എണ്ണ ഉൽപാദനം വെട്ടിക്കുറച്ചത് സൗദി അറേബ്യ മൂന്ന് മാസത്തേക്ക് കൂടി നീട്ടും

ദമ്മാം: സൗദി അറേബ്യ എണ്ണ ഉൽപാദനം പ്രതിദിനം 10 ലക്ഷം ബാരൽ എന്ന നിലയിൽ വെട്ടിക്കുറച്ചത് മൂന്ന് മാസത്തേക്ക് കൂടി നീട്ടുമെന്ന് ഊർജ മന്ത്രാലയം. ജൂലൈയിൽ പ്രഖ്യാപിച്ച വെട്ടിക്കുറക്കൽ ആഗസ്റ്റിലേക്കും പിന്നീട് സെപ്റ്റംബറിലേക്കും നീട്ടുകയായിരുന്നു. എന്നാൽ വീണ്ടും മൂന്നുമാസത്തേക്ക് കൂടി നീട്ടാനാണ് പുതിയ തീരുമാനം.

ഇതുപ്രകാരം എണ്ണ ഉൽപാദനക്കുറവ് ഡിസംബർ വരെ നീളും. അടുത്ത മൂന്നുമാസങ്ങളിലും രാജ്യത്തെ എണ്ണ ഉൽപാദനം പ്രതിദിനം ഏകദേശം 90 ലക്ഷം ബാരൽ ആയിരിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രഖ്യാപിച്ചിട്ടുള്ള വെട്ടിക്കുറക്കൽ തീരുമാനം പ്രതിമാസ അവലോകനങ്ങൾക്ക് വിധേയമാക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ഉൽപാദനം വർധിപ്പിക്കുകയോ, വെട്ടിക്കുറക്കലിന്‍റെ അളവ് കൂട്ടുകയോ ചെയ്തേക്കാം എന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

സാധാരണയുള്ള എണ്ണ ഉൽപാദനത്തിൽ കഴിഞ്ഞ ഏപ്രിലിൽ രാജ്യം കുറവ് വരുത്തിയിരുന്നു. പുറമേയാണ് മൂന്ന് മാസമായി പ്രത്യേക വെട്ടിക്കുറക്കൽ തുടരുന്നത്. അടുത്ത വർഷാവസാനം വരെ നിലവിലെ സാഹചര്യം തുടരാനാണ് സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു. എണ്ണ വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഒപെക് രാജ്യങ്ങളുടെ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഈ അധിക വെട്ടിക്കുറക്കൽ.

ആഗോള എണ്ണ വിപണിയുടെ സ്ഥിരതയും സന്തുലിതാവസ്ഥയും പിന്തുണക്കുകയാണ് ഈ നടപടികൾകൊണ്ട് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്നും അധികൃതർ വിശദീകരിച്ചു.

Tags:    
News Summary - Saudi Arabia to extend oil production cuts for another three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.