റിയാദ്: പശ്ചിമേഷ്യയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ മേഖലയെ കൂടുതൽ അസ്ഥിരതയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിൽ നിർണായക പ്രസ്താവനയുമായി സൗദി അറേബ്യ. തെറ്റായ കണക്കുകൂട്ടലുകളിൽനിന്നും പ്രകോപനങ്ങളിൽ നിന്നും ഇറാൻ വിട്ടുനിൽക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിലെ പ്രധാന നഗരങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ മന്ത്രിയുടെ ഈ പ്രതികരണം. തെഹ്‌റാൻ യുക്തിയുടെയും വിവേകത്തിന്റെയും ശബ്ദം കേൾക്കുമെന്നാണ് തങ്ങളുടെ പ്രത്യാശ എന്ന് അദ്ദേഹം പറഞ്ഞു. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഒട്ടും ഗുണകരമല്ലാത്ത ഇത്തരം ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കണമെന്നും, കണക്കുകൂട്ടലുകളിൽ പിഴവുകൾ സംഭവിക്കാതെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യയുടെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്കും സൈനിക സ്ഥാപനങ്ങൾക്കും നേരെ ഇറാന്റെ ഭാഗത്തുനിന്ന് വൻതോതിലുള്ള ആക്രമണശ്രമങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡസൻ കണക്കിന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഈ നീക്കം. എന്നാൽ, സൗദിയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയോടെ ഈ വെല്ലുവിളികളെ നേരിട്ടു. യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിക്കാത്ത രീതിയിൽ മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തടയാൻ സൗദി സേനയ്ക്ക് സാധിച്ചു.
മേഖലയിലെ രാജ്യങ്ങളോട് ഇറാൻ തുടർച്ചയായി കാട്ടുന്ന ഈ നഗ്നമായ പെരുമാറ്റം ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ശത്രുതാപരമായ സമീപനമാണെന്ന് സൗദി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും അയൽപക്ക മര്യാദകൾക്കും വിരുദ്ധമായ ഇത്തരം നടപടികൾ മേഖലയെ കൂടുതൽ സംഘർഷഭരിതമായ അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. സമാധാനപരമായ സഹവർത്തിത്വത്തിന് ഇറാൻ തയാറാകണമെന്ന സന്ദേശമാണ് ഈ പ്രസ്താവനയിലൂടെ റിയാദ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.