സൗദിയിൽനിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാനങ്ങൾ; കുടുങ്ങിക്കിടക്കുന്നവർക്ക് ആശ്വാസവുമായി എയർ ഇന്ത്യ ഗ്രൂപ്

റിയാദ്​/ന്യൂ ഡൽഹി: പശ്ചിമേഷ്യയിലെ വ്യോമപാത നിയന്ത്രണങ്ങളെത്തുടർന്ന് യാത്ര മുടങ്ങിയവർക്കായി സൗദി അറേബ്യയിൽനിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവിസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. സൗദിയുടെയും ഒമാ​ന്റെയും വ്യോമപാതകൾ തുറന്നുതന്നെ കിടക്കുന്ന സാഹചര്യത്തിൽ, ജിദ്ദയിൽ നിന്നുള്ള സർവിസുകൾ മുടക്കമില്ലാതെ തുടരുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

മാർച്ച് ഏഴ് മുതൽ സൗദി അറേബ്യയിൽനിന്ന് ഇനി പറയുന്ന ഷെഡ്യൂൾ പ്രകാരം വിമാനങ്ങൾ സർവിസ് നടത്തുന്നു

ഡൽഹി - ജിദ്ദ - ഡൽഹി, മുംബൈ - ജിദ്ദ - മുംബൈ എന്നീ റൂട്ടുകളിൽ എയർ ഇന്ത്യയും കോഴിക്കോട് - ജിദ്ദ - കോഴിക്കോട്, മംഗളൂരു-ജിദ്ദ, ജിദ്ദ-ഹൈദരാബാദ് സെക്​ടറുകളിൽ എയർ ഇന്ത്യ എക്​സ്​പ്രസ്​ എന്നിങ്ങനെ സർവിസ്​ നടത്തും.

ജിദ്ദയിലേക്കുള്ള സർവിസുകൾ തുടരുമ്പോഴും, നിലവിലെ സാഹചര്യത്തിൽ റിയാദിൽനിന്ന്​ ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ സർവിസുകളും ദമ്മാമിൽനിന്ന്​ മുംബൈയിലേക്കുള്ള എയർ ഇന്ത്യ സർവിസും, ബംഗളൂരു, ഡൽഹി, കോഴിക്കോട്, കൊച്ചി, മംഗളൂരു, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്​.

ഫെബ്രുവരി 28നും മാർച്ച് എട്ടിനും ഇടയിൽ യാത്ര നിശ്ചയിച്ചിരുന്നവർക്ക് (മാർച്ച് നാലിന് മുമ്പ് ടിക്കറ്റ് എടുത്തവർ) അധിക ചാർജുകളില്ലാതെ ഒരു മാസത്തിനുള്ളിലെ മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് മാറ്റാവുന്നതാണ്. ടിക്കറ്റ് റദ്ദാക്കാനും സൗകര്യവും കമ്പനികൾ നൽകുന്നുണ്ട്.

വിമാനക്കമ്പനികൾ യാത്രക്കാരെ നേരിട്ട് ബന്ധപ്പെടുന്നുണ്ട്. അതിനാൽ എയർലൈൻ വെബ്സൈറ്റിൽ നിങ്ങളുടെ നിലവിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. സഹായത്തിന് www.airindia.com എന്ന ലിങ്കിലും, കസ്റ്റമർ കെയർ: +911169329333, +911169329999, വാട്സ്ആപ് +91 63600 12345 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

Tags:    
News Summary - More flights from Saudi Arabia to India; Air India Group offers relief to stranded passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.