗം ചർച്ച ചെയ്തു. സൗദി ഭരണകൂടത്തിന്റെ മാനുഷിക സംഭാവനകളോടുള്ള നന്ദി സിറിയൻ മന്ത്രിമാർ അറിയിച്ചു. സിറിയൻ നഗരങ്ങളിൽ കെ.എസ് റിലീഫ് നടത്തുന്ന പ്രവർത്തനങ്ങളെ അവർ പ്രശംസിച്ചു.
യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ പുനർനിർമാണത്തിനായി കെ.എസ് റിലീഫ് നിരവധി കരാറുകളിൽ ഒപ്പുവച്ചു. അലപ്പോ, ഇദ്ലിബ്, ഹോംസ് എന്നീ ഗവർണറേറ്റുകളിലെ തകർന്ന സ്കൂളുകൾ പുനരധിവസിപ്പിക്കുന്നതിനായി കെ.എസ് റിലീഫ് സിവിൽ സൊസൈറ്റി ഓർഗനൈസേഷനുമായി സഹകരണ കരാർ ഒപ്പിട്ടു. ഈ കരാർ പ്രകാരം 34 സ്കൂളുകൾ പുനരുദ്ധരിക്കുകയും സജ്ജീകരിക്കുകയും ചെയ്യും. കൂടാതെ 60 ക്ലാസ് മുറികൾ പൂർണമായി സജ്ജീകരിക്കുകയും, 16 വിശ്രമമുറികൾ നിർമിക്കുകയും, സുസ്ഥിരമായ വൈദ്യുതി ഉറപ്പാക്കാൻ 39 സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്യും. ഈ പദ്ധതി 26,197 ആളുകൾക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷിതവും പ്രചോദനാത്മകവുമായ വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കാനും, പഠന സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും, സിറിയയിലെ പ്രാദേശിക സമൂഹങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും കെ.എസ് റിലീഫ് വഴി സൗദി അറേബ്യ നടത്തുന്ന മാനുഷിക പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്.
സിറിയയിലെ അനാഥർക്കും അവരുടെ കുടുംബങ്ങൾക്കും സമഗ്ര പരിചരണം നൽകുന്ന ‘സ്മൈൽ ഓഫ് ഹോപ്പ്’ പദ്ധതി നടപ്പാക്കുന്നതിനായി കെ.എസ് റിലീഫ് സിവിൽ സൊസൈറ്റി ഓർഗനൈസേഷനുമായി സഹകരണ കരാർ ഒപ്പിട്ടു. 900 പേർക്ക് പ്രയോജനം ചെയ്യുന്ന ഈ പദ്ധതിയിലൂടെ സ്പോൺസർഷിപ്പുകൾ നൽകിയും ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിയും വിനോദ പരിപാടികൾ ഒരുക്കിയും അനാഥരെ സഹായിക്കാൻ ലക്ഷ്യമിടുന്നു. ദമസ്കസ്, ഹോംസ്, ഇദ്ലിബ് ഗവർണറേറ്റുകളിലെ അനാഥർക്കും അവരുടെ കുടുംബങ്ങൾക്കും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും നൽകും. കെ.എസ് റിലീഫ് വഴി ലോകമെമ്പാടുമുള്ള അനാഥർക്ക് മാനസികവും സാമൂഹികവുമായ പരിചരണം നൽകുന്ന സൗദി അറേബ്യയുടെ മാനുഷിക പ്രവർത്തനങ്ങളുടെ വിപുലീകരണമാണിത്.
സിറിയൻ അടിയന്തര ദുരന്ത നിവാരണ മന്ത്രാലയത്തിന്റെ ആസ്ഥാനം പുനരുദ്ധരിക്കാനും, പ്രവർത്തന ശേഷി വർധിപ്പിക്കാനും, മാനുഷിക വൈദഗ്ധ്യം കൈമാറ്റം ചെയ്യാനും കെ.എസ് റിലീഫ് ഈ മന്ത്രാലയവുമായി സഹകരണ കരാർ ഒപ്പിട്ടു. ദുർബലമായ രാജ്യങ്ങളിലെ നിർണായക അടിസ്ഥാന സൗകര്യങ്ങൾ പുനരധിവസിപ്പിക്കുന്നതിനുള്ള സൗദി അറേബ്യയുടെ നിരന്തരമായ പ്രതിബദ്ധതയാണ് ഈ സംരംഭം അടിവരയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.