റിയാദ്: അന്താരാഷ്ട്ര സംഗീത മത്സരമായ ഇന്റർവിഷന്റെ രണ്ടാം പതിപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി ഒരുങ്ങുന്നു. ഇതിനായുള്ള ബിഡിൽ സൗദി വിജയിച്ചു. ഇത് കലാപരമായ വൈവിധ്യത്തെ ആഘോഷിക്കുന്ന, സംഗീതത്തിലൂടെ സാംസ്കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കുന്ന, ലോകജനതയെ കലയുടെ ഒരു കുടക്കീഴിൽ ഒരുമിച്ച് കൊണ്ടുവരുന്ന, അന്താരാഷ്ട്ര പശ്ചാത്തലത്തിൽ ആലാപനവും സർഗ്ഗാത്മക കഴിവുകളും പ്രദർശിപ്പിക്കുന്ന ഒരു ആഗോള വേദിയായിരിക്കും. മോസ്കോയിൽ അടുത്തിടെയാണ് മത്സരത്തിന്റെ ആദ്യ പതിപ്പ് നടന്നത്. ഇതിൽ സൗദിയെ പ്രതിനിധീകരിച്ച് മ്യൂസിക് കമ്മീഷൻ പങ്കെടുത്തിരുന്നു. ആഗോള സംഗീത രംഗത്ത് സൗദിയുടെ സജീവ സാന്നിധ്യം സ്ഥിരീകരിക്കുന്നതാണ് ഈ നടപടി.
സർഗ്ഗാത്മക വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനും കലയ്ക്കും സംസ്കാരത്തിനുമുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന വിഷൻ 2030 ന്റെ ചട്ടക്കൂടിനുള്ളിലാണ് ഈ ആഗോള പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നതെന്ന് സൗദി മ്യൂസിക് കമ്മീഷൻ പറഞ്ഞു. 2026ലെ പതിപ്പിൽ രാജ്യങ്ങളിൽ നിന്നുള്ള റെക്കോർഡ് പങ്കാളിത്തം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സാംസ്കാരിക വൈവിധ്യവും കലാപരമായ സർഗ്ഗാത്മകതയും ഉയർത്തിക്കാട്ടുന്ന നൂതന സംഗീത പ്രകടനങ്ങൾ ആഗോള കലാപരിപാടികളുടെ ഭൂപടത്തിൽ സൗദിയുടെ സാന്നിധ്യം വർധിപ്പിക്കും.
കലയിലൂടെ അന്താരാഷ്ട്ര സാംസ്കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള പാട്ടും സംഗീത പ്രതിഭയും പ്രദർശിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ആഗോളതലത്തിൽ തത്സമയ കലാപ്രകടനങ്ങൾ അവതരിപ്പിക്കുന്നതിനായി നിരവധി രാജ്യങ്ങളെ വർഷം തോറും ഒരുമിച്ച് കൊണ്ടുവരുന്നതാണ് ഇന്റർവിഷൻ ഇന്റർനാഷനൽ മ്യൂസിക് മത്സരം. ഇത് സംഗീത വൈവിധ്യം ആഘോഷിക്കുന്നതിനും ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുമുള്ള ഒരു മുൻനിര വേദിയാക്കി സൗദിയെ മാറ്റുമെന്നും കമ്മീഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.