ഏഷ്യൻ റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് സൗദി ആതിഥേയത്വം വഹിക്കും

റിയാദ്: 40 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 2026ൽ നടക്കുന്ന ഏഷ്യൻ റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് സൗദി ആതിഥേയത്വം വഹിക്കുമെന്ന് സൗദി സൈക്ലിങ് ഫെഡറേഷൻ വ്യക്തമാക്കി. സൗദിയുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് സൈക്ലിങ് മത്സരം രാജ്യത്ത് നടക്കുന്നത്. സൗദി കായികരംഗം അന്തർദേശീയ തലങ്ങളിൽ നേടിക്കൊണ്ടിരിക്കുന്ന വിജയങ്ങളുടെ പരമ്പരയുടെ ഭാഗമാണിത്.

2026 ഫെബ്രുവരി രണ്ട് മുതൽ 13 വരെ ഖസിം മേഖലയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഏകദേശം 40 ഏഷ്യൻ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 1500ലധികം പുരുഷ, വനിതാ അത്‌ലറ്റുകൾ പങ്കെടുക്കും. ഉയർന്ന അന്താരാഷ്ട്ര സാങ്കേതിക സവിശേഷതകൾ പാലിച്ചുകൊണ്ട് സജ്ജീകരിച്ച റോഡുകളിൽ പുരുഷ, യുവ, വനിതാ, പാരാലിമ്പിക് വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന 24 മത്സരങ്ങൾ മത്സരത്തിൽ ഉൾപ്പെടുമെന്നും സൗദി സൈക്ലിങ് ഫെഡറേഷൻ പറഞ്ഞു.

ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം സൗദി സൈക്ലിങ് ഫെഡറേഷൻ നേടിയത് കായിക മേഖലയ്ക്ക് ഭരണകൂടം നൽകുന്ന വലിയ പിന്തുണയ്ക്ക് പുറമേ സൗദിയുടെ സന്നദ്ധതയിലും അതിന്റെ വിപുലമായ അടിസ്ഥാന സൗകര്യങ്ങളിലും ഏഷ്യൻ ഫെഡറേഷന്റെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് സൗദി സൈക്ലിങ് ഫെഡറേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് ബിൻ അലി അൽശഹ്റാനി പറഞ്ഞു.

കായികരംഗത്തിന്റെ ഭാവിയും ഭൂഖണ്ഡത്തിലെ അതിന്റെ പരിപാടികളുടെ വികസനവും ചർച്ച ചെയ്യുന്നതിനായി അന്താരാഷ്ട്ര സൈക്ലിങ് ഫെഡറേഷൻ പ്രസിഡന്റ് പങ്കെടുക്കുന്ന ഏഷ്യൻ സൈക്ലിങ് കോൺഗ്രസിനും ഈ പരിപാടി ആതിഥേയത്വം വഹിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാന കായിക മത്സരങ്ങൾക്കുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ഏകീകരിക്കാനും അന്താരാഷ്ട്ര മത്സര ഭൂപടത്തിൽ അതിന്റെ സാന്നിധ്യം വർധിപ്പിക്കാനും ശ്രമിക്കുന്ന സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങളിൽ ഈ ആതി​ഥേയത്വം ഒരു സുപ്രധാന നാഴികക്കല്ലാണെന്നും അൽശഹ്റാനി പറഞ്ഞു.

Tags:    
News Summary - Saudi Arabia to host Asian Road Cycling Championships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.